അങ്കത്തട്ടിലെ ഇടതു തേരാളികൾ
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. മലപ്പുറം മണ്ഡലത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫും പൊന്നാനിയിൽ ഇടതു സ്വതന്ത്രനായി മുൻ ലീഗ് നേതാവ് കെ.എസ്. ഹംസയും മാറ്റുരക്കും.
ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് ലോക്സഭ മണ്ഡലത്തിൽ സി.പി.ഐ ദേശീയ നേതാവ് ആനിരാജ ഇടതുസ്ഥാനാർഥിയാകും. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഇടതുസ്ഥാനാർഥികളുടെ പ്രചാരണത്തിന് ചൊവ്വാഴ്ച റോഡ്ഷോയോടെ തുടക്കമായി. ആനി രാജ മാർച്ച് ഒന്നിന് മണ്ഡലത്തിൽ സജീവമാകും. ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും.
കെ.എസ്. ഹംസ (പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി)
തൃശൂർ ചെറുതുരുത്തി തൊഴുപ്പാടം സ്വദേശി. മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ്, മുസ്ലിം ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി, പാഞ്ഞാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ, ആറ്റൂർ അറഫ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറിയും അറഫ ബി.എഡ് കോളജ്, ദേശമംഗലം മലബാർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ഇഖ്റ എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ചെയർമാനാണ്.
വി. വസീഫ് (മലപ്പുറം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി)
തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖം. കോഴിക്കോട് കൊടിയത്തൂർ സ്വദേശി. എംകോം, എം.എഡ് ബിരുദധാരി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയംഗം. ബാലസംഘത്തിലൂടെ സംഘടന രംഗത്ത് എത്തി. എസ്.എഫ്.ഐ കോഴിക്കോട് ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ ചുമതലകൾ നിർവഹിച്ചു. കാലിക്കറ്റ് സർവകലാശാല യൂനിയൻ ചെയർമാൻ ആയിരുന്നു.
കോഴിക്കോട് കൂമ്പാറ ഫാത്തിമാബി മെമോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്നു. നാലുവർഷം സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) ജില്ല പ്രോഗ്രാം ഓഫിസറായി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായതോടെ അവധിയിൽ പ്രവേശിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ അക്കൗണ്ട്സ് ഓഫിസറായിരുന്ന വളപ്പിൽ ബീരാൻകുട്ടിയുടെയും വഹീദയുടെയും മകനാണ്. ഡോ. അർഷിദയാണ് ഭാര്യ. മക്കൾ: ഐൻ, അലൈൻ, അഥീൻ.
ആനി രാജ (വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി)
ദേശീയതല സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വനിത നേതാവ്. മണിപ്പൂർ കലാപത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി. ദേശീയ മഹിള ഫെഡറേഷൻ (എൻ.എഫ്.ഐ.ഡബ്ല്യു) ജനറൽ സെക്രട്ടറി, സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളാണ്. എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായി തുടക്കം. മഹിള സംഘം കണ്ണൂർ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു. 22ാം വയസിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് ജീവിത പങ്കാളി. എ.ഐ.എസ്.എഫ് നേതാവ് അപരാജിത രാജ ഏക മകൾ.
പൊന്നാനിയിൽ ചുറ്റിക അരിവാൾ 46 വർഷത്തിനുശേഷം
മലപ്പുറം: കെ.എസ്. ഹംസ പാർട്ടി ചിഹ്നത്തിൽ മത്സരത്തിനിറങ്ങുന്നതോടെ 46 വർഷത്തിനുശേഷമാണ് പൊന്നാനി ലോക്സഭ മണ്ഡലത്തിൽ ചുറ്റിക അരിവാൾ നക്ഷത്രം തിരിച്ചെത്തുന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇടത് സ്വതന്ത്രരെ സ്വതന്ത്ര ചിഹ്നത്തിൽ കളത്തിലിറക്കിയ സി.പി.എം ഇക്കുറി വേറിട്ട പരീക്ഷണത്തിനാണ് തയാറെടുക്കുന്നത്.
ഐക്യകേരള രൂപവത്കരണ ശേഷം 1962ലും 1967ലും 1971ലും നടന്ന തെരഞ്ഞെടുപ്പുകളിൽ പൊന്നാനി മണ്ഡലം ഇടതിനൊപ്പമായിരുന്നു. 1962ൽ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ഇ.കെ. ഇമ്പിച്ചി ബാവ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായി പൊന്നാനിയിൽനിന്ന് പാർലമെന്റംഗമായി. പാർട്ടി പിളർപ്പിനുശേഷം നടന്ന 1967ലെ തെരഞ്ഞെടുപ്പിൽ സി.പി.എം ടിക്കറ്റിൽ സി.കെ. ചക്രപാണിയും 1971ൽ എം.കെ. കൃഷ്ണനുമാണ് വിജയിച്ചത്.
മണ്ഡല പുനർനിർണയശേഷം 1977ലെ തെരഞ്ഞെടുപ്പിലാണ് പൊന്നാനിയിൽ ലീഗിന്റെ ജൈത്രയാത്രയുടെ ആരംഭം. ആ തെരഞ്ഞെടുപ്പിൽ ജി.എം. ബനാത്ത്വാലക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടത് സി.പി.എമ്മിലെ എം. മൊയ്തീൻകുട്ടി ഹാജി. ഇദ്ദേഹമാണ് ഏറ്റവുമൊടുവിൽ സി.പി.എം ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിച്ചത്.
1980ൽ ഇടതുസ്ഥാനാർഥി കോൺഗ്രസ് (യു)വിലെ ആര്യാടൻ മുഹമ്മദ്. 1984ൽ കൊളാടി ഗോവിന്ദൻകുട്ടിയിൽ തുടങ്ങി 2004വരെയും മത്സരിച്ചത് സി.പി.ഐ സ്ഥാനാർഥികൾ. 2009ൽ സി.പി.എം മണ്ഡലം ഏറ്റെടുക്കുകയും പൊതുസ്വതന്ത്രരെ ഇറക്കിയുള്ള രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

