മലപ്പുറം പെരുമക്ക് നിറം പകരാം, ‘ഹാർമോണിയസ് കേരള’യിലൂടെ
text_fieldsമലപ്പുറം: മമ്പുറം തങ്ങളുടേയും കോന്തുനായരുടേയും ചരിത്രവും പാണക്കാട് തറവാടിന്റെ പൈതൃകവുമെല്ലാം കടൽ കടന്നുപോയ സ്നേഹത്തിന്റെ മലപ്പുറം ഖിസകളാണ്. തുഞ്ചത്ത് എഴുത്തച്ഛനും പൂന്താനവും വള്ളത്തോളും അക്ഷരങ്ങളാൽ വിപ്ലവം തീർത്ത മലയാളത്തിന്റെ മണ്ണ്.
വാരിയംകുന്നന്റെയും ആലി മുസ് ലിയാരുടേയും സ്വാതന്ത്ര്യസമര പോരാട്ടത്തിന് സാക്ഷിയായ പോരാട്ടഭൂമിക. മലയാള മണ്ണിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും മാപ്പിളപ്പാട്ടിന്റെ ഇശലുകൾ പകർന്ന മോയിൻകുട്ടി വൈദ്യരുടേയും പാദം പതിഞ്ഞ നാട്. പൊന്നാനി മസ്ജിദും നവാമുകുന്ദക്ഷേത്രവും മഞ്ചേരി പളളിയും തലയുയർത്തി നിൽക്കുന്ന ദേശം.
കോട്ടക്കുന്നും നിലമ്പൂരിലെ തേക്കിൻകാടുകളും കൂട്ടായിയിലെ തീരപ്രദേശങ്ങളും ആതിഥേയമരുളുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ. ഒപ്പനയെയും കോൽക്കളിയെയും മറ്റ് കലകളേയും നെഞ്ചേറ്റിയ കലാസ്നേഹികളുടെയും ഹൃദയത്തിന് പകരം കാൽപന്തുമായി ജനിച്ച ഒരു കൂട്ടം കായികപ്രേമികളുടെയും നാട്. തേങ്ങാച്ചോറിന്റെയും പത്തിരിയുടെയും തരിക്കഞ്ഞിയുടേയും രുചിവൈവിധ്യങ്ങളുടെ ഗന്ധം വീശുന്ന രുചിയിടം.
കേളി കേട്ട മലപ്പുറം പെരുമക്ക് നിറം പകരാൻ മാനവികതയുടെ മഹോത്സവം വിരുന്നെത്തുന്നു. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മഹിത സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച ‘മാധ്യമം ഹാർമോണിയസ് കേരള’ മലപ്പുറത്തിന്റെ മണ്ണിലെത്തുമ്പോൾ ചരിത്രത്തിൽ പൊൻതൂവലാകുമെന്നതുറപ്പ്. ആയുർവേദത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച, കേരളത്തിന്റെ തനിമയും സംസ്കാരവും ചേർത്തുവെക്കുന്ന കോട്ടക്കലിലാണ് ഡിസംബർ 24ന് ‘ഹാർമോണിയസ് കേരള’യുടെ ആദ്യ കേരള എഡിഷൻ അരങ്ങേറുന്നത്.
കോട്ടക്കൽ ആയുർവേദ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ആഘോഷ രാവിൽ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന സംഗമത്തിന് പുറമെ, മലയാളത്തിന്റെ പ്രിയ കലാകാരൻമാർ അണിനിരക്കുന്ന കലാ പരിപാടികളുമുണ്ടാകും. ടെലിവിഷൻ അവതാരകനും നടനുമായ മിഥുൻ രമേശ്, പാട്ടിൽ വിസ്മയം തീർക്കാൻ സൂരജ് സന്തോഷ്, നജീം അർഷാദ്, അക്ബർ ഖാൻ, ജാസിം ജമാൽ, ക്രിസ്റ്റകല, നന്ദ തുടങ്ങിയവരും വേദിയിലെത്തും. പുതുകാല ഹാസ്യശബ്ദഭാവങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച് സിദ്ദീഖ് റോഷനും ആഘോഷരാവിൽ പങ്കുചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

