കുഴിമണ്ണയില് കാറ്ററിങ് യൂനിറ്റ് ഗോഡൗണില്‍ വന്‍ അഗ്നിബാധ
text_fieldsകുഴിമണ്ണ സെക്കന്‍ഡ് സൗത്തില്‍ കാറ്ററിങ് യൂനിറ്റിലെ
ഗോഡൗണിലുണ്ടായ അഗ്നിബാധ
കിഴിശ്ശേരി: കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ സെക്കന്റ് സൗത്തില്‍ സ്വകാര്യ കാറ്ററിങ് യൂനിറ്റ് ഗോഡൗണില്‍ വന്‍ അഗ്നിബാധ. തീപിടിത്തത്തില്‍ കേന്ദ്രം പൂര്‍ണമായി കത്തിനശിച്ചു. മേല്‍ക്കൂരയില്‍ തീപടരുന്നത് കണ്ട് തൊഴിലാളികള്‍ പുറത്തേക്കോടിയതിനാല്‍ ആര്‍ക്കും പരിക്കില്ല. പന്തല്‍ സാമഗ്രികള്‍, കസേരകള്‍, പാത്രങ്ങള്‍, കര്‍ട്ടണുകള്‍ തുടങ്ങി വിവിധ സാധനങ്ങളില്‍ തീ പടര്‍ന്നതോടെ കേന്ദ്രം പൂര്‍ണമായും കത്തിയമര്‍ന്നു. സമീപത്തെ ഒരു വീട്ടിലേക്കും തീ പടര്‍ന്ന് ഭാഗികമായി നാശമുണ്ടായി. മൂന്ന് കോടിയില്‍പരം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തുന്നത്. നാല് മണിക്കൂര്‍ നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായെത്തിയ 11 അഗ്നി - രക്ഷ യൂനിറ്റുകളും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ‘വജ്ര’ ഫയര്‍ യൂനിറ്റുമെത്തിയാണ് തീയണച്ചത്.
ഞായറാഴ്ച ഉച്ചക്ക് 2.15നാണ് അഗ്നിബാധയുണ്ടായത്. പി.എസ്. സഫീറിന്റെ ഉടമസ്ഥതയിലുള്ള പി.എസ് കാറ്ററിങ് യൂനിറ്റിന്റെ ഷീറ്റിട്ടു മേഞ്ഞ ഗോഡൗണിന്റെ മേല്‍ക്കൂരയിലാണ് തീ പടര്‍ന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം, മഞ്ചേരി അഗ്നി - രക്ഷ നിലയങ്ങളില്‍ നിന്നുള്ള സേന യൂനിറ്റുകള്‍ സ്ഥലത്തെത്തി രക്ഷ പ്രവര്‍ത്തനം ആരംഭിച്ചു. സമീപ വീടുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ആദ്യമെത്തിയ അഗ്നിരക്ഷ യൂനിറ്റുകള്‍ നടത്തിയത്. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഉടമയുട സഹോദരന് ഷഫീഖിന്റെ വീട്ടിലേക്ക് തീ പടർന്നു. വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
കേന്ദ്രത്തില്‍ പൂര്‍ണ്ണമായും തീ പടര്‍ന്നതോടെ പെരിന്തല്‍മണ്ണ, തിരുവാലി, നിലമ്പൂര്‍, താനൂര്‍, കോഴിക്കോട് ജില്ലയിലെ മുക്കം, മീഞ്ചന്ത എന്നിവിടങ്ങലില്‍ നിന്നും ജില്ല കലക്ടര്‍ ഇടപെട്ട് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ ഫയര്‍ യൂനിറ്റുകള്‍ എത്തി. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്.
ഫയര്‍ സ്റ്റേഷന് ഓഫീസര്‍മാരായ ഇ.കെ. അബ്ദുല്‍ സലീം, എം. അബ്ദുല്‍ ഗഫൂര്‍, അസിസ്റ്റന്റ് ഓഫീസര്‍ യൂസഫലി എന്നിവരുടെ നേതൃത്വത്തില്‍ 50ലധികം അഗ്നിരക്ഷ സേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പൊലീസും സ്ഥലത്തെത്തിയിരുന്നു. സിവില്‍ ഡിഫന്‍സ്, അപത മിത്ര, ട്രോമ കെയര്‍ തുടങ്ങി സന്നദ്ധ സംഘങ്ങളും നാട്ടുകാരും രക്ഷ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകട കാരണം വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

