വികസനത്തിന് വേണ്ടത് കൂട്ടായ ശ്രമം
text_fields‘ജനകീയ മുന്നേറ്റമാണ് മുന്നിലെ വഴി’
പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും ഗതാഗതക്കുരുക്കിന് പരിഹാരം ഓരാടംപാലം-മാനത്തുമംഗലം ബൈപാസാണ്. സാങ്കേതിക തികവ് പരിശോധിച്ചാണ് 2010ൽ പദ്ധതി നിർദേശിക്കപ്പെടുന്നത്. ടൗണിലേക്ക് വരേണ്ടതില്ലാത്ത ചരക്ക് വാഹനങ്ങൾ തിരിഞ്ഞ് പോവാൻ കഴിഞ്ഞാൽ ഗതാഗതക്കുരുക്കും തിരക്കും കുറയുമെന്നാണ് കണ്ടെത്തിയത്. ട്രഷറിയിൽ ഡെപ്പോസിറ്റ് വർധിച്ചാൽ ആനുപാതികമായ തുക ഇവിടത്തെ വികസനത്തിന് അനുവദിക്കാമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് നൽകിയ ഉറപ്പിൽ എട്ടുകോടി രൂപയോളം ഡെപ്പോസിറ്റ് ചെയ്യാൻ പെരിന്തൽമണ്ണക്കാർ അന്ന് തയാറായി.
ഉദ്യോഗസ്ഥരും വ്യാപാരികളും പൊതുജനങ്ങളും ഇത് പിന്തുണ നൽകി. അതിനെ തുടർന്നാണ് പ്രത്യേക മുൻഗണന നൽകി ബൈപാസ് പദ്ധതിക്ക് 2010ൽ പത്തുകോടി രൂപ സർക്കാർ അനുവദിക്കുന്നത്. ഇപ്പോൾ കേരളത്തിന് അന്നത്തേക്കാൾ വലിയ സാമ്പത്തിക പ്രതിസന്ധി വന്നിട്ടുണ്ട്. അത്തരം സാഹചര്യത്തിൽ ജനകീയമായ മുന്നേറ്റമേ മുന്നിൽ വഴിയുള്ളൂ. നിലവിലെ ജനപ്രതിനിധികൾ ഇക്കാര്യങ്ങളിൽ വേണ്ടത്ര മുൻകൈ എടുത്തിട്ടില്ല.
വി. ശശികുമാർ, മുൻ എം.എൽ.എ
വികസനശ്രമങ്ങൾക്ക് തുടർച്ച വേണം’
പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും യാത്രസൗകര്യങ്ങൾ വിപുലപ്പെടുത്താനും അനിവാര്യമായി നടക്കേണ്ടതായിരുന്നു 2010 ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ പ്രാരംഭ ഘട്ടത്തിലെത്തിച്ച ഓരാടംപാലം-മാനത്തുമംഗലം ബൈപാസ്. അന്നത്തെ പെരിന്തൽമണ്ണ എം.എൽ.എ ആയിരുന്ന വി. ശശികുമാറിന്റെ നേതൃത്വത്തിൽ അതിനായി ഊർജിതശ്രമം നടന്നു. മാനത്തുമംഗലം പൊന്ന്യാകുർശ്ശി ബൈപാസ് അടക്കം പദ്ധതികൾ ആ ഘട്ടത്തിൽ വന്നതാണ്. അതിന്റെ തുടർച്ചയായിരുന്നു ഓരാടംപാലം ബൈപാസ്. പദ്ധതി സർക്കാർ അംഗീകരിച്ച് 10 കോടി രൂപയും അനുവദിച്ചു.
