തീ പാറും ത്രികോണം
text_fields‘വട്ടം’കുളം ത്രികോണം...
വട്ടംകുളം: ബി.ജെ.പി വിജയിച്ച രണ്ട് വാർഡുകളിലാണ് വട്ടകുളം ഗ്രാമ പഞ്ചായത്തിൽ അതിശക്ത ത്രികോണ മത്സരങ്ങൾ അരങ്ങേറുന്നത്. അഞ്ചാം വാർഡ് പൊട്ടൂർ, പതിനെട്ടാം വാർഡ് എരുവപ്ര. ഇവയിൽ ഇത്തവണയും പൊട്ടൂരിൽ എൻ. പത്മ ടീച്ചർ തന്നെയാണ് സ്ഥാനാർഥി. വാർഡ് വിഭജനശേഷം നിലവിൽ പതിനെട്ടാം വാർഡ് 21ലോട്ട് മാറി. സ്ത്രീ സംവരണമായതിനാൽ പതിനെട്ടാം വാർഡ് എരുവപ്രയിൽ മത്സരിച്ചു വിജയിച്ച ദിലീപ് എരുവാപ്രക്ക് പകരമായി പ്രമീള അശോകനാണ് ഇവിടെ സ്ഥാനാർഥി. യു.ഡി.എഫ് സ്ഥാനാർഥികളായി അഞ്ചാം വാർഡിൽ പന്നിക്കോട്ട് രവി കുമാറും 21-ാം വാർഡിൽ സുമതി മോഹനും മത്സരിക്കും. എൽ.ഡി.എഫ് സ്ഥാനാർഥികളായി അഞ്ചാം വാർഡിൽ എസ്. ജിതേഷ്, 21-ാം വാർഡിൽ റീജയും മത്സരിക്കും.
എടപ്പാളിൽ ആര് ഓടും...?
എടപ്പാൾ: എടപ്പാൾ പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ ത്രികോണ മത്സരം നടക്കും. ഇതിൽ കഴിഞ്ഞതവണ രണ്ട് വാർഡുകളിൽ ബി.ജെ.പിയും ഒരു വാർഡിൽ വെൽഫെയർ പാർട്ടിയുമാണ് വിജയിച്ചത്. 2020ൽ വാർഡ് ഒമ്പത് എടപ്പാൾ അങ്ങാടിയിൽനിന്ന് മത്സരിച്ചു വിജയിച്ച വെൽഫയർ പാർട്ടി സ്ഥാനാർഥി മുനീറ നാസർ തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയായി മുഹമ്മദ് കുട്ടിയും എൽ.ഡി.എഫ് സ്ഥാനാർഥിയായി വി.കെ. സുലൈമാനും ഇവിടെ മത്സരിക്കും. കഴിത്തതവണ നാലാം വാർഡ് തറക്കൽ, ആറാം വാർഡ് പെരുമ്പറമ്പ് എന്നീ രണ്ട് സീറ്റുകളാണ് ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചത്. നാലാം വാർഡിൽ നിലവിലെ മെമ്പർ ഷിജില പ്രദീപ് തന്നെയാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാർഥി. ആറാം വാർഡിൽ ബിന്ദു മോളും മത്സരിക്കും. എൽ.ഡി.എഫ് സ്ഥാനാർഥിയായി നാലാം വാർഡിൽ സത്യൻ പവ്വറ്റയും ആറാം വാർഡിൽ പി.വി. ലീലയും മത്സരിക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥികളായി നാലാം വാർഡിൽ ഇ.പി. വേലായുധനും ആറാം വാർഡിൽ ശ്രീദേവി എസ്. നായരും മത്സരിക്കും.
താനൂരിൽ ‘ചൂടോടെ’ കാരാട്
താനൂർ: താനൂർ നഗരസഭയിലെ 24-ാം വാർഡ് കാരാട് ഇത്തവണ കനത്ത ത്രികോണ പോരാട്ടത്തിന് വേദിയാവും. നിലവിൽ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ ഇവിടെ കഴിഞ്ഞതവണ രണ്ടാമതെത്തിയത് ബി.ജെ.പിയായിരുന്നു. 80 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥി ഉമ്മുകുൽസു വിജയിച്ച വാർഡ് നിലനിർത്താനായി മുസ്ലിം ലീഗ് നേതാവ് സി.കെ.എം. ബഷീറിനെ സ്വതന്ത്ര സ്ഥാനാർഥിയായാണ് യു.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്.
