Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബ്ലോക്ക്...

ബ്ലോക്ക് പഞ്ചായത്തുകളിൽ ആധിപത്യം തുടരാൻ യു.ഡി.എഫ്; പൊരുതാൻ എൽ.ഡി.എഫ്

text_fields
bookmark_border
ബ്ലോക്ക് പഞ്ചായത്തുകളിൽ ആധിപത്യം തുടരാൻ യു.ഡി.എഫ്; പൊരുതാൻ എൽ.ഡി.എഫ്
cancel

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ േബ്ലാക്ക് പഞ്ചായത്തിലേക്കുമുള്ള പോരും കനക്കുന്നു. ജില്ലയിലെ 15 േബ്ലാക്ക് പഞ്ചായത്തുകളിൽ 12 ലും യു.ഡി.എഫ് ആണ് ഭരിക്കുന്നത്. പൊന്നാനി, തിരൂർ, പെരുമ്പടമ്പ് േബ്ലാക്ക് പഞ്ചായത്തുകളാണ് എൽ.ഡി.എഫിനുള്ളത്. വേങ്ങര, മലപ്പുറം േബ്ലാക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ഒരു സീറ്റ് പോലുമില്ല. വാർഡ് വിഭജനം വന്നപ്പോൾ േബ്ലാക്ക് ഡിവിഷൻ 223ൽനിന്ന് 248 ആയി വർധിച്ചിട്ടുണ്ട്. നിലവിലെ 223ൽ 175 ഡിവിഷനിലും യു.ഡി.എഫ് അംഗങ്ങളാണുള്ളത്. 68 ഡിവിഷനിൽ എൽ.ഡി.എഫും ഒരു ഡിവിഷനിൽ വെൽഫെയർ പാർട്ടിയും വിജയിച്ചു.

പ്രതിപക്ഷമില്ലാത്ത മലപ്പുറവും വേങ്ങരയും

മലപ്പുറം േബ്ലാക്ക് പഞ്ചായത്തിൽ കഴിഞ്ഞ തവണ ആകെയുള്ള 15 സീറ്റും യു.ഡി.എഫ് തൂത്തുവാരുകയായിരുന്നു. ലീഗിന് 11നും കോൺഗ്രസിന് മൂന്നും ഒരു വെൽഫെയർ പാർട്ടിക്ക് ഒരു അംഗവുമുണ്ട്. േബ്ലാക്കിന് കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് ആണ് ഭരണത്തിൽ. യു.ഡി.എഫിന്റെ മേധാവിത്വം തടയാൻ കഴിയുമെന്ന ആത്മവിശ്വാസമില്ലെങ്കിലും പുതുമുഖങ്ങളെ അണിനിരത്തിയാണ് ഇടതുപോരാട്ടം. മണ്ഡല പുനർവിഭജനത്തിൽ കൂടിയ രണ്ട് സീറ്റ് അടക്കം ആകെ 17 ഡിവിഷനിൽ യു.ഡി.എഫിൽ 12ൽ മുസ്‌ലിംലീഗും നാലിടത്ത് കോൺഗ്രസും ഒരു സീറ്റിൽ വെൽഫെയർ പാർട്ടിയുമാണ് മത്സരിക്കുന്നത്. എൽ.ഡി.എഫിൽ 14 ഡിവിഷനിൽ സി.പി.എമ്മും ഓരോ സീറ്റുകളിൽ സി.പി.ഐ, നാഷനൽ ലീഗ്, ജെ.ഡി.എസ് സ്വതന്ത്രൻ എന്നിവരും മത്സരരംഗത്തുണ്ട്. 14 ഡിവിഷനിൽ എൻ.ഡി.എയും നാലിടത്ത് എസ്.ഡി.പി.ഐയും ഉണ്ട്.

