മലപ്പുറം വലത്തോട്ടുതന്നെ
text_fieldsമലപ്പുറം: അടിയൊഴുക്കുകൾ ഒന്നും പ്രകടമല്ലാത്ത തദ്ദേശപ്പോരിൽ, മലപ്പുറം ജില്ലയുടെ ചായ്വ് പതിവുപോലെ വലത്തോട്ടാണ്. മുസ്ലിം ലീഗിന്റെ കരുത്തിൽ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫ് ഭരണം നിലനിർത്തും. സ്വതന്ത്രരെ ഇറക്കിയുള്ള എൽ.ഡി.എഫ് പരീക്ഷണം ഫലം കാണാനിടയില്ല.
ലോക്സഭയിലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും നടത്തിയ മിന്നുംപ്രകടനം യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നതാണ്. മുൻകാലങ്ങളിലേതുപോലെ ഇല്ലെങ്കിലും യു.ഡി.എഫിൽ അങ്ങിങ്ങ് വിമതസാന്നിധ്യമുണ്ട്. പൊന്മുണ്ടം പഞ്ചായത്തിൽ ലീഗിനെതിരെ കോൺഗ്രസ്-സി.പി.എം ജനകീയ മുന്നണി ശക്തമായ പോരാട്ടത്തിലാണ്. മുതുവല്ലൂരിലും നന്നംമുക്കിലും സി.പി.എം-സി.പി.ഐ നേർക്കുനേർ മത്സരമുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ സംസ്ഥാനതലത്തിൽ യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അൻവറിന് സ്വാധീനമുള്ള നിലമ്പൂർ മണ്ഡലത്തിൽ കരുളായി പഞ്ചായത്തിൽ ഒഴിച്ച് യു.ഡി.എഫുമായി ധാരണയില്ല. അൻവർ കൂടുതൽ വോട്ടുപിടിച്ച വഴിക്കടവിലടക്കം തൃണമൂൽ വേറിട്ടാണ് മത്സരിക്കുന്നത്.
ജില്ല പഞ്ചായത്തിലെ യു.ഡി.എഫ് മേധാവിത്വം ഉലച്ചിലില്ലാതെ തുടരും. എന്നാൽ, എൽ.ഡി.എഫിന്റെ കൈവശമുള്ള ചില സീറ്റുകളിൽ മാറ്റം വന്നേക്കാം. യു.ഡി.എഫിന് മേൽക്കൈയുള്ള പത്ത് നഗരസഭകളിൽ ഭരണമാറ്റത്തിന് സാധ്യതയില്ലെങ്കിലും ചില വാർഡുകളിൽ ലീഗിലും കോൺഗ്രസിലും വിമതശല്യമുണ്ട്. എൽ.ഡി.എഫ് ഭരണമുള്ള പെരിന്തൽമണ്ണ, പൊന്നാനി നഗരസഭകളുടെ ചായ്വ് ഇക്കുറിയും ഇടത്തോട്ടാണെങ്കിലും നിലമ്പൂരിൽ മത്സരക്കടുപ്പമുണ്ട്. നിലമ്പൂർ നഗരസഭ തിരിച്ചുപിടിക്കാൻ യു.ഡി.എഫ് അരയും തലയും മുറുക്കി രംഗത്തുണ്ട്. യു.ഡി.എഫിന്റെ കൈവശമുള്ള 12 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏതെങ്കിലുമൊന്ന് അവർക്ക് നഷ്ടമാകുമെന്ന് എൽ.ഡി.എഫുപോലും കരുതുന്നില്ല.
ഇടതുഭരണമുള്ള തിരൂർ ബ്ലോക്കിൽ ശക്തമായ മത്സരമുണ്ട്. എൽ.ഡി.എഫ് തുടർച്ചയായി ഭരിക്കുന്ന പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്കുകളുടെ ചായ്വ് ഇക്കുറിയും ഇടത്തോട്ടാണ്. 94 ഗ്രാമപഞ്ചായത്തുകളിൽ 70ഉം ഭരിക്കുന്ന യു.ഡി.എഫ് തന്നെയായിരിക്കും ഇത്തവണയും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും വിജയം നേടുക. കഴിഞ്ഞ തവണ സീറ്റുകൾ തുല്യമായി പങ്കുവെക്കപ്പെടുകയും നറുക്കെടുപ്പിലൂടെ ഭരണം നിശ്ചയിക്കുകയും ചെയ്ത എട്ടു പഞ്ചായത്തുകളുടെ ഭരണം മാറിമറിയാം. വെൽഫെയർ പാർട്ടി യു.ഡി.എഫുമായി ചേർന്നും അല്ലാതെയും മത്സരിക്കുന്നുണ്ട്. എസ്.ഡി.പി.ഐയും ബി.ജെ.പിയും കളത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

