മലപ്പുറം-നെടുമ്പാശ്ശേരി ലോ ഫ്ലോർ ബസ് ട്രാക്കിൽ
text_fieldsസർവിസ് പുനരാരംഭിച്ച കെ.എസ്.ആർ.ടി.സി മലപ്പുറം-നെടുമ്പാശ്ശേരി ലോ ഫ്ലോർ ബസിൽ മലപ്പുറം ഡിപ്പോയിൽനിന്ന് കയറുന്ന യാത്രക്കാർ
മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം-നെടുമ്പാശ്ശേരി ലോ ഫ്ലോർ സർവിസിന് ശുഭയാത്ര. പരീക്ഷണാർഥം സർവിസ് പുനരാരംഭിച്ച ഞായറാഴ്ച ലോക്ഡൗണായിട്ടും പ്രവാസികളടക്കം ബസിനെ ആശ്രയിച്ചു. 10,377 രൂപയാണ് ആദ്യ ദിവസത്തെ വരുമാനം.
സർവിസ് വിജയകരമായി മുന്നോട്ടുകൊണ്ടുപോവാൻ കഴിയുമെന്നതിെൻറ സൂചനയാണിതെന്ന് അധികൃതർ പറഞ്ഞു. ഈ രീതിയിൽ മുന്നോട്ടുപോയാൽ സമീപഭാവിയിൽ കൂടുതൽ നെടുമ്പശ്ശേരി ലോ ഫ്ലോർ സർവിസുകൾ പുനരാരംഭിക്കും.
ഓൺലൈൻ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് നാലിനാണ് മലപ്പുറത്തുനിന്ന് സർവിസ് തുടങ്ങുന്നത്. പെരിന്തൽമണ്ണ-പട്ടാമ്പി-ഷൊർണൂർ-തൃശൂർ വഴി രാത്രി 9.15ഒാടെ നെടുമ്പാശ്ശേരിയിലെത്തും. തിരിച്ച് അടുത്ത ദിവസം പുലർച്ച അഞ്ചിന് നെടുമ്പാശ്ശേരിയിൽനിന്ന് തൃശൂർ-ചങ്കുവെട്ടി-യൂനിവേഴ്സിറ്റി വഴി രാവിലെ 11.10ഒാടെ കോഴിക്കോട്ടേക്ക്. അവിടെ നിന്ന് 11.40ന് പുറപ്പെട്ട് ഉച്ചക്ക് 1.10ന് മലപ്പുറത്തെത്തുന്ന രീതിയിലാണ് സർവിസ്.