ആരംഭകാലം മുതൽ യു.ഡി.എഫ് പ്രതിപക്ഷമില്ലാതെ ഭരണം നടത്തുന്ന വേങ്ങരയിൽ ഇത്തവണയും അത്ഭുതങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ല. അത്രമേൽ ശുഷ്‌കമാണ് ഇടതുമുന്നണി സംവിധാനം. ഇത്തവണ വർധിച്ച മൂന്നു വാർഡുകൾ ഉൾപ്പെടെ പതിനെട്ടു വാർഡിലും സൗഹൃദ മത്സരം മാത്രമേ ഇടതുപക്ഷം പ്രതീക്ഷിക്കുന്നുള്ളൂ. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ഭരണം യു.ഡി.എഫിനാണ്. നിലവിൽ പതിനഞ്ച് വാർഡുകളിൽ 11 വാർഡ് മുസ്‍ലിം ലീഗും നാല് വാർഡ് കോൺഗ്രസും പ്രതിനിധീകരിക്കുന്നു. വർധിച്ച മൂന്നു വാർഡുകൾ ഉൾപ്പെടെ 18 സീറ്റിൽ 13 സീറ്റിലും മുസ്‍ലിം ലീഗ് മത്സരിക്കുന്നു. അഞ്ച് സീറ്റിൽ കോൺഗ്രസും.

ഭീഷണിയില്ല, ഈസി വാക്കോവറുമല്ല

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്‌ തുടർച്ചയായി യു.ഡി.എഫ് ഭരിച്ചുവരുന്നതാണ്. 17 ഡിവിഷൻ ഇത്തവണ 19 ആയി. വലമ്പൂർ, തൂത എന്നിവയാണ് വർധിച്ചത്. മുസ്‍ലിം ലീഗിന് എട്ട്, കോൺഗ്രസിന് രണ്ട്, കേരള കോൺഗ്രസിന് ഒന്ന് എന്നിങ്ങനെ യു.ഡി.എഫ് 11 ഡിവിഷനിലും സി.പി.എം ആറു ഡിവിഷനിലുമാണ് കഴിഞ്ഞ തവണ വിജയിച്ചത്. എൽ.ഡി.എഫ് ഭരിക്കുന്ന പുലാമന്തോൾ, താഴേക്കോട്, മേലാറ്റൂർ, ഏലംകുളം എന്നിവയും യു.ഡി.എഫ് ഭരിക്കുന്ന വെട്ടത്തൂർ, കീഴാറ്റൂർ, ആലിപ്പറമ്പ്, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പെരിന്തൽമണ്ണ ബ്ലോക്ക്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരത്തിൽ 38 വോട്ടിന്റെ വ്യത്യാസത്തിൽ യു.ഡി.എഫ് വിജയിച്ച പെരിന്തൽമണ്ണ മണ്ഡലമാണ് ബ്ലോക്ക് പരിധിയിലെ പ്രധാന ഭാഗം. അങ്ങാടിപ്പുറവും കീഴാറ്റൂരും അധികം ചേരുകയും പെരിന്തൽമണ്ണ നഗരസഭ മാറ്റിവെക്കുകയും ചെയ്താൽ യു.ഡി.എഫിന് പറയത്തക്ക ഭീഷണിയില്ല.

ഇനിയും ചുവക്കുമോ ഈ മൂന്നിടങ്ങൾ

തിരൂർ ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫാണ് ഭരിക്കുന്നത്. ഇതിന് കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിൽ നാലും എൽ.ഡി.എഫാണ് ഭരിക്കുന്നത്. നിലവിൽ 15 സീറ്റുകളിൽ എൽ.ഡി.എഫ് -10, യു.ഡി.എഫ് -അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫിൽ ജയിച്ച 10 സീറ്റിലും സി.പി.എമ്മാണ്. യു.ഡി.എഫിൽ മുസ്‍ലിം ലീഗിന് മൂന്നും കോൺഗ്രസിന് രണ്ടും സീറ്റുകളാണുള്ളത്.

ഇത്തവണ 17 സീറ്റുകളിൽ എൽ.ഡി.എഫിൽ സി.പി.എം പതിനാലും സി.പി.ഐ മൂന്നും സീറ്റുകളിലാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ ലീഗ് ഒമ്പതും കോൺഗ്രസ് എട്ടും സീറ്റിലാണ് മത്സരിക്കുന്നത്. തുടർച്ചയായ രണ്ട് തവണ നഷ്ടപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫിൽനിന്ന് ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാൽ, ഹാട്രിക് അടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.

