മദീന അപകടം; തേങ്ങലടങ്ങാതെ ഇവർ മൂന്നുപേർ
text_fieldsഅബ്ദുൽ ജലീലും ഭാര്യയും മക്കളും (ഫയൽ ചിത്രം)
മങ്കട: മാതാപിതാക്കളെയും വല്യുമ്മയെയും സഹോദരനെയും നഷ്ടമായ സങ്കടത്തിൽ തേങ്ങലുമായി ഇവർ മൂന്ന് പേർ. ഗുരുതരാവസ്ഥയിൽ ആശുപത്രിക്കിടക്കയിൽ കഴിയുന്ന മൂന്ന് സഹോദരങ്ങളെക്കൂടി ഓർക്കുമ്പോൾ ഇവരുടെ വേദന ഇരട്ടിക്കുന്നു. ശനിയാഴ്ച മദീനയിലെ വാഹനാപകടത്തിൽ മരിച്ച തിരൂർക്കാട് തോണിക്കര നടുവത്ത് കളത്തിൽ അബ്ദുൽ ജലീലിന്റെ ഏഴ് മക്കളിൽ നാട്ടിലുണ്ടായിരുന്ന ഹന, അദ്നാൻ, അൽ അമീൻ എന്നിവർക്ക് ഇനി ഓർക്കാൻ വേദനകളേറെ.
അബ്ദുൽ ജലീലിന്റെ ഭാര്യ തസ്ന അരിപ്രയിലെ പരേതനായ തോടേങ്ങൽ അബുഹാജി- റുഖിയ ദമ്പതികളുടെ മകളാണ്. നജീബാണ് തസ് നയുടെ സഹോദരൻ. മൂത്ത മകൾ ഹന കോഴിക്കോട് ലോജിസ്റ്റിക്സിനും രണ്ടാമത്തെ മകൻ അദ്നാൻ എറണാകുളത്ത് എ.സി.സി.എ കോഴ്സിനും മൂന്നാമത്തെ മകൻ അൽ അമീൻ മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിൽ പ്ലസ്ടുവിനും പഠിക്കുന്നു. വല്യുമ്മ മൈമൂനത്തിനോടൊപ്പമാണ് ഇവർ തിരൂർക്കാട്ടെ വീട്ടിൽ താമസിച്ചിരുന്നത്.
ജലീലിന് രണ്ട് സഹോദരിമാരാണുള്ളത്. ആറ് വർഷം മുമ്പാണ് പിതാവ് ഇസ്മായിൽ മരിച്ചത്. ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ പ്രാരബ്ധങ്ങൾ ചുമലിലേറ്റിയാണ് ജലീൽ ഗൾഫിലെത്തിയത്. അതിനിടെയാണ് തിരൂർക്കാട്ട് പുതിയ വീട് വാങ്ങിയത്.
ഖബറടക്കം: നിയമനടപടികൾ പൂർത്തിയാകുന്നു
മദീന: വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മദീനയിൽ ഖബറടക്കും. ഇതിനായുള്ള നിയമനടപടികൾ പൂർത്തിയാകുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. മദീനയിൽനിന്ന് 150 കിലോമീറ്റർ അകലെ ഹംന, വാദി ഫറഅ ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കാനുള്ള ശ്രമത്തിലാണെന്ന് മദീനയിലെ കെ.എം.സി.സി നേതാവ് ഷഫീഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

