തദ്ദേശ തെരഞ്ഞെടുപ്പ്; പൊന്മളയിൽ 21 വാർഡുകളിലായി 30,620 വോട്ടർമാർ
text_fieldsപ്രതീകാത്മക ചിത്രം
പൊന്മള: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ പൊന്മള പഞ്ചായത്തിൽ 21 വാർഡുകളിലായി 30,620 വോട്ടർമാർ. 15,530 എണ്ണവുമായി വനിത വോട്ടർമാരാണ് കൂടുതൽ. പുരുഷ വോട്ടർമാരെ അപേക്ഷിച്ച് 440 വനിതകൾ കൂടുതലുണ്ട്. 15,090 പുരുഷ വോട്ടർമാരാണുള്ളത്.
നേരത്തെ പൊന്മളയിൽ ആകെ 18 വാർഡുകളായിരുന്നു. വാർഡ് പുനക്രമീകരണത്തോടെ മൂന്ന് വാർഡുകൾ കൂടി അധികമായി നിലവിൽ വന്നു. വാർഡ് മൂന്ന് കാഞ്ഞീരംമുക്ക്, വാർഡ് 11ന് കുന്നംകുറ്റി, വാർഡ് 15 ചാപ്പനങ്ങാടി സൗത്ത് എന്നിവയാണ് പുതിയ വാർഡുകൾ. നിലവിലെ വാർഡ് രണ്ട് പൊന്മള, മൂന്ന് പള്ളിയാലി, നാല് മേൽമുറി എന്നിവ ക്രമീകരിച്ചാണ് പുതിയ വാർഡ് മൂന്ന് കാഞ്ഞീരംമുക്ക് രൂപീകരിച്ചത്. വാർഡ് 10 കോൽക്കളം, വാർഡ് 11 ചൂനൂർ എന്നിവ ക്രമീകരിച്ചാണ് പുതിയ വാർഡ് 11 കുന്നംകുറ്റി രൂപീകരിച്ചത്. വാർഡ് 14 പറങ്കിമൂച്ചിക്കൽ ക്രമീകരിച്ചാണ് വാർഡ് 15 ചാപ്പനങ്ങാടി സൗത്ത് രൂപവത്കരിച്ചത്.
പുതിയ വാർഡ് ക്രമപ്രകാരം വാർഡ് 13 തലകാപ്പിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്-1,844. ഇവിടെ 952 വനിത വോട്ടർമാരും 892 പുരുഷ വോട്ടർമാരുണ്ട്. നിലവിൽ വാർഡ് 12 ആണിത്. വാർഡ് ക്രമീകരിച്ചതോടെയാണ് 13ലേക്ക് മാറിയത്. രണ്ടാമതുള്ള വാർഡ് 20 പൂക്കുന്നിൽ 1,745 വോട്ടർമാരുണ്ട്. 906 വനിതകളും 839 പുരുഷ്യൻമാരും വോട്ടർമാരായി വാർഡിലുണ്ട്.
നിലവിൽ 17ാം വാർഡാണിത് . വാർഡ് ക്രമീകരിച്ചതോടെയാണ് 20 ലേക്ക് പൂക്കുന്ന് മാറിയത്. ഗ്രാമപഞ്ചായത്തിൽ 32 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 11 വാർഡുകളിൽ രണ്ട് വീതം പോളിങ് ബൂത്തുകളുണ്ട്. മേൽമുറി, ചാപ്പനങ്ങാടി, മണ്ണഴി, ചെങ്ങോട്ടൂർ ആക്കപ്പറമ്പ്, കുന്നംകുറ്റി, ചൂനൂർ, തലക്കാപ്പ്, പാറമ്മൽ, പള്ളിയാലി, പൂക്കുന്ന് എന്നീ വാർഡുകളിലാണ് രണ്ട് വീതം പോളിങ് സ്റ്റേഷനുകളുള്ളത്. പൂവാട്, പൊന്മള, കാഞ്ഞീരംമുക്ക്, വട്ടപ്പറമ്പ്, കോൽക്കളം, കൂരിയാട്, ചാപ്പനങ്ങാടി സൗത്ത്, പറങ്കിമൂച്ചിക്കൽ, വടക്കേകുളമ്പ്, മാണൂർ എന്നീ വാർഡുകളിൽ ഓരോ വീതവും പോളിങ് ബൂത്തുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