പെരുമ്പടപ്പ് േബ്ലാക്കിലും എൽ.ഡി.എഫിനാണ് ആധിപത്യം. പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ വെളിയങ്കോട് ഒഴികെ മറ്റു പഞ്ചായത്തുകളിലെല്ലാം ഭരണം എൽ.ഡി.എഫിനാണ്. ആകെ 13 ഡിവിഷനിൽ സി.പി.എം-ഏഴ്, സി.പി.ഐ-ഒന്ന്, കോൺഗ്രസ് -നാല്, ലീഗ്- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പുതുതായി കൂട്ടിച്ചേർത്ത പഴഞ്ഞി ഡിവിഷൻ ഉൾപ്പെടെ 14 സീറ്റാണ് ബ്ലോക്കിന് കീഴിലുള്ളത്. 11 സീറ്റിൽ സി.പി.എമ്മും മൂന്ന് സീറ്റിൽ സി.പി.ഐയും മത്സരിക്കുന്നുണ്ട്. യു.ഡി.എഫിൽ എട്ട് സീറ്റിൽ കോൺഗ്രസും ആറ് സീറ്റിൽ മുസ്‍ലിം ലീഗുമാണ് മത്സരിക്കുന്നത്. േബ്ലാക്കിന്‍റെ മുൻകാല തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഭാഗമാണ് ഇത്. ഇക്കുറിയും അത്ഭുതങ്ങൾക്ക് സാധ്യതയില്ല. എന്നാൽ, നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്.

പൊന്നാനി േബ്ലാക്ക് പഞ്ചായത്തും ഇടതുമേധാവിത്തമുള്ള മേഖലയാണ്. എടപ്പാൾ, തവനൂർ, വട്ടക്കുളം, കാലടി ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്. ഒരുതവണ മാത്രമാണ് യു.ഡി.എഫ് അധികാരം കൈയാളായത്. കാൽ നൂറ്റാണ്ടിലേറെയായി എൽ.ഡി.എഫ് ഭരണം ഇവിടെ തുടരുന്നു. 2000ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന് അധികാരം ലഭിച്ചത്. ബ്ലോക്ക് വിഭജന ശേഷം ഡിവിഷൻ എണ്ണം 13ൽനിന്ന് 14 ആയി ഉയർന്നു. ഡിവിഷനുകളായി ഉയർന്നിട്ടുണ്ട്. 13 സീറ്റുകളിൽ 10 സീറ്റുകളും എൽ.ഡി.എഫാണ് വിജയിച്ചത്. മൂന്ന് സീറ്റുകളിൽ യു.ഡി.എഫും വിജയിച്ചു. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ കാണുന്നത്. എന്നാൽ ഭരണം കൈവിടില്ലെന്ന് പൂർണ വിശ്വാസത്തിലാണ് എൽ.ഡി.എഫ്

കുറ്റിപ്പുറം നിലവിൽ വന്നത് മുതൽ യു.ഡി.എഫ്

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്ന അന്ന് മുതൽ യു.ഡി.എഫാണ് ഭരിക്കുന്നത്. എടയൂർ, ഇരിമ്പിളിയം, ആതവനാട്, കുറ്റിപ്പുറം, മാറാക്കര, കൽപകഞ്ചേരി ഗ്രാമപഞ്ചായത്തുകളാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്നത്. ഈ ആറ് ഗ്രാമ പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. 16 ഡിവിഷനുള്ള ബ്ലോക്കിൽ 10 ഇടത്ത് ലീഗും നാലിടത്ത് കോൺഗ്രസും രണ്ടിടത്ത് സി.പി.എമ്മും ജയിച്ചു. ഒരു ഡിവിഷൻ വർധിച്ച് 17 ആയി. മുസ്‍ലിം ലീഗ് 12 ഡിവിഷനിലും കോൺഗ്രസ് അഞ്ചിടത്തും മത്സരിക്കുന്നു. എൽ.ഡി.എഫിൽ 16 ഡിവിഷനിൽ സി.പി.എമ്മും ഒരു സ്ഥലത്ത് സി.പി.ഐയും മത്സരിക്കുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണം (ജനറൽ) വിഭാഗത്തിനാണ്. വെൽഫെയർ പാർട്ടി രണ്ട് ഡിവിഷനിലും

ബി.ജെ.പി ഒമ്പത് ഡിവിഷനിലും എസ്.ഡി.പി.ഐ ഒരു ഡിവിഷനിലും മത്സരിക്കുന്നു. ഭരണ മാറ്റത്തിന് സാധ്യതയില്ലെങ്കിലും കൂടുതൽ ഡിവിഷനുകൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യമുണ്ട്.

