മിന്നൽ: പെരുവള്ളൂരിൽ സ്ത്രീക്ക് പരിക്ക്; മൂന്നു വീടുകളുടെ മേൽക്കൂര തകർന്നു, പാണ്ടിക്കാട്ട് വീടിന് നാശം
text_fieldsചെമ്പ്രശ്ശേരിയിൽ മിന്നലിൽ നശിച്ച വീട്
തേഞ്ഞിപ്പലം: ശക്തമായ മിന്നലിൽ പെരുവള്ളൂർ പൊറ്റമ്മൽ മാട്ടിലെ അടുത്തടുത്ത മൂന്നു വീടുകൾക്ക് കനത്ത നാശനഷ്ടം. വീട്ടമ്മക്കും പരിക്ക്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. സി.സി. മുജീബ്, സി.സി. ഇസ്മായിൽ, സി.സി. മൊയ്തീൻ എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്.
മൂന്നു വീടുകളിലെയും മീറ്റർ ബോഡും വൈദ്യുതി ഉപകരണങ്ങളും പൊട്ടിത്തെറിക്കുകയും കത്തി നശിക്കുകയും ചെയ്തു. മുജീബിെൻറ ഭാര്യ മൈമൂനക്കാണ് കാലിന് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാണ്ടിക്കാട്: മിന്നലേറ്റ് വീടിന് കനത്ത നാശം. ചെമ്പ്രശ്ശേരി ഈസ്റ്റ് നാട്ടുകല്ലിലെ പിലാക്കൽ നിസാറിെൻറ വീടിനാണ് പരക്കെ നാശമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് ഇടിമിന്നലേറ്റത്. വീടിെൻറ ചുമരുകളും നിലവും പലയിടത്തും പൊട്ടിപ്പൊളിഞ്ഞു. വൈദ്യുത മീറ്ററും വയറിങ്ങും കത്തിക്കരിഞ്ഞു. വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ, വീട് പൂർണമായും നശിച്ചതിനാൽ വാസയോഗ്യമല്ലാതായി. സമീപത്തെ റോഡും മരങ്ങളും മിന്നലിൽ വീണ്ടുകീറി.

