മച്ചിങ്ങപ്പാറ ഹെൽത്ത് സബ് സെന്റർ കെട്ടിടം തുറന്നു
text_fieldsമച്ചിങ്ങപ്പാറ ഹെൽത്ത് സബ് സെന്റർ കെട്ടിടം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി
ഉദ്ഘാടനം ചെയ്യുന്നു
കൽപകഞ്ചേരി: ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 50 ലക്ഷം രൂപ വകയിരുത്തി നിർമിച്ച ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ബംഗ്ലാവുകുന്ന് മച്ചിങ്ങപ്പാറ ഹെൽത്ത് സബ് സെന്റർ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫിസിന് മുൻവശം ഇരുനില കെട്ടിടത്തിൽ ജീവിതശൈലി രോഗ നിർണയ ക്ലിനിക്ക്, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ക്ലിനിക്ക്, എൻ.സി.ഡി ക്യാമ്പുകൾ, പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിനുള്ള റൂം, ആരോഗ്യ ബോധവത്കരണ ക്യാമ്പുകൾ നടത്തുന്നതിനുള്ള ക്ലാസ് റൂം, ജെ.പി.എച്ച്എൻ സ്റ്റാഫ് ഫെസിലിറ്റി റൂം തുടങ്ങിയ സജ്ജീകരിച്ചിട്ടുണ്ട്.
ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ മച്ചിങ്ങപ്പാറ സബ് സെന്ററിൽ ഈവനിംഗ് ഒ.പി ആരംഭിക്കാനുള്ള അനുമതി ലഭ്യമാക്കാൻ ആരോഗ്യവകുപ്പിൽ സമ്മർദ്ദം ചെലുത്തുമെന്ന് അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.ആവശ്യമായ ഫാർമസിയും ലാബും സജ്ജീകരിക്കാനുള്ള സ്ഥലവും പുതിയ കെട്ടിടത്തിലുണ്ട്. പദ്ധതിയുടെ ഭാഗമായി മനോഹരമായ ചുറ്റുമതിലും കവാടവും ഒരുക്കി. മുറ്റം ഇൻറർലോക്ക് ചെയ്തിട്ടുമുണ്ട്.
ചുറ്റുമതിലിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർക്കുള്ള വാർഡ് വികസന സമിതിയുടെ സ്നേഹോപഹാരം വി.കെ.എം. ഷാഫിക്ക് എം.പി കൈമാറി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുറുങ്കാട് സ്കൂൾ പരിസരത്തുനിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും നാട്ടുകാരും അണിനിരന്നു. ജില്ല പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി അധ്യക്ഷത വഹിച്ചു.
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈമൂന യൂസഫ് കല്ലേരി, ഡി.എം.ഒ ഡോ. രേണുക. ആർ, എൻ.ആർ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. അനൂപ് ടി.എൻ, മെഡിക്കൽ ഓഫിസർ ഡോ. ആസിഫ് ജാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. നാസർ, വാർഡ് മെമ്പർ ടി.എ. റഹീം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