ജനകീയ സ്ഥാനാർഥിയെന്ന നിലയിൽ ഇത്തവണ വാർഡ് നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ബി.ജെ.പി ജില്ല സെക്രട്ടറി മല്ലികയെത്തന്നെ കളത്തിലിറക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നാമതായ എൽ.ഡി.എഫ് ഇത്തവണ ജനകീയനും മുൻ ജനപ്രതിനിധിയുമായ സ്വതന്ത്ര സ്ഥാനാർഥി ഒ.കെ. ബേബി ശങ്കറിനാണ് പിന്തുണ പ്രഖ്യാപിച്ചത്.
ചെറുകാവിൽ ‘ചെറിയ’ പോരല്ല
കൊണ്ടോട്ടി: ചെറുകാവ് പഞ്ചായത്തിൽ ഇത്തവണ രണ്ട് വാർഡുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. 10-ാം വാർഡ് ചേവായൂർ, 19-ാം വാർഡ് കൈതക്കുണ്ട് എന്നിവടങ്ങളിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ നേരിട്ടുള്ള പോരാണ്. 2015ൽ ബി.ജെ.പി വിജയിച്ച വാർഡാണ് ചോവായൂർ. കഴിഞ്ഞ തവണ കോൺഗ്രസിന്റെ കെ.വി. മുരളീധരൻ വിജയിച്ച വാർഡിൽ ഇക്കുറി സീറ്റ് തിരിച്ചു പിടിക്കാനാണ് ബി.ജെ.പി ശ്രമം. ആശ ശരത്താണ് ഇത്തവണ ബി.ജെ.പിക്കായി കളത്തിൽ. കോൺഗ്രസിനായി നിലവിലെ മെമ്പർ കെ.വി. മുരളീധന്റെ ഭാര്യ ബിന്ദു മുരളീധരനും പോരിനിറങ്ങുന്നു. അതേസമയം 2015ൽ വിജയിച്ച ബി.ജെ.പി മെമ്പറായ അജിത കല്ലടയെ തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചാണ് എൽ.ഡി.എഫ് പോരാട്ടത്തിലുള്ളത്. കൂടാതെ കൈതക്കുണ്ട് വാർഡിലും ഇത്തവണ പോരാട്ടം കനക്കും. കൈതക്കുണ്ടിൽ നിലവിലെ ബി.ജെ.പിയുടെ മെമ്പറായ സി. ബിന്ദു തന്നെയാണ് ഇക്കുറി മത്സരത്തിനിറങ്ങുന്നത്. യു.ഡി.എഫ് മുതിർന്ന നോതാവ് എൻ. കുട്ട്യാലിയെ രംഗത്തിറക്കിയാണ് മത്സരം കനപ്പിക്കുന്നത്. സൗമ്യ പൊറ്റയിലാണ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥി.
നിലമ്പൂർ ‘കോവിലക’ത്ത് ആര് പിടിമുറുക്കും ?
നിലമ്പൂർ: നഗരസഭയിലെ കോവിലകത്ത് മുറി വാർഡ് രണ്ടിൽ ശക്തമായ ത്രികോണ മത്സരം നടക്കും. കോൺഗ്രസിന്റെ മുൻ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ്, സി.പി.എമ്മിന്റെ ഇത്തവണത്തെ വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണൻ, കന്നി അങ്കത്തിനിറങ്ങിയ ബി.ജെ.പിയുടെ ഗീത എന്നിവരാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞതവണ ശക്തമായ ത്രികോണ മത്സരം നടന്ന വാർഡിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായിരുന്ന വിജയനാരായണനാണ് വിജയിച്ചത്. ഇക്കുറി വനിത വാർഡായ ഇവിടം പിടിച്ചെടുക്കാനാണ് എൽ.ഡി.എഫും യു.ഡി.എഫും തങ്ങളുടെ ചെയർപേഴ്സൻ സ്ഥാനത്തേക്ക് കാണുന്ന ശക്തരായ സ്ഥാനാർഥികളെ ഗോദയിൽ ഇറക്കിയിരിക്കുന്നത്.
