വിശ്വദീപ്തി മള്ട്ടിസ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് കേസിലെ മുഖ്യപ്രതി കരിപ്പൂരിൽ അറസ്റ്റിൽ
text_fieldsസജീഷ് കുമാർ
ഇരിങ്ങാലക്കുട: വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോഓപറേറ്റിവ് സൊസൈറ്റി തട്ടിപ്പിലെ മുഖ്യപ്രതിയും മുൻ ചെയർമാനുമായ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടിൽ സജീഷ് കുമാറിനെ (45) അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.
ഇരിങ്ങാലക്കുട ചന്തക്കുന്നിൽ പ്രവർത്തിച്ചിരുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോഓപറേറ്റിവ് സൊസൈറ്റി ഇരിങ്ങാലക്കുട ബ്രാഞ്ച് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽനിന്നായി കോടികൾ ഫിക്സഡ് ഡെപ്പോസിറ്റ് ആയി സ്വീകരിച്ച ശേഷം പലിശയും നിക്ഷേപിച്ച പണവും തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. തൃശൂർ ജില്ലയിൽ പല സ്ഥലങ്ങളിലും ഫാമുകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കി നിക്ഷേപകർക്ക് ലാഭവിഹിതം കൊടുക്കും എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി എന്നപേരിൽ കേന്ദ്രസർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രവർത്തനം. മുൻ ചെയർമാൻ സജീഷ് കുമാറിനും മറ്റു പ്രതികൾക്കും എതിരെ നൂറിലധികം പേരുടെ പരാതിയിൽ കോടികൾ തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ മാത്രം 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സജീഷ് കുമാർ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ 15ഉം, കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ആറും, തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ 11ഉം ഉൾപ്പടെ ആകെ 32 തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. സ്ഥാപനത്തിന്റെ മാനേജറായിരുന്ന മുട്ടിത്തടി സ്വദേശിനിയായ അറക്കൽ വീട്ടിൽ ജീവലതയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ പ്രസന്നകുമാർ, മുഹമ്മദ് റാഷി, എ.എസ്.ഐ ഷാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് എന്നിവരാണ് സജീഷ് കുമാറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

