ലീഗിലെ ചേരിപ്പോര്: സഹകരണ ആശുപത്രി പദ്ധതി നീളുന്നു
text_fieldsസഹകരണ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിക്കായി വാങ്ങിയ പുന്നക്കാട്ടെ സ്ഥലം
കരുവാരകുണ്ട്: സഹകരണ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി കെട്ടിട നിർമാണം നീളുന്നു. മുസ്‍ലിം ലീഗിനകത്തെ പ്രാദേശിക ചേരിതിരിവാണ് പദ്ധതി അനന്തമായി നീളാൻ കാരണം. മലപ്പുറം പി.എം.എസ്.എ സഹകരണ ആശുപത്രിയുടെ കീഴിലാണ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി വരുന്നത്. കഴിഞ്ഞ ജൂണിൽ ഇതിന്റെ പ്രോജക്ട് ലോഞ്ചിങ്ങും രൂപരേഖ പ്രകാശനവും നടന്നിരുന്നു. 150 കിടക്കകളും 25 ചികിത്സ വിഭാഗങ്ങളും അടങ്ങുന്ന16 കോടി രൂപയുടെ വൻ പദ്ധതിയായതിനാൽ വിപുലമായ ഓഹരി ശേഖരണവും നടന്നു.
ആദ്യഘട്ടത്തിൽ സൂപ്പർ സ്പെഷാലിറ്റി ക്ലിനിക്ക് തുറക്കാനും 2024ഓടെ പൂർണ തോതിൽ പ്രവർത്തനം തുടങ്ങാനുമായിരുന്നു രൂപരേഖ തയാറാക്കിയത്.പുന്നക്കാട് ടൗണിന് സമീപം 104 സെന്റ് ഭൂമി രജിസ്ട്രേഷൻ നടത്തി. ഇത് പക്ഷേ, പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ പൂർണ അറിവോടെയായിരുന്നില്ല. കെട്ടിട നിർമാണത്തിനുള്ള പ്രവൃത്തി തുടങ്ങാനിരിക്കെയാണ് സ്ഥലത്തേക്ക് അംഗീകൃത വഴിയില്ല എന്നറിയുന്നത്. ഇതോടെ നിർമാണാനുമതി തള്ളി. പാർട്ടിയിലെ ചിലർ ഇത് ആയുധമാക്കിയതോടെ പദ്ധതി തടസ്സപ്പെടുകയായിരുന്നു.
ആഗസ്റ്റിൽ പ്രാരംഭ ക്ലിനിക് തുറക്കാനായിരുന്നു ശ്രമം. ഇതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുന്നക്കാട്ടെ കെട്ടിടം നൽകാനായി അപേക്ഷ നൽകിയിരുന്നു. ഈ കെട്ടിടത്തിലെ മുറികൾ പലതും ഒഴിഞ്ഞു കിടക്കുകയാണ്. ലീഗ് നേതൃത്വത്തിലുള്ള ഭരണസമിതിയായിട്ടും അപേക്ഷ തള്ളി. രണ്ടാമത് നൽകിയതും തള്ളി. ഇതോടെയാണ് ക്ലിനിക് തുറക്കലും മുടങ്ങിയത്. ഇതിന് പിന്നിലും ചില ലീഗ് നേതാക്കളായിരുന്നു