എടയൂർ കുളത്തിലെ പായൽ ഇല്ലാതാക്കാൻ ഇനി ഗ്രാസ് കാർപ് മീനുകൾ
text_fieldsപായൽ ഇല്ലാതാക്കാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒടുങ്ങാട്ടുകുളത്തിൽ ഗ്രാസ് കാർപ് മത്സ്യക്കുഞ്ഞുങ്ങളെനിക്ഷേപിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹസീന
ഇബ്രാഹിം സമീപം
എടയൂർ: ഒടുങ്ങാട്ടു കുളത്തിലെ പായൽ ഇല്ലാതാക്കാൻ ഗ്രാസ് കാർപ് മീനുകളെ നിക്ഷേപിച്ച് പരീക്ഷണം. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പായൽ ഭക്ഷ്യയോഗ്യമാക്കുന്ന സസ്യഭുക്കായ ഗ്രാസ് കാർപ് മീനുകളെ കുളത്തിൽ നിക്ഷേപിച്ചത്.
എടയൂർ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേക്കറോളം വരുന്ന ഒടുങ്ങാട്ടുകുളത്തിൽ രണ്ട് വർഷം മുമ്പാണ് പായൽ വളർന്നു തുടങ്ങിയത്. വിദൂര ദിക്കുകളിൽ നിന്നടക്കം ഒട്ടനവധി പേർ നീന്താനും കുളിക്കാനുമായി ഈ കുളത്തിൽ എത്താറുണ്ട്. കഴിഞ്ഞ വർഷം ഗ്രാമ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പായലും ചളിയും നീക്കിയെങ്കിലും കാലവർഷം ആരംഭിച്ചതോടെ പായൽ വളർന്ന് കുളം നീന്തൽ പ്രേമികൾക്ക് അന്യമായി.
ഈ വേനലിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ അഞ്ച് ദിവസമെടുത്ത് ചളിയും പായലുകളും നീക്കം ചെയ്തിരുന്നു. പായലുകൾ വളരുന്നത് തടയാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നീറ്റുകക്ക വിതറുകയും ചെയ്തു. എന്നാൽ, കാലവർഷത്തിൽ പായൽ വീണ്ടും വളരാൻ ആരംഭിച്ചു. ശരാശരി ഒരു ഗ്രാസ് കാർപ് മത്സ്യം അവയുടെ ആകെ ശരീരഭാരത്തിന്റെ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ പായൽ ഭക്ഷണമാക്കും. ഇവ സസ്യഭുക്കായതിനാൽ മറ്റ് മത്സ്യങ്ങളെ ഭക്ഷിക്കുകയുമില്ല.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ഒടുങ്ങാട്ടുകുളം ശുചീകരണ ജനകീയ കൂട്ടായ്മ പ്രവർത്തകർ ജനകീയ ഉത്സവമാക്കി.
അടിയന്തര ഘട്ടങ്ങളിൽ രക്ഷപ്രവർത്തനത്തിനും, സ്ഥിരമായി കുളം ശുചീകരണത്തിനുമായി ഫൈബർ ബോട്ട് ഉൾപ്പെടെ ഇറക്കാനും പദ്ധതിയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർശുചീകരണ ഭാഗമായി ഞായറാഴ്ചകളിൽ രാവിലെ ഏഴ് മുതൽ എട്ടുവരെ കുളത്തിന്റെ പരിസരത്ത് ഒത്തുകൂടി ക്ലീനിങ്, ചർച്ച വേദി, വ്യായാമം എന്നിവ സംഘടിപ്പിക്കും. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, ഒടുങ്ങാട്ടുകുളം ശുചീകരണ ജനകീയ കൂട്ടായ്മ ചെയർമാൻ ഹനീഫ മൂതിക്കൽ എന്നിവർ ചേർന്ന് മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

