റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ മലപ്പുറം വികസന സമിതി യോഗത്തിൽ പ്രമേയം
text_fieldsമലപ്പുറം: കലക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേർന്ന ജില്ല വികസന സമിതി യോഗത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. പാലക്കാട് ഡിവിഷനില്‍നിന്ന് മംഗളൂരു-ഉള്ളാള്‍ മേഖലകളെ വേര്‍പെടുത്തി മൈസൂരു ഡിവിഷനോടൊപ്പം കൂട്ടിച്ചേര്‍ക്കാനുള്ള റെയില്‍വേ തീരുമാനം മലബാറിന്റെ റെയില്‍വേ വികസനത്തിന് കനത്ത പ്രഹരമാണെന്നും ഇത് ലക്ഷക്കണക്കിന് യാത്രക്കാരില്‍ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പാലക്കാട് ഡിവിഷന്റെ നിലനിൽപും വികസനവും തകര്‍ക്കുന്നതും മലബാറിന്റെ യാത്രാവകാശങ്ങളെ ഹനിക്കുന്നതുമായ നടപടിയില്‍നിന്ന് റെയില്‍വേ ബോര്‍ഡും കേന്ദ്ര സര്‍ക്കാറും അടിയന്തരമായി പിന്തിരിയണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ പ്രതിനിധി ഗഫൂര്‍ കുറുമാടനാണ് പ്രമേയം അവതരിപ്പിച്ചത്.
രാഷ്ട്രീയ സംഘര്‍ഷമുണ്ടായ ഉണ്യാല്‍ ബീച്ചില്‍ മാതൃകാപരമായ സമാധാനപാലനം നടത്തിയ പൊലീസ് സേനാംഗങ്ങളെ പി.കെ. നവാസ് എം.എല്‍.എ അഭിനന്ദിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ അനധികൃത സ്തൂപങ്ങള്‍, ഷെഡുകള്‍, ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍, കൊടിതോരണങ്ങള്‍ എന്നിവ എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ തിരൂര്‍ സബ്കലക്ടറോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ കക്ഷികളുടെ സംയുക്ത യോഗത്തില്‍ ഇവ നീക്കം ചെയ്യാനാവശ്യപ്പെട്ടിട്ടുണ്ടെന്നും ഞായറാഴ്ചയോടെ നീക്കം ചെയ്യാത്തവ റവന്യൂ ഭരണകൂടം സ്വമേധയ നീക്കം ചെയ്യുമെന്നും സബ്കലക്ടര്‍ അറിയിച്ചു.
ദീര്‍ഘദൂര ബസുകള്‍ ദേശീയപാത സര്‍വിസ് റോഡില്‍ കയറാത്തതുമൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി.എം.എ. സമീര്‍ എന്നിവര്‍ ആര്‍.ടി.ഒയോട് നിര്‍ദേശിച്ചു. ജില്ലയില്‍ എച്ച്1എന്‍1, എലിപ്പനി, ഡെങ്കിപ്പനി എന്നിവ പടരുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എയാണ് വിഷയമുന്നയിച്ചത്.
മഞ്ചേരി-ഒലിപ്പുഴ റോഡിന്റെ സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും മതിയായ ജീവനക്കാര്‍ ഇല്ലെങ്കില്‍ നയമനം നടത്തണമെന്നും അഡ്വ. എം. റഹ്‌മത്തുല്ല എം.എല്‍.എ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എടത്തനാട്ടുകര-ഓലപ്പാറ-മേലാറ്റൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇപ്പോള്‍ എടത്തനാട്ടുകര വരെ മാത്രമേ സര്‍വിസ് ഉള്ളൂവെന്നും മേലാറ്റൂര്‍ വരെ സര്‍വിസ് നീട്ടുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി.
ജില്ലയില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗത്തിന് കൃത്യമായ പദ്ധതി തയാറാക്കണമെന്ന് പി.എം.എ. സമീര്‍ എം.എല്‍.എ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറോട് ആവശ്യപ്പെട്ടു.
മൂന്നു മാസത്തിനിടെ പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചായത്ത് സെക്രട്ടറിമാരെ ചടങ്ങില്‍ ആദരിച്ചു. എടയൂര്‍ ഗ്രാമപഞ്ചായത്തിലെ എ.എം. നാരായണന്‍, മമ്പാട് പഞ്ചായത്തിലെ പി. അവിസന്ന, പോത്തുകല്ല് പഞ്ചായത്തിലെ കൃഷ്ണകുമാരി എന്നിവരാണ് ആദരമേറ്റുവാങ്ങിയത്. മികച്ച പ്രവര്‍ത്തനവും സേവന മനോഭാവവും പ്രകടിപ്പിച്ച വില്ലേജ് ഓഫിസര്‍മാരെയും യോഗത്തില്‍ ആദരിച്ചു.
കെ.വി. മധു (പൊന്നാനി നഗരം), മിനി ശ്യാമളന്‍ (തലക്കാട്), പി.വി. ഷാജി (പറപ്പൂര്‍), സുജ ജേക്കബ് (ആലിപ്പറമ്പ്), മുഹമ്മദ് പൂവക്കാടന്‍ (പാണക്കാട്), പ്രീതി (കരുളായി), ഉണ്ണികൃഷ്ണന്‍ (മുതുവല്ലൂര്‍) എന്നിവരെയാണ് ആദരിച്ചത്.
യോഗത്തില്‍ എം.എല്‍.എമാരായ പി.കെ. നവാസ്, ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എം. റഹ്‌മത്തുല്ല, പി.എം.എ. സമീര്‍ എന്നിവരും മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ പ്രതിനിധികളും എ.ഡി.എം പി.ഒ. സാദിഖ്, തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര, പ്ലാനിങ് ഓഫിസര്‍ ടി.വി. ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

