കാരക്കുന്നിൽ വീണ്ടും പുലി; ആശങ്ക മാറാതെ നാട്ടുകാർ
text_fieldsതൃക്കലങ്ങോട്: പുലിഭീതി വിട്ടുമാറാതെ കാരക്കുന്നും പരിസരവും. കാരക്കുന്നിലെ പുലത്ത് നിന്ന് എളങ്കൂർ ഭാഗത്തേക്കുള്ള റോഡിൽ മജീദ് പുലത്തിന്റെ വീടിന് സമീപം ഞായറാഴ്ച രാത്രി പത്തോടെ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ബൈക്ക് യാത്രക്കാരായ യാസീൻ പുലത്ത്, റാഷിദ് പുലത്ത് എന്നിവരാണ് പുലിയെ കണ്ടത്. പുലി ബൈക്കിന് പിന്നാലെ ഓടിയെന്നും തുടർന്ന് പെട്ടെന്ന് ഓടിമറഞ്ഞെന്നും ഇവർ പറയുന്നു.
നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ഉച്ചക്ക് 2.30 വരെ ആർ.ആർ.ടിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുലിയെ കണ്ടതായി പറയുന്ന സ്ഥലത്തും പ്രദേശത്തെ മലകളിലും തെരച്ചിൽ നടത്തി. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
പുലി ഭക്ഷിച്ച സാധനങ്ങളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടെത്തിയിട്ടില്ല. മൃഗങ്ങൾക്ക് നേരെയും ആക്രമണവുമുണ്ടായിട്ടില്ല. കാൽപാടുകൾ കണ്ടെത്തിയെങ്കിലും പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി. ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ലഭിച്ചാൽ കെണി സ്ഥാപിക്കാമെന്ന് വനംവകുപ്പ് അറിയിച്ചതായി വാർഡംഗം ലുക്മാൻ പുലത്ത് പറഞ്ഞു. ഒരാഴ്ചക്കിടെ കാരക്കുന്നിലും പരിസരങ്ങളിലും നിരവധി സ്ഥലങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നായരങ്ങാടി ചെവിടിക്കുന്ന് ക്ഷേത്രത്തിനടുത്തും ഇതിന് മുമ്പ് പള്ളിപ്പടി അയങ്കോട്ടും പന്ത്രാലയിലും പുലിയെ കണ്ടതായി വിവരമുണ്ടായിരുന്നു. എന്നാൽ, വ്യക്തമായ തെളിവുകളോ ദൃശ്യങ്ങളോ ലഭിച്ചിട്ടില്ല. തുടർച്ചയായി ജനവാസമേഖലയിൽ പുലിയുടെ സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാമറകളും കൂടുകളും സ്ഥാപിച്ച് ആശങ്ക ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

