പുളിക്കൽപറമ്പ് വിളിക്കുന്നു, വൈസ് പ്രസിഡന്റുമാരേ ഇതിലേ ഇതിലേ...
text_fieldsമങ്കട: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ ജനപ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് പുളിക്കൽപറമ്പ് ഗ്രാമം. ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ കൂടുതൽ വൈസ് പ്രസിഡന്റുമാരെ സംഭാവന ചെയ്ത പ്രദേശം എന്ന നിലയിൽ പുളിക്കൽപറമ്പ് ശ്രദ്ധേയമാകുന്നു. പ്രദേശത്തുനിന്ന് വിജയിച്ച സ്ഥാനാർഥിയാണ് പുതിയ പഞ്ചായത്ത് ഭരണസമിതിയിലും വൈസ് പ്രസിഡന്റ് ആകുന്നത്.
2005ൽ കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ജയിച്ച ചേരൂർ നസീമ പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോൾ പതിനാലാം വാർഡിൽനിന്ന് വിജയിച്ച പുളിക്കൽപറമ്പ് സ്വദേശി ടി. അബ്ദുൽ കരീം വൈസ് പ്രസിഡന്റായി. 2010ൽ അബ്ദുൽ കരീം തന്നെ പഞ്ചായത്ത് പ്രസിഡന്റായി.
2020ൽ ടി. അബ്ദുൽ കരീം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. 2010ൽ പുളിക്കൽപറമ്പ് വാർഡിൽനിന്ന് വിജയിച്ച സൈനബ പരിയംതടത്തിൽ വൈസ് പ്രസിഡന്റായി. 2015ൽ എൽ.ഡി.എഫിന് കീഴിൽ എം.കെ. രമണി പഞ്ചായത്ത് പ്രസിഡന്റായപ്പോൾ പുളിക്കൽപറമ്പ് വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച അബ്ബാസലി എൽ.ഡി.എഫിനൊപ്പം ചേർന്ന് വൈസ് പ്രസിഡന്റ് സ്ഥാനം നേടി. 2020ൽ അസ്കർ അലി പ്രസിഡന്റായപ്പോൾ പുളിക്കൽപറമ്പ് വാർഡിൽനിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി സെലീന ഉമ്മർ വൈസ് പ്രസിഡന്റായി.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുളിക്കൽപറമ്പ് വാർഡിൽനിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി നഫ്സൽ റമീസ് വൈസ് പ്രസിഡന്റാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇതോടെ പ്രദേശത്തെ ഏഴ് ഘട്ടങ്ങളിലായി പ്രതിനിധാനം ചെയ്ത അഞ്ച് ജനപ്രതിനിധികളാണ് ഇതിനകം പ്രദേശത്തിന് ലഭിച്ചത്. ഗ്രാമപഞ്ചായത്തിൽ മുസ്‍ലിം ലീഗിന് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും എന്നതാണ് കുറച്ചുകാലമായുള്ള കീഴ് വഴക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