എന്നാൽ, തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ പദ്ധതിയോട് താൽപര്യമെടുത്തില്ലെന്ന് മാത്രമല്ല, സാങ്കേതിക പരിമിതികളുള്ള റെയിൽവേ മേൽപാലത്തിന് പ്രാമുഖ്യം നൽകി നിർമിക്കുകയും ചെയ്തു. വീതികുറവുള്ള മേൽപാലംകൊണ്ട് ഗതാഗതക്കുരുക്ക് മാറിയിട്ടില്ല. ഇനിയെങ്കിലും ബൈപാസ് യാഥാർഥ്യമാക്കുകയാണ് വേണ്ടത്. നിർദിഷ്ട ബൈപാസ് യാഥാർഥ്യമാക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയസംഘടനകളും പൊതുജനങ്ങളും യോജിക്കണം.
ഇ. രാജേഷ്, (സി.പി.എം പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി)
‘ടൗൺ വികസനത്തിന് വ്യാപാരികൾ സർവ പിന്തുണയും നൽകും’
ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാവാൻ വ്യാപാരി സംഘടന വലിയ പിന്തുണ നൽകിയിട്ടുണ്ട്. ട്രഷറിയിൽ നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി വികസനത്തിന് അനുവദിക്കാമെന്ന അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ് മുഖവിലക്കെടുത്ത് സംഘടന സ്വാഗതം ചെയ്തു. 25 ലക്ഷം രൂപ വ്യാപാരികൾ ട്രഷറി നിക്ഷേപം നടത്തി. രണ്ടുവർഷം ആ നിക്ഷേപം ട്രഷറിയിൽ കിടന്നു. അതിനിടക്കാണ് മിനി മേൽപാലം പദ്ധതി വരുന്നത്.
ആദ്യം മേൽപാലം വരട്ടെ, പിന്നീട് ബൈപാസ് എന്ന നിലപാടായിരുന്നു സംഘടനക്ക്. 17 തവണ റെയിൽവേ ഗേറ്റ് അടക്കുന്നതിന് പരിഹാരമുണ്ടായത് ചെറിയ കാര്യമല്ല. മേൽപാലം ചെറുതായി കാണേണ്ടതുമില്ല. മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും പൊതുപ്രവർത്തകരെയും ഉൾക്കൊള്ളിച്ച് സർവേ നടത്തി ടൗൺ വികസനം വ്യാപാരി സംഘടന അജണ്ടയായി കാണുന്നുണ്ട്.
പി.ടി.എസ്. മൂസു (പ്രസിഡന്റ്, പെരിന്തൽമണ്ണ മർച്ചന്റ് അസോ)
‘നഗര വളർച്ചയോടൊപ്പം റിങ്റോഡുകൾ വരേണ്ടതായിരുന്നു’
പെരിന്തൽമണ്ണ നഗരത്തിന്റെ വളർച്ചയോടൊപ്പം അനിവാര്യമായി വരേണ്ടിയിരുന്നു റിങ് റോഡുകൾ. മിക്ക ടൗണുകളിലും ഇത്തരം പദ്ധതികൾ വന്നെങ്കിലും പെരിന്തൽമണ്ണയിൽ ഇത് നടന്നില്ല. ബൈപാസുകളുടെയും ചെറിയ ഇടറോഡുകളുടെയും വിപുലീകരണവും ഇത്തരത്തിൽ വേണ്ട രൂപത്തിൽ നടന്നിട്ടില്ല. നിർദിഷ്ട ബൈപാസുകൾക്ക് അനന്തമായ കാത്തിരിപ്പാണ് വന്നത്. വികസന പദ്ധതികൾക്ക് ഇത്ര കാലവിളംബം പാടില്ലായിരുന്നു. റെയിൽവേ മേൽപാലം വരുന്നതിന് മുമ്പുള്ള സ്ഥിതിയിൽനിന്ന് മേൽപാലം വന്ന ശേഷവും മാറ്റം വന്നിട്ടില്ല. ഗേറ്റടക്കുമ്പോൾ ഒരേസമയം 20 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വന്ന കുരുക്ക് പലപ്പോഴായി ഇപ്പോഴും തുടരുന്നുണ്ട്. ഇതിന് പരിഹാരം ഇനി റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. അൽപാക്കുളത്തിന്റെ ഒരു ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ബസ് വേ നിർമിക്കുന്ന നിർദേശം താലൂക്ക് സഭയിൽ വന്നിരുന്നത് നടപ്പാക്കാവുന്നതാണ്.
