പെരുമ്പടപ്പിൽ പോരാട്ടം മുറുകി
text_fieldsപെരുമ്പടപ്പ്: അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫും കഴിഞ്ഞ തവണ നഷ്ടമായ ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ യു.ഡി.എഫും പെരുമ്പടപ്പിൽ കച്ചമുറുക്കി. 19 വാർഡുകളിലും കനത്ത മത്സരമാണ്. 2020ൽ അഞ്ച് സീറ്റിൽ ഒതുങ്ങിയ യു.ഡി.എഫ് ഭരണം പിടിക്കാൻ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെ ഉൾപ്പെടെയാണ് മത്സരിപ്പിക്കുന്നത്. പുതുമുഖങ്ങളെയും മുൻ പഞ്ചായത്ത് മെംബർമാരെയും മത്സരിപ്പിച്ച് ഭരണം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫും.
3 വാർഡുകളിൽ ശക്തമായ മത്സരം നടക്കുന്നുണ്ട്. ഒന്നാം വാർഡ് പുതിയിരുത്തി, അഞ്ചാം വാർഡായ കോടത്തൂർ നോർത്ത്, 15ാം വാർഡായ കണ്ടുബസാർ എന്നീ വാർഡുകളിലാണ് യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും നേതാക്കൾ നേർക്കുനേർ മത്സരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ വി.കെ. അനസ് യു.ഡി.എഫിന് വേണ്ടിയും എ.ഐ.വൈ.എഫ് ജില്ല എക്സിക്യൂട്ടിവ് അംഗം മുർഷിദുൽ ഹഖ് എൽ.ഡി.എഫിന് വേണ്ടിയും മത്സരിക്കുന്നു. മറ്റൊരു വാർഡായ 15ാം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കുഞ്ഞിമോൻ പൊറാടത്ത് യു.ഡി.എഫ് സ്ഥാനാർഥിയായും മുൻ പഞ്ചായത്ത് അംഗവും സി.പി.എം പൊന്നാനി ഏരിയ കമ്മിറ്റി അംഗവുമായ എം. സുനിലുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്.
5ാം വാർഡിൽ കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ പി. വത്സകുമാറും മുൻ പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ ഉണ്ണി കോടത്തൂരും തമ്മിലാണ് മത്സരം. കൂടാതെ ബി.ജെ.പി.യും, എസ്.ഡി.പി.ഐയും, വെൽഫെയർ പാർട്ടിയും രംഗത്തുണ്ട്. 18 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ നിലവിൽ 19 വാർഡുകളാണ് ഉള്ളത്. കോൺഗ്രസ് 13 സീറ്റിലും, മുസ്‌ലിം ലീഗ് 6 വാർഡിലും സി.പി.എം 13 സീറ്റിലും, സി.പി.ഐ 5 സീറ്റിലും, ഒരു വാർഡിൽ ഇടത് സ്വതന്ത്രനുമാണ് മത്സരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

