പെരിന്തൽമണ്ണ: പാതായ്ക്കര ഭാഗത്ത് വാഹന പരിശോധനക്കിടെ മോട്ടോർ സൈക്കിളിൽ കടത്തുകയായിരുന്ന 10 കുപ്പി മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പട്ടാമ്പി താലൂക്ക് കുലുക്കല്ലൂർ ചുണ്ടംപറ്റ മുത്തലക്കോട്ടുപടി ഉണ്ണികൃഷ്ണനെയാണ് (30) പെരിന്തൽമണ്ണ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മദ്യവും മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രകളും മറ്റും കുറഞ്ഞത് മറയാക്കി പെരിന്തൽമണ്ണയിലും പരിസരങ്ങളിലും അനധികൃത മദ്യവിൽപന വർധിച്ചിട്ടുണ്ട്.
ബിവറേജസിൽനിന്ന് വൻതോതിൽ മദ്യം വാങ്ങി ഉൾപ്രദേശങ്ങളിൽ കൂടിയ വിലക്ക് വിൽക്കുകയാണ്. വിദ്യാർഥികളും യുവാക്കളുമാണ് ഉപഭോക്താക്കൾ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അനധികൃത മദ്യവിൽപനയും മയക്കുമരുന്ന് കച്ചവടവും സംബന്ധിച്ച് പരാതികളും രഹസ്യ വിവരങ്ങളും ലഭിച്ചാൽ പരിശോധന നടത്തും.