മത്സരത്തിനും പദവിക്കുമില്ല; വിജിത്ത് ഇനി പഴയ ജീവിതത്തിലേക്ക്
text_fieldsതേഞ്ഞിപ്പലം: ‘‘ഇനി മുഴുവൻ സമയ പൊതു പ്രവർത്തനത്തിനില്ല. സ്വന്തമായി എന്തെങ്കിലും ഏർപ്പാട് നോക്കണം. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കുറേ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷവും സംതൃപ്തിയുമുണ്ട്’’ -ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ വാക്കുകളാണിത്. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ആലുങ്ങൽ വലിയ പറമ്പ് കേശവപുരിയിലെ വലിയ പറമ്പിൽ വീട്ടിൽ വിജിത്ത് ഇക്കുറി 12ാം വാർഡിൽ സാധ്യതയുണ്ടായിട്ടും മത്സരത്തിനില്ല. കഴിഞ്ഞ തവണ 11ാം വാർഡായ നേതാജിയിൽനിന്ന് മുസ്‍ലിം ലീഗ് എസ്.സി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചാണ് വിജിത്ത് തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായത്. അതിനുമുമ്പ് സെൻട്രിങ് തൊഴിലാളിയായിരുന്നു.
മികച്ച ഫുട്ബാളർ കൂടിയായ വിജിത്ത് കൂട്ടുകാരുടെ കൂടി നിർബന്ധത്തിനൊടുവിലാണ് അന്ന് സ്ഥാനാർഥിയാകാൻ തയാറായത്. പ്രസിഡന്റ് പദവിയിൽ എത്തിയതോടെ മാനസിക സമ്മർദം വിജിത്തിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാൽ പിന്നീട് പ്രസിഡന്റ് സ്ഥാനത്തും പൊതുജന സേവന മേഖലയിലും സജീവമായി. ആലുങ്ങലിൽ കുടുംബാരോഗ്യ കേന്ദ്രം, കളിക്കളം, പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിട സമുച്ചയം, എം.സി.എഫ്, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക സ്കൂൾ തുടങ്ങിയ പദ്ധതികളെല്ലാം വിജിത്ത് പ്രസിഡന്റായിരിക്കെയാണ് എം.എൽ.എ ഫണ്ട് കൂടി ലഭ്യമാക്കി നടപ്പാക്കിയത്. മാതാവ് ലക്ഷ്മി, മക്കളായ സച്ചിൻ, വിഷ്ണു എന്നിവർക്കൊപ്പം ശബരിമല തീർഥാടനത്തിന് ഒരുങ്ങിയിരിക്കുന്ന വിജിത്ത് പുതിയ തൊഴിൽ മേഖലയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

