മാറാക്കരയിൽ പോരാട്ടം മുറുകുന്നു
text_fieldsകാടാമ്പുഴ: നേരത്തേ ‘സാമ്പാർ’ മുന്നണി സംവിധാനം പരീക്ഷിക്കപ്പെട്ട് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ മാറാക്കര ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ യു.ഡി.എഫും, എൽ.ഡി.എഫും ശക്തമായ പോരാട്ടത്തിലേക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ അടർത്തിയെടുത്തും സീറ്റ് നിഷേധിക്കപ്പെട്ടവർ വിമതരായപ്പോൾ അവരെ പിന്തുണച്ചും ലീഗും, സി.പി.എമ്മും ചില വാർഡുകളിൽ പരീക്ഷണമായും രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 വാർഡുകളാണ് ഉണ്ടായിരുന്നത്. യു.ഡി.എഫ് 16 വാർഡുകളിൽ ജയിച്ച് ഗ്രാമപഞ്ചായത്തിൽ ഭരണം കരസ്ഥമാക്കി. ലീഗ് 12 വാർഡുകളിലും, കോൺഗ്രസ് നാല് വാർഡുകളിലും വിജയിച്ചു. എൽ.ഡി.എഫിൽ നാല് വാർഡുകളിൽ വിജയിച്ചു.
മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് കുറ്റിപ്പുറം ബ്ലോക്കിന് കീഴിൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് മാറാക്കര. കോൺഗ്രസും സി.പി.എമ്മും ചേർന്ന മുന്നണിയായിരുന്നു 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ മാറാക്കരയിൽ അധികാരത്തിൽ വന്നത്. ആദ്യ ടേമിൽ കോൺഗ്രസ് നേതാവായ വി. മധുസൂദനൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് കോൺഗ്രസും ലീഗും സഖ്യമായതിനെ തുടർന്ന് മധുസൂദനൻ പ്രസിഡന്റ് പദവിയിൽ തുടർന്നു.
കോൺഗ്രസുമായുള്ള പരീക്ഷണം സി.പി.എമ്മിന് തിരിച്ചടിയായി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ നാല് വാർഡുകളിൽ സി.പി.എം ഒതുങ്ങി. 24 വാർഡുകളായി വർധിച്ച ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ മുസ്ലിം ലീഗ് 15 വാർഡിലും കോൺഗ്രസ് ഒമ്പത് വാർഡിലും മത്സരിക്കുന്നു. 20 വാർഡുകളിൽ മത്സരിക്കുന്ന സി.പി.എം ആറ് വാർഡുകളിലാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. രണ്ട് വാർഡിൽ എൽ.ഡി.എഫ് പി.ഡി.പി സ്വതന്ത്രരെ പിന്തുണക്കുന്നു.
രണ്ട് വാർഡുകളിൽ ലീഗ് വിമതരെയും എൽ.ഡി.എഫ് പിന്തുണക്കുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.പി. നാരായണൻ, അഡ്വ. പി.പി. ജാബിർ, വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂനിറ്റ് പ്രസിഡന്റ് പി.പി. ബഷീർ തുടങ്ങിയവർ എൽ.ഡി.എഫിൽ മത്സരിക്കുന്നവരിൽ പ്രമുഖരാണ്. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റായിരുന്ന മൂർക്കത്ത് അഹമ്മദ് മാസ്റ്റർ, കെ.പി. സുരേന്ദ്രൻ, ഉമറലി കരേക്കാട്, ഒ.കെ. സുബൈർ എന്നിവരാണ് യു.ഡി.എഫിലെ പ്രമുഖർ. സി.പി.ഐ രണ്ടത്താണി വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുഹമ്മദ് ഫാസിൽ മൂർക്കത്തിനെ പിന്തുണക്കുന്നു.
ദേശീയപാത ആറുവരി പാതയായപ്പോൾ വിഭജിക്കപ്പെട്ട രണ്ടത്താണി ടൗണിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് നേതൃത്വം വഹിച്ചവരിൽ ഒരാളാണ് ഇവിടെ സി.പി.ഐ പിന്തുണക്കുന്ന സ്ഥാനാർഥി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അബ്ദുൽ മനാഫ് കല്ലൻ ലീഗിൽ ചേരുകയും ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്യുന്നു.
വാർഡ് അംഗവും ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷയും മുസ്ലിം ലീഗ് പ്രതിനിധിയുമായിരുന്നു. ഷംല ബഷീർ ഇതേ വാർഡിൽ സ്വതന്ത്രയായി മത്സരിക്കുന്നു. ഇവിടെ ഷംലയെ സി.പി.എം പിന്തുണക്കുന്നു. വനിത ലീഗ് നേതാവും നേരത്തേ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ഖദീജ പാറോളിയെ വാർഡ് 15ൽ എൽ.ഡി.എഫ് പിന്തുണക്കുന്നു. മുസ്ലിം ലീഗിലെ സൽമ ജാഫറാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി.
എസ്.ഡി.പി.ഐ നാല് വാർഡുകളിലും മത്സരിക്കുന്നു. തീർഥാടന കേന്ദ്രമായ കാടാമ്പുഴ ഉൾപ്പെടുന്ന മാറാക്കര ഗ്രാമപഞ്ചായത്തിൽ കുടുംബയോഗങ്ങൾ നടത്തിയും വീടുകൾ കയറിയും ഇരുമുന്നണികളും പ്രചാരണം കൊഴുപ്പിക്കുകയാണ്. ഭരണം നിലനിർത്താൻ യു.ഡി.എഫും, പിടിച്ചെടുക്കാൻ എൽ.ഡി.എഫും പോരാട്ടം മുറുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