കോട്ടകൾ കാക്കാൻ യു.ഡി.എഫ്

കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽ 2010ൽ രൂപവത്കൃതമായത് മുതലുള്ള മൂന്ന് ഭരണസമിതികളും യു.ഡി.എഫിന്റേതായിരുന്നു. വണ്ടൂർ, നിലമ്പൂർ, മഞ്ചേരി അസംബ്ലി മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കാളികാവ് ബ്ലോക്ക് പഞ്ചായത്ത് കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, തുവ്വൂർ, എടപ്പറ്റ എന്നീ ഏഴ് പഞ്ചായത്തുകൾ ചേർന്നതാണ്. ഇതിൽ അമരമ്പലം, കരുവാരകുണ്ട് ഒഴികെയുള്ള പഞ്ചായത്തുകൾ ഭരിക്കുന്നത് യു.ഡി.എഫാണ്. നിലവിലെ 14 ഡിവിഷനുകളിൽ മുസ്‍ലിം ലീഗ് -അഞ്ച്, കോൺഗ്രസ് -നാല്, സി.പി.എം-നാല് സിപിഐ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഡിവിഷനുകൾ 16 ആയി വർധിച്ചു. യു.ഡി.എഫിൽ മുസ്‍ലിം ലീഗും കോൺഗ്രസും എട്ട് സീറ്റുകളിൽ വീതം സീറ്റുകളിലും എൽ.ഡി.എഫിൽ സി.പി. എം 15 സീറ്റിലും സി.പി.ഐ ഒരു സീറ്റിലും മത്സരിക്കുന്നു. ബി.ജെ.പി 11 സീറ്റിലും എസ്.ഡി.പി.ഐ ഒരു സീറ്റിലും മത്സരിക്കുന്നുണ്ട്. ആഞ്ഞിലങ്ങാടി ഡിവിഷനിൽ സി.പി.എം, സി.പി.ഐ സ്ഥാനാർഥികൾ പാർട്ടി ചിഹ്നത്തിൽ വേറിട്ട് മത്സരിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിലുണ്ടാവാറുള്ള വിള്ളൽ മുതലെടുത്ത് സി.പി.എം പതിയെ നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും ഭരണം പിടിക്കാനുള്ള കരുത്ത് കൈവന്നിട്ടില്ല.

നിലമ്പൂർ േബ്ലാക്ക് പഞ്ചായത്ത് രൂപവത്കൃതമായത് മുതൽ യു.ഡി.എഫിന്‍റെ കോട്ടയാണ്. നിലവിലുള്ള 13 സീറ്റിൽ കോൺഗ്രസ് -നാല്, ലീഗ് -നാല്, സി.പി.എം- നാല്, കേരള കോൺഗ്രസ് എം-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് സീറ്റുകളുടെ വർധനയോടെ ഇത്തവണ 15 സീറ്റുകളുണ്ട്. യു.ഡി.എഫിൽ കോൺഗ്രസ് -ഒമ്പതും ലീഗ് ആറും സീറ്റുകളിൽ മത്സരിക്കുന്നു. എൽ.ഡി.എഫിൽ സി.പി.എം 14 സീറ്റിലും സി.പി.ഐ ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. പതിവിന് വിപരീതമായി ഇക്കുറി ബ്ലോക്ക് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർഥി നിർണയത്തെ ചൊല്ലി ചില വാർഡുകളിൽ യു.ഡി.എഫിലെ തർക്കമാണ് എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്.

