അങ്കത്തട്ടിൽ 16 പേർ
text_fieldsതോൽവി ഉറപ്പിച്ച സി.പി.എമ്മും കോൺഗ്രസും ഭീകരത വളർത്തുന്നു -ജാവ്ദേക്കർ
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് കടുപ്പമേറിയതാണെന്ന് മനസ്സിലാക്കിയ സി.പി.എമ്മും കോൺഗ്രസും സംസ്ഥാനത്ത് ഭീകരത പടർത്തുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. മലപ്പുറം പ്രസ്ക്ലബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം കേരളത്തിൽ ബോംബ് നിർമാണ ഫാക്ടറി തുടങ്ങിയിരിക്കുകയാണ്.
ബോംബ് നിര്‍മിച്ചയാളെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് വിശേഷിപ്പിച്ചത് ഇരയെന്ന വാക്കാണ്. ഇത് സമൂഹത്തിന് നല്കുന്ന സന്ദേശം എന്താണ്? ഈ തെരഞ്ഞെടുപ്പിൽ വിജയം എളുപ്പമല്ലെന്ന് മനസ്സിലാക്കിയ സി.പി.എം വോട്ടർമാർക്കിടയിൽ ഭീകരത അഴിച്ചുവിടുകയാണ്. വിജയത്തെക്കുറിച്ച് ആശങ്കയുള്ള കോൺഗ്രസ്, നിരോധിത ഭീകരസംഘടനയായ പോപുലർ ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായ എസ്.ഡി.പി.ഐയുമായി ചങ്ങാത്തം കൂടിയിരിക്കുകയാണ്.
കോൺഗ്രസിനുള്ള പിന്തുണ എസ്.ഡി.പി.ഐ ഇപ്പോഴും തുടരുന്നുണ്ട്. 2019ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതിയവർപോലും ഇപ്പോൾ അങ്ങനെ ചിന്തിക്കുന്നില്ലെന്ന് പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലെ നെഹ്റു കുടുംബവാഴ്ചക്ക് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിൽ. മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍, മരുമകന് തുടങ്ങിയവരുടെ പേരില്‍ ഇതിനോടകംതന്നെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സി.എ.എ വിഷയം ഉയര്‍ത്തി അഴിമതി മറയ്ക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടുപേര്‍ പത്രിക പിന്‍വലിച്ചു
മലപ്പുറം: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലങ്ങളിലായി എട്ട് വീതം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മലപ്പുറം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർഥികളായ പി.പി. നസീഫ്, എന്‍. ബിന്ദു എന്നിവരാണ് അവസാനഘട്ടത്തില്‍ പത്രിക പിന്‍വലിച്ചത്. പൊന്നാനി മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. അന്തിമ സ്ഥാനാർഥി പട്ടിക നിലവില്‍ വന്നതോടെ അതത് വരാണാധികാരികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി.
പ്രവാസി ചൂഷണത്തിനെതിരെ സ്വതന്ത്രനായി തൃശൂർ നസീർ
മലപ്പുറം: പ്രവാസികളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ, പ്രവാസികളുടെ ക്ഷേമത്തിന് ഒന്നും ചെയ്യുന്നില്ലെന്ന് മലപ്പുറം ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി തൃശൂർ നസീർ. 3000 രൂപ മാത്രമാണ് നിലവിൽ പ്രവാസി പെൻഷൻ. അത് 25000 രൂപയാക്കി ഉയർത്തണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വനിതകൾക്കും പാവപ്പെട്ട അമ്മമാർക്കും പെൻഷനും ആനുകൂല്യങ്ങളും വർധിപ്പിക്കണം.
മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻപോലും കഴിയാത്തവരാണ് ഇവിടുത്തെ ജനപ്രതിനിധികൾ. ഭരണകൂടത്തിന്റെ ന്യൂനപക്ഷ വിരുദ്ധതതക്കും വർഗീയതക്കുമെതിരെ പോരാട്ടം തുടരും. നാലാംതവണയാണ് മത്സരിക്കുന്നത്. പാട്ടുപാടിയാണ് താൻ വോട്ടുതേടുകയെന്നും തൃശൂർ നസീർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

