റെയിൽവേ ട്രാക്കിൽ കല്ലുവെച്ചതിന് നാല് കുട്ടികൾക്കെതിരെ നിയമ നടപടി
text_fieldsതിരൂർ: റെയിൽവേ ട്രാക്കിൽ കല്ലുവെച്ചതിനും അപകടകരമാം വിധത്തിൽ ട്രാക്കിലൂടെ നടന്നതിനും നാലുകുട്ടികൾക്കെതിരെ തിരൂരിൽ ജുവൈനൽ ജസ്റ്റിസ് ബോർഡ് നടപടി. ആർ.പി.എഫ് നടത്തിയ അന്വേഷണത്തിൽ കുറ്റം കണ്ടെത്തിയതിനെത്തുടർന്നാണ് കുട്ടികൾക്കെതിരെ നിയമപരമായ നടപടി സ്വീകരിച്ചത്. തിരൂർ, താനൂർ റെയിൽവേ സ്റ്റേഷനുകളുടെ ഇടക്കുവെച്ചാണ് ശിക്ഷ നടപടിക്ക് ആസ്പദമായ സംഭവം നടന്നത്.
സ്കൂൾ വിട്ടുപോകുകയായിരുന്ന നാലുകുട്ടികൾ റെയിൽവേ ട്രാക്കിലൂടെ അപകടകരമാം വിധത്തിൽ നടന്നുപോകുന്നത് കണ്ടപ്പോൾ ആർ.പി.എഫ് ഉദ്യോഗസ്ഥർ പിന്തുടരുകയായിരുന്നു. കുറച്ചുദൂരം നടന്നുമുന്നോട്ട് പോയ ഇവർ ട്രാക്കിൽ കല്ലുകൾ വെച്ചതുകൂടി ശ്രദ്ധയിൽപെട്ടതോടെ ആർ.പി.എഫ് ഇവരെ പിടിച്ചുനിർത്തി ഉപദേശിക്കുകയും രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും സാന്നിധ്യത്തിൽ അവർക്കു വേണ്ട പ്രാഥമികമായ കൗൺസിലിങ് നൽകുകയും അവരുടെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് തയ്യാറാക്കി ജുവൈനൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കുകയുമായിരുന്നു.
ട്രാക്കുകളിൽ ആർ.പി.എഫിന്റെ പരിശോധന ദിവസേന നടക്കുന്നുണ്ടെന്നും പരിശോധനയിൽ പിടിക്കപ്പെട്ടാൽ അത് മുതിർന്നവരായാലും കുട്ടികളായാലും കർശനമായ നിയമനടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും ആർ.പി.എഫ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായപ്പോൾ അതിൽ ഉൾപ്പെട്ട എല്ലാവരെയും പിടികൂടുകയും തക്കതായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ആർ.പി.എഫ് സേനാംഗങ്ങൾ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ പ്രത്യേകിച്ച് കുട്ടികൾ അവരുടെ ഭാവിയിൽ ജോലി സംബന്ധമായ കാര്യങ്ങളിൽ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുമെന്നും ആർ.പി.എഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