വണ്ടൂർ േബ്ലാക്കിനും ആരംഭിച്ച അന്നുമുതൽ യു.ഡി.എഫിനെ തുണച്ച ചരിത്രമാണുള്ളത്. മമ്പാട്, തൃക്കലങ്ങോട്, വണ്ടൂർ, തിരുവാലി, പോരൂർ, പാണ്ടിക്കാട് തുടങ്ങി ആറ് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്. 15 സീറ്റുള്ളത് 18 ആയി വർധിച്ചിട്ടുണ്ട്. 15 ൽ 12 ഉം യു.ഡി.എഫിനെ തുണച്ചപ്പോൾ മൂന്നു സീറ്റാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. ലീഗ് -കോൺഗ്രസ് ചേരിപ്പോരിൽ മാത്രമാണ് എൽ.ഡി.എഫ് പ്രതീക്ഷ. നിലവിലെ 18 സീറ്റിൽ 10 സീറ്റിൽ കോൺഗ്രസും എട്ട് സീറ്റിൽ മുസ്‍ലിം ലീഗും മത്സരംഗത്ത് ഉണ്ട്. സി.പി.എം 18 സീറ്റിലും മത്സരിക്കുന്നു. പോരൂർ, വടപുറം ഡിവിഷനുകളിലാണ് ശക്തമായ മത്സരങ്ങൾ നടക്കുന്നത്.

മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രത്തിൽ യു.ഡി.എഫ് മാത്രമേ ഭരിച്ചിട്ടുള്ളൂ. കുറുവ, മങ്കട, മക്കരപ്പറമ്പ്, മൂർക്കനാട്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി എന്നീ ആറ് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മങ്കട ബ്ലോക്ക് പഞ്ചായത്ത്. ഇതിൽ മൂർക്കനാട് പഞ്ചായത്ത് മാത്രമാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. 13 ഡിവിഷനുകളിൽ രണ്ട് ഡിവിഷൻ മാത്രമാണ് 2020 ൽ സി.പി.എമ്മിന് ലഭിച്ചത്. വാർഡ് വിഭജനത്തിനുശേഷം 15 വാർഡുകൾ ഉണ്ട്. യു.ഡി.എഫിൽ ലീഗ് -10, കോൺഗ്രസ്- നാല്, യു.ഡി.എഫ് സ്വതന്ത്രൻ-ഒന്ന് സീറ്റുകളിൽ മത്സരിക്കുമ്പോൾ എൽ.ഡി.എഫിൽ സി.പി.എം-14, സിപിഐ-ഒന്ന് എന്നിങ്ങനെ മത്സരിക്കുന്നു. ബിജെപി-ഒമ്പത്, എസ്.ഡി.പി.ഐ-അഞ്ച് സ്വതന്ത്രർ-നാല് എന്നിങ്ങനെ 48 സ്ഥാനാർഥികൾ മത്സര രംഗത്ത് ഉണ്ട്. 2015ൽ ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന സി.പി.എമ്മിന് 2020 ൽ രണ്ട് സീറ്റ് നേടാനായി എന്നത് ഒഴിച്ചാൽ വലിയ മുന്നേറ്റങ്ങൾ ഒന്നും നടത്താൻ സാധിച്ചിട്ടില്ല.

അരീക്കോട് ബ്ലോക്ക് പഞ്ചായത്തും രൂപപ്പെട്ടത് മുതൽ ഏറ്റവും കൂടുതൽ തവണ ഭരിച്ചത് യു.ഡി.എഫാണ്. ഏഴു പഞ്ചായത്തുകളാണ് ഈ ബ്ലോക്കിന് കീഴിൽ നിലവിലുള്ളത്. ഇതിൽ എടവണ്ണ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളും യുഡിഎഫിനാണ്. കുഴിമണ്ണ, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കാവനൂർ പുൽപ്പറ്റ ചീക്കോട് എന്നീ പഞ്ചായത്തുകളാണ് ഈ ബ്ലോക്കിന് കീഴിൽ ഉൾപ്പെടുന്ന മറ്റു പഞ്ചായത്തുക്കൾ. 16 സീറ്റുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണ സീറ്റ് വിഭജനത്തിന്റെ ഭാഗമായി മൂന്ന് സീറ്റുകൾ അധികരിച്ചു. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 19 ആയി. കഴിഞ്ഞ തവണ എട്ട് ഡിവിഷനിൽ മുസ്‍ലിം ലീഗും ആറിടത്ത് കോൺഗ്രസും രണ്ടിടത്ത് സി.പി.എമുമാണ് വിജയിച്ചത്. ഇത്തവണ ബ്ലോക്ക് പിടിക്കാൻ എൽ.ഡി.എഫ് കഠിന പരിശ്രമം നടത്തുന്നുണ്ട്.19 വാർഡുകളിലും സ്വതന്ത്ര സ്ഥാനാർഥികളെ ഉൾപ്പെടെ ഇറക്കിയാണ് എൽ.ഡി.എഫ് പോരിന് ഇറങ്ങുന്നത്.