വഴിക്കടവിൽ വഴിമാറുമോ
വഴിക്കടവ്: പഞ്ചായത്തിലെ വാർഡ് നാല് വെങ്ങാപാടത്ത് ‘ചതുർകോണ’ മത്സരത്തിനാണ് കളമൊരുങ്ങിയത്. മുൻ പഞ്ചായത്ത് അംഗം വിചിത്ര സുകു തൃണമൂലിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി വന്നതോടെയാണ് ചതുർകോണ മത്സരത്തിലേക്ക് നീങ്ങിയത്. മഹിള യുവമോർച്ചയുടെ ജില്ല നേതാവ് ജിജി ഗിരീഷിനെയാണ് ബി.ജെ.പി കളത്തിൽ ഇറക്കിയിരിക്കുന്നത്. സുനീറയാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥി. യു.ഡി.എഫിന്റെ സ്ഥാനാർഥി പി.പി. സക്കീനയാണ്. കഴിഞ്ഞ തവണ കുറഞ്ഞവോട്ടിന് കോൺഗ്രസാണ് ഇവിടെ ജയിച്ചത്. വഴിക്കടവ് വാർഡ് മൂന്ന് വെണ്ടേക്കുംപൊട്ടിയിലും ഇത്തവണ മത്സരം മറുകും. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഇ.എ. സുകു തൃണമൂലിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി അങ്കത്തിനിറങ്ങിയതോടെ ഇവിടെ ത്രികോണ മത്സരമാവും. 2015ൽ ഈ വാർഡിൽ നിന്നും വിജയിച്ചാണ് സുകു എൽ.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റായത്. സി. ബാബുരാജാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥി. കോൺഗ്രസിന്റെ നിലവിലെ പഞ്ചായത്ത് അംഗം എം. സൈതലവിയാണ് യു.ഡി.എഫ് സ്ഥാനാർഥി.
വളാഞ്ചേരിയിൽ പോര് ‘വിളയും’
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ മൂന്ന് വാർഡുകളിൽ ഇത്തവണ ത്രികോണപോരുണ്ട്. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തമ്മിലാണ് ഈ വാർഡുകളിലെ പ്രധാന മത്സരം. ബി.ജെ.പിയുടെ കഴിഞ്ഞ തവണത്തെ കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണനാണ് ഇത്തവണ താമരക്കുളം വാർഡിൽ മത്സരിക്കുന്നത്. ജനറൽ വാർഡായിട്ടും താമരക്കുളം വാർഡിൽ എൽ.ഡി.എഫിന് വേണ്ടി നിലവിലെ കൗൺസിലർ സാജിത ടീച്ചർ തന്നെ മത്സരിക്കും. യു.ഡി.എഫ് സ്ഥാനാർഥിയായി കെ.എം. ഉണ്ണികൃഷ്ണാണ് ഈ വാർഡിൽ മത്സരിക്കുന്നത്.
വാർഡ് 10ൽ വൈക്കത്തൂരിൽ മുൻ നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ (കോൺ.) ആണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച ബി.ജെ.പിക്ക് എം. രവീന്ദ്രനാണ് സ്ഥാനാർഥി. കുളൂർ വസന്തകുമാരിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച ഏക വാർഡായ മൈലാടിയിൽ എൽ.ഡി.എഫ് (സ്വത) സ്ഥാനാർഥിയായി ജംഷീറ ടീച്ചറും വാർഡ് തിരിച്ചു പിടിക്കാൻ യു.ഡി.എഫ് സ്ഥാനാർഥിയായി അഡ്വ. ഹർഷയെയും മത്സരിക്കും. വാർഡ് നിലനിർത്താൻ എൻ.ഡി.എ സ്ഥാനാർഥിയായത് വി.ടി. സരസ്വതിയാണ്.
പോരാടാൻ പൊന്നാനി
പൊന്നാനി: നഗരസഭയിൽ ഒമ്പതിടങ്ങളിലാണ് ത്രികോണപ്പോര്. ഏഴിടങ്ങളിൽ ബി.ജെ.പിയും ഒരിടത്ത് എസ്.ഡി.പി.ഐയും ഒരു വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയുമാണ് മത്സരാവേശം കൂട്ടി രംഗത്തുള്ളത്. നഗരസഭയിലെ വാർഡ് 13 നൈതല്ലൂർ, 14 അത്താണി, 19 ഗ്രാമം, 24 കടവനാട് , 28 പള്ളപ്രം, 29 ഉറൂബ് നഗർ, 31 തെയ്യങ്ങാട് എന്നിവിടങ്ങളിലാണ് ബി.ജെ.പി, സി.പി.എം, കോൺഗ്രസ് സ്ഥാനാർഥികളുടെ നേരിട്ടുള്ള മത്സരം. വാർഡ് 12 ഈശ്വരമംഗലത്ത് സ്വതന്ത്ര സ്ഥാനാർഥി വി.വി. ആഷിഖ് സി.പി.എം, കോൺഗ്രസ് സ്ഥാനാർഥികൾക്ക് വെല്ലുവിളിയായി രംഗത്തുണ്ട്. പഴയ ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന ആഷിഖിന് വിജയ സാധ്യതയും കൽപ്പിക്കുന്നുണ്ട്. തീരദേശ വാർഡുകളിൽ ഒന്നായ എം.ഇ.എസ് കോളജ് 49-ാം വാർഡിൽ സി.പി.എം, കോൺഗ്രസ് സ്ഥാനാർഥികൾക്കൊപ്പം എസ്.ഡി.പി.ഐ സ്ഥാനാർഥിയുമുണ്ട്.