എ.കെ. മുസ്തഫ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പെരിന്തൽമണ്ണ)
‘ബൈപാസിന് രണ്ട് എം.എൽ.എമാരും പരിശ്രമിക്കണം’
പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ ഇപ്പോൾ പ്രത്യേകിച്ച് കുരുക്കില്ല. കോഴിക്കോട് റോഡ് ബൈപാസിലും മാനത്തുമംഗലം ബൈപാസിലുമാണ് കുരുക്ക്. മാനത്തുമംഗലം ഓരാടംപാലം ബൈപാസ് ഇനി വൈകാതെ വരണം. ശാശ്വത പരിഹാരമാണത്. അതിന് മങ്കട, പെരിന്തൽമണ്ണ എം.എൽ.എമാരുടെ പരിശ്രമം വേണം. വിവിധ രാഷ്ട്രീയപാർട്ടികളെയും ജനങ്ങളെയും ചേർത്ത് വേണം ഈ ശ്രമം. വ്യാപാരികൾ പൂർണപിന്തുണ നൽകും. പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ വി. ശശികുമാർ എം.എൽ.എയായിരിക്കെ 2008ൽ നടത്തിയ വിപുലീകരണമാണ് ഇന്ന് കാണുന്നത്. വ്യാപാരികൾക്ക് ബദൽ സൗകര്യം ഒരുക്കിയായിരുന്നു ജങ്ഷൻ വിപുലീകരണം. ജങ്ഷൻ വിപുലീകരണെത്തക്കാൾ നിർദിഷ്ട ബൈപാസിനാണ് പ്രാമുഖ്യം നൽകേണ്ടത്.
പി.പി. അബ്ബാസ് (വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി)
‘ഇടറോഡുകളും പോക്കറ്റ് റോഡുകളും വിപുലപ്പെടുത്തണം’
നഗരത്തിൽ ചെറുകിട ഇടറോഡുകളും ലിങ്ക് റോഡുകളും വേണ്ടത്ര വിപുലീകരിച്ചിട്ടില്ല. വികസന അജണ്ടയായി അത് വന്നിട്ടില്ല. നിലവിലെ ഇടറോഡുകളും പോക്കറ്റ് റോഡുകളും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വിപുലപ്പെടുത്തിയാൽ കുരുക്ക് പരിഹരിക്കാം. മൗലാന മുട്ടുങ്ങൽ ബൈപാസ് ലിങ്ക് റോഡ് കുറെ ഭാഗം ശോച്യാവസ്ഥയിലാണ്. പൊലീസ് സ്റ്റേഷന് മുന്നിലൂടെ കടന്ന് പഴയ കോടതിക്ക് മുന്നിലൂടെ തപാൽ ഓഫിസിനു മുന്നിലെത്തുന്ന റോഡ്, സബ്രീന ഹോട്ടലിനു പിന്നിലൂടെ പോവുന്ന ലിങ്ക് റോഡ് എന്നിവ പുനരുദ്ധാരണത്തിന് ശ്രദ്ധ പതിയേണ്ടവയാണ്. ജൂബിലി റോഡ് ആവശ്യമെങ്കിൽ രണ്ടുവരി പാതയാക്കാം. എല്ലാ ഇടറോഡുകളുടെയും ഭൂമി പൂർണമായും ഉപയോഗപ്പെടുത്തി പുനരുദ്ധാരണം നടക്കണം. ശാശ്വത പരിഹാരം ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് തന്നെയാണ്.
അരഞ്ഞിക്കൽ ആനന്ദൻ (കോൺഗ്രസ് പെരിന്തൽമണ്ണ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

