വനിതകൾക്കായി മാധ്യമം-മലബാർ ഗോൾഡ് ‘ലീഡർഷിപ്’ കാമ്പയിൻ; ഹെർ സ്റ്റോറി അൺഫോൾഡ്സ്: സംവാദം നാളെ യൂണിറ്റി വിമൻസ് കോളജിൽ
text_fieldsവി.ആർ. വിനോദ് , നിമ സുലൈമാൻ, നുസ്റത്ത് വഴിക്കടവ്, ഡോ. അശ്വതി സോമൻ, ഡോ. ഷാഹിന മോൾ
മലപ്പുറം: സമൂഹത്തിൽ വിവിധ തലങ്ങളിൽ വിജയം കൈവരിച്ച, പ്രതിസന്ധികൾ തരണംചെയ്ത് മുന്നേറുന്ന വനിതകളുടെ കഥകളുമായി ‘ഹെർ സ്റ്റോറി അൺഫോൾഡ്സ്’ സംവാദത്തിന് നാളെ മഞ്ചേരി യൂണിറ്റി വിമൻസ് കോളജ് വേദിയാകും. വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്കു നയിക്കാൻ മാധ്യമം കുടുംബവും മലബാർ ഗോൾഡ് ആന്ഡ് ഡയമണ്ട്സും കൈകോർക്കുന്ന ‘ലീഡർഷിപ്പ്’ കാമ്പയിന്റെ രണ്ടാംഘട്ടമാണ് ബുധനാഴ്ച അരങ്ങേറുക.
ആതുരസേവന മേഖലയിലെ നിറസാന്നിധ്യവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. അശ്വതി സോമൻ, ഹൈലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് ഡയറക്ടർ നിമ സുലൈമാൻ, എഴുത്തുകാരിയും അതിജീവനത്തിന്റെ നേർസാക്ഷ്യവുമായ നുസ്റത്ത് വഴിക്കടവ്, അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ ഡോ. ഷാഹിന മോൾ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും. സാമൂഹിക മുന്നേറ്റങ്ങളിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക്, പ്രതിസന്ധികളെ അതിജീവിക്കുന്നതെങ്ങനെ, ജീവിതവിജയം നേടാനുള്ള വഴികൾ, സ്ത്രീമുന്നേറ്റങ്ങൾ, സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, സ്ത്രീകൾക്കായി തുറന്നുകിടക്കുന്ന സാധ്യതകളും അതിന്റെ പ്രാധാന്യവുമെല്ലാം ചർച്ചയുടെ ഭാഗമാവും.
രാവിലെ പത്തുമുതൽ മഞ്ചേരി യൂണിറ്റി വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ജില്ല കലക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്യും. യൂണിറ്റി വിമൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ, മലബാർ ഗ്രൂപ് ലേണിങ് ആൻഡ് ഡെവലപ്മെന്റ് മാനേജർ നീത എം.എസ്. തുടങ്ങിയവർ സംസാരിക്കും.
കാമ്പയിന്റെ ഭാഗമായി വനിതാസുരക്ഷ, ശാക്തീകരണം തുടങ്ങി നിരവധി വിഷയങ്ങളിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത കോളജ്, സർവകലാശാല കാമ്പസുകളിൽ സെമിനാറുകളും ചർച്ചകളും ടോക് ഷോകളും മത്സരങ്ങളും നടത്തും. കൂടാതെ സ്ത്രീശാക്തീകരണ, ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. കേരളത്തിലുടനീളം കോളജുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കാമ്പയിന്റെ ആദ്യ ഘട്ടത്തിന് കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജ് വേദിയായിരുന്നു.
സമൂഹത്തിൽ വനിതകൾ നേരിടുന്ന വെല്ലുവിളികളെയും അവരുടെ അവകാശങ്ങളെയും കുറിച്ച് സ്ത്രീസമൂഹത്തെ ബോധവത്കരിക്കുകയും അവർക്കു വേണ്ട പിന്തുണയും സഹായവും നൽകുകയുമാണ് കാമ്പയിന്റെ ലക്ഷ്യം. ബുധനാഴ്ച നടക്കുന്ന സംവാദത്തിന് മഞ്ചേരി യൂണിറ്റി വിമൻസ് കോളജ് വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമായിരിക്കും പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

