പെരുമ്പറ മുഴങ്ങി; തുറക്കുന്നു, പോർമുഖം
text_fieldsമലപ്പുറം: തദ്ദേശപോരിന് തീയതി കുറിച്ചതോടെ, നാട് പ്രചാരണച്ചൂടിലേക്ക്. ജനാധിപത്യ ഉത്സവത്തിന്റെ പെരുമ്പറ മുഴക്കി നാടും നഗരവും തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക് പ്രവേശിക്കുകയാണ്. സീറ്റ് വിഭജനം പൂർത്തിയാക്കി രാഷ്ട്രീയ പാർട്ടികൾ പോരിന് സജ്ജമായി. ഹൈവോൾട്ടേജ് പ്രചാരണ യുദ്ധത്തിനാണ് ജില്ല സാക്ഷിയാവാൻ പോകുന്നത്. ജനമനസ്സ് കീഴടക്കാൻ, നാനാവിധ തന്ത്രങ്ങളുമായി സ്ഥാനാർഥികൾ നാടിന്റെ മുക്കുമൂലകളിൽ സജീവമാകുകയാണ്. പരമ്പരാഗത പ്രചാരണമുറകൾക്കൊപ്പം സാമൂഹിക മാധ്യമ കാമ്പയിനുള്ള ഒരുക്കവും അണിയറയിൽ തകൃതി. വോട്ടർപട്ടികയിൽ പേർ ചേർക്കുന്നതിലുള്ള കണിശതയിൽ തുടങ്ങി കൺവെൻഷനുകളും ഭവനസന്ദർശനവും അടക്കം ചിട്ടയായ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് രാഷ്ട്രീയ പാർട്ടികൾ അങ്കംകുറിക്കുന്നത്. അനൗൺസ്മെന്റും പോസ്റ്ററുകളും ചുമരെഴുത്തുമായി നാട് ശബ്ദമുഖരിതമാകുകയാണ്. വാഗ്ദാന പെരുമഴ തീർത്ത്, ജനമനസുകൾ കീഴടക്കാൻ ഒരുങ്ങുന്ന സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ഇനി ഊണും ഉറക്കവുമില്ലാത്ത നാളുകൾ.
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായി കാണുന്ന യു.ഡി.എഫ് പരമാവധി വാർഡുകൾ പിടിക്കാനുള്ള ഒരുക്കത്തിലാണ്. വളരെ നേരത്തെ തന്നെ വാർഡുതലത്തിൽ മുന്നൊരുക്കം നടത്തിയ കോൺഗ്രസും ലീഗും മുമ്പുള്ളതിനേക്കാൾ അധികം ഐക്യത്തിലാണ്. പ്രാദേശിക തർക്കം പറഞ്ഞുതീർക്കാനുള്ള പരിശ്രമത്തിലാണ് യു.ഡി.എഫ് നേതൃത്വം.
പ്രാരംഭപ്രവർത്തനം ചിട്ടയോടെ പൂർത്തീകരിച്ചാണ് എൽ.ഡി.എഫ് പോരിന് സജ്ജമായിരിക്കുന്നത്. വോട്ടുചേർക്കലിനും കൺവെൻഷനും സ്ക്വാഡുവർക്കുകൾക്കും ശേഷം പഞ്ചായത്ത്, മുനിസിപ്പൽ റാലികളിലൂടെ പ്രവർത്തകരെ സജീവമാക്കാൻ ഇടതിനായിട്ടുണ്ട്. സീറ്റു വിഭജനത്തിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ ചിലയിടങ്ങളിൽ തർക്കങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും എൽ.ഡി.എഫിൽ ഘടകകക്ഷികൾ തമ്മിൽ പൊതുവേ കാര്യമായ പ്രശ്നങ്ങളില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കം വളരെ നേരത്തെ ആരംഭിച്ച ബി.ജെ.പി സ്വാധീനമുള്ള വാർഡുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ചുകഴിഞ്ഞു. വാർഡ് കൺവെൻഷനുകൾക്കും സ്ഥാനാർഥി നിർണയത്തിനും ശേഷം പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളിൽനിന്ന് നിർദേശം ക്ഷണിക്കുന്ന പ്രക്രിയയിലാണ് വെൽഫെയർ പാർട്ടി. നഗരസഭയിലും ഗ്രാമപഞ്ചായത്തിലുമായി ജില്ലയിൽ 400ലേറെ വാർഡുകളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി.
122 തദ്ദേശ സ്ഥാപനങ്ങൾ
ജില്ലയിലെ 122 തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടുത്ത അഞ്ച് വർഷത്തേക്കുള്ള വിധി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഡിസംബർ 11ന് നടക്കുന്നത്. മലപ്പുറം ജില്ല പഞ്ചായത്തും ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളും 15 േബ്ലാക്ക് പഞ്ചായത്തുകളും 12 നഗരസഭകളും അഞ്ച് വർഷത്തേക്ക് ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതാൻ പോകുകയാണ്. 33 ജില്ല പഞ്ചായത്ത് ഡിവിഷനിലേക്കും 250 േബ്ലാക്ക് ഡിവിഷനുകളിലേക്കും 2001 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും 505 നഗരസഭ വാർഡുകളിലേക്കുമുള്ള സാരഥികളെ തീരുമാനിക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.
35.74 ലക്ഷം വോട്ടർമാർ
ജില്ലയിലെ 35,74,802 വോട്ടർമാരാണ് 2025ലെ തദേശഭരണ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 18,52,653 വനിത വോട്ടർമാർക്കും 17,22,100 പുരുഷവോട്ടർമാർക്കും പുറമേ 49 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ജില്ലയിലുണ്ട്. പുരുഷൻമാരെ അപേക്ഷിച്ച് 1,30,553 വനിത വോട്ടർമാർ ജില്ലയിൽ കൂടുതലുണ്ട്. പ്രവാസി വോട്ടർമാരുടെ എണ്ണം 447. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