താനൂർ ബ്ലോക്ക് പഞ്ചായത്തും എക്കാലത്തും യു.ഡി.എഫിന്റെ കോട്ടയാണ്. താനാളൂർ, ഒഴൂർ, നിറമരുതൂർ, ചെറിയമുണ്ടം, പൊന്മുണ്ടം, വളവന്നൂർ, പെരുമണ്ണ ക്ലാരി പഞ്ചായത്തുകൾ ചേർന്ന േബ്ലാക്കിൽ നിലവിൽ താനാളൂർ ഒഴികെയുള്ള മുഴുവൻ പഞ്ചായത്തുകളും യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ആകെയുണ്ടായിരുന്ന 16 ഡിവിഷനുകളിൽ 11 ലീഗ് പ്രതിനിധികളും ഒരു കോൺഗ്രസ് പ്രതിനിധിയുമുൾപ്പെടെ ആകെ 12 അംഗങ്ങൾ യു.ഡി.എഫിനുള്ളപ്പോൾ എൽ.ഡി.എഫ് പ്രതിനിധികളായി നാല് സി.പി.എം അംഗങ്ങൾ മാത്രമേയുള്ളൂ. 16 ഡിവിഷനുകളുണ്ടായിരുന്നത് വർധിച്ച് ഇത്തവണ 17 ആയി. വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന ഉറപ്പോടെ യു.ഡി.എഫും ഇത്തവണ കൂടുതൽ നേട്ടമുണ്ടാക്കാനാകുമെന്ന വിശ്വാസത്തിൽ എൽ.ഡി.എഫും മത്സര രംഗത്ത് സജീവമാണ്.

കൊണ്ടോട്ടി േബ്ലാക്ക് പഞ്ചായത്തും യു.ഡി.എഫിന്റെ ശക്തി കേന്ദ്രമാണ്. 17 സീറ്റുകളില്‍ 14 സീറ്റുകളില്‍ യു.ഡി.എഫും മൂന്ന് സീറ്റുകളില്‍ എല്‍.ഡി.എഫുമാണ്. 11 സീറ്റുകളില്‍ മുസ് ലിം ലീഗും മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് നിലവിൽ. പ്രതിപക്ഷത്ത് മൂന്നംഗങ്ങളും സി.പി.എമ്മിന്റെതാണ്. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ അഞ്ചിടത്തും യു.ഡി.എഫ് ഭരണസമിതികളാണ്. ഒരു പഞ്ചായത്ത് മാത്രം എല്‍.ഡി.എഫ് ഭരിക്കുന്നു. ബ്ലോക്കിലുള്‍പ്പെട്ട വാഴയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഇവിടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിനുമാണെന്നതാണ് പ്രത്യേകത. ബ്ലോക്കില്‍ പുളിക്കല്‍, വാഴയൂര്‍ ഗ്രാമ പഞ്ചായത്തുകളിൽ എല്‍.ഡി.എഫിന് മേല്‍ക്കൈയുണ്ട്. എങ്കിലും ബ്ലോക്ക് പരിധി ആകെ പരിശോധിക്കുമ്പോള്‍ യു.ഡി.എഫിനാണ് ഭൂരിപക്ഷം. ഇത്തവണ സീറ്റുകളുടെ എണ്ണം 18 ആയി ഉയര്‍ന്നപ്പോള്‍ യു.ഡി.എഫില്‍ 12 സീറ്റുകളില്‍ മുസ് ലിം ലീഗും ആറ് സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. എല്‍.ഡി.എഫില്‍ 17 സീറ്റുകളില്‍ സി.പി.എമ്മും ഒരു സീറ്റില്‍ എന്‍.സി.പിയുമാണ് മത്സര രംഗത്തുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsElection Newslocalbody by electionMalappuram News
News Summary - local body election
Next Story