‘കോട്ട’ ആരുപൊളിക്കും
കോട്ടക്കൽ: നഗരസഭയിൽ രണ്ട് വാർഡുകളിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. കോട്ടപ്പടിയിലും മൈത്രി നഗറിലുമാണ് ഇത്തവണ പോരാട്ടം തീപാറുക. ഇരു വാർഡുകളിലും ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ്. നഗരസഭ രൂപവത്കരിച്ചതുമുതൽ നായാടിപ്പാറ (28), മൈത്രി നഗർ (അഞ്ച്) വാർഡുകളിൽ ബി.ജെ.പിക്കായിരുന്നു വിജയം. വാർഡ് വിഭജനശേഷവും ഇവിടെ വാശിയേറിയ പോരാട്ടം നടക്കും.
മൈത്രി നഗറിൽ ലീഗ് സ്വതന്ത്ര സ്ഥാനാഥിയായി അയ്യൂബ് വടക്കനാണ് രംഗത്ത്. എൽ.ഡി.എഫിന്റെ സ്ഥാനാർഥി സി. വിമൽ കുമാറാണ്. മൂന്നാമതും വാർഡ് നിലനിർത്താൻ രംഗത്തുള്ളത് മുൻ കൗൺസിലർ രാജ സുലോചനയുടെ ഭർത്താവ് ഇടപ്പരുത്തി കൃഷ്ണകുമാറാണ് ബി.ജെ.പി സ്ഥാനാർഥി. പുതിയ വാർഡായ കോട്ടപ്പടിയിൽ നിലവിലെ കൗൺസിലർ കെ. ഗോപിനാഥന്റെ ഭാര്യ വസന്തയാണ് ബി.ജെ.പി സ്ഥാനാർഥി. 33-ാം വാർഡിലെ കൗൺസിലർ രാഗിണി ഉള്ളാട്ടിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസിനായി രംഗത്തുള്ളത് നവ്യ മോഹനാണ്.
പരപ്പനങ്ങാടിയിൽ ‘തിരയി’ളകും...
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിൽ ചില വാർഡുകളിൽ ത്രികോണപോരിന് സമാനമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി മത്സരിക്കുന്ന പല വാർഡുകളിലും ത്രികോണ മത്സരമുണ്ടന്നെ പ്രചാരണമുണ്ടെങ്കിലും വോട്ട്കണക്കുകളിൽ എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ തമ്മിലാണ് നേരിട്ടുള്ള പോരാട്ടം.
നഗരസഭയിലെ 42, 4 3, 6, 26, 29, 30 വാർഡുകളിൽ എൽ.ഡി.എഫ്, ബി.ജെ.പി, യു.ഡി.എഫ് സ്ഥാനാർഥികൾ ശക്തമായി പ്രചാരണ രംഗത്തുണ്ട്. ബി.ജെ.പിക്ക് നിലവിൽ മൂന്ന് വാർഡുകളിൽ സീറ്റുണ്ട്. ജനകീയ സ്ഥാനാർഥികളായി മത്സരിക്കുന്ന എസ്.ഡി.പി.ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികളുടെ സാനിധ്യം 18, 30, 3 വാർഡുകളിലും ശക്തമായ മത്സത്തിന് ഇടവരുത്തും.
ചേസ്... ചേലേമ്പ്ര
ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി എന്നിവർക്ക് ശക്തമായ വേരോട്ടമുള്ള വാർഡുകളാണ് അഞ്ച്, ആറ്, 12 എന്നിവ. കഴിഞ്ഞ വർഷം മൂന്ന് സീറ്റുകൾ ആണ് ബി.ജെ.പിക്ക് ചേലേമ്പ്രയിൽ ലഭിച്ചത്. ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിക്കും എന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. വിഭജനത്തെ തുടർന്ന് നേരത്തെ ഉണ്ടായ വാർഡുകൾ പലതും വിവിധ ഭാഗങ്ങളിൽ ഉൾപെട്ടെങ്കിലും ഈ മൂന്ന് വാർഡുകളിൽ ശക്തമായ പ്രചാരണമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

