ഭൂമിയില്‍ കാലുകുത്തിയിട്ട് മൂന്നുമാസം; നാടണയാൻ കാത്ത് ലുബൈബും സഹപ്രവര്‍ത്തകരും
text_fieldsകൊണ്ടോട്ടി: ‘‘എങ്ങനെയെങ്കിലും പിറന്നമണ്ണില്‍ എത്തിയാല്‍ മതിയായിരുന്നു. മൂന്നു മാസമായി ഭൂമിയില്‍ കാലുകുത്തിയിട്ട്. കോവിഡ് ബാധിച്ച് സഹോദരൻ സൗദിയില്‍ മരിച്ചു. നാട്ടിലേക്ക് വരാൻ മുട്ടാവുന്ന വാതിലുകളൊക്കെ മുട്ടി. പക്ഷേ, നിരാശ മാത്രമാണ് ഫലം’’ -അമേരിക്കന്‍ കമ്പനിയുടെ ആഡംബര കപ്പലിലെ ജീവനക്കാരനായ ഒളവട്ടൂര്‍ സ്വദേശി ലുബൈബിന് വാക്കുകള്‍ പൂര്‍ത്തിയാക്കാനാവുന്നില്ല. നാട്ടിലേക്കുള്ള യാത്ര സ്വപ്നംകണ്ട് കപ്പലില്‍ ദിവസങ്ങള്‍ എണ്ണിനീക്കുന്ന ലുബൈബും സഹപ്രവര്‍ത്തകരും സങ്കടക്കടലിലാണ്.
മെക്സികോ-ഇംഗ്ലണ്ട് യാത്രക്കൊടുവില്‍ ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ കോവിഡിനെത്തുടർന്ന് ഡോക്ക് ചെയ്ത കപ്പലിലെ ടെക് സൂപ്പർവൈസറാണ് ലുബൈബ്. കപ്പല്‍ തീരത്തടുപ്പിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു. മറല്ല ക്രൂസലൈന്സ് കമ്പനിയുടെ അഞ്ചു കപ്പലുകളിലായി 44 മലയാളികളടക്കം 600 ഇന്ത്യക്കാരുണ്ട്. ജീവനക്കാരെയെല്ലാം ഒറ്റ കപ്പലിലേക്ക് മാറ്റിയിരിക്കുകയാണിപ്പോള്‍.
ഇവര്‍ക്കായി മൂന്നുതവണ ഗോവ, മുംബൈ എന്നിവിടങ്ങളിലേക്ക് കമ്പനിയുടെതന്നെ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തങ്കിലും ലണ്ടന്‍ ഹൈകമീഷണർ ഓഫിസിലെ നടപടികളിലുണ്ടായ പിഴവുമൂലം യാത്ര മുടങ്ങിയെന്ന് ലുബൈബ് പറഞ്ഞു. യാത്ര തുടർച്ചയായി മുടങ്ങിയതോടെ ജീവനക്കാര്‍ കഴിഞ്ഞദിവസം കപ്പലിെൻറ ഓപ്പണ്‍ ഡക്കില്‍ ഒത്തുേചർന്ന് പ്രതിഷേധിച്ചു. ഇനി 14ന് വിമാനമുണ്ടെന്ന വിവരമാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.
77 രാജ്യങ്ങളിലെ ജീവനക്കാര്‍ ഈ പഞ്ചനക്ഷത്ര കപ്പലില്‍ ജോലിക്കാരായുണ്ടായിരുന്നു. എന്നാല്‍, ഇതില്‍ ഇന്ത്യയടക്കം നാലു രാജ്യങ്ങളിലെ ജീവനക്കാര്‍ മാത്രമാണ് നാട്ടിലേക്ക് എത്താന്‍ കഴിയാതെ പ്രയാസത്തിലായിരിക്കുന്നത്. വിമാനത്തിന് ഇന്ത്യയില്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മുതുവല്ലൂരിലെ പരേതനായ പി.പി. ഇബ്രാഹീംകുട്ടി ഹാജിയുടെ മകനാണ് ലുബൈബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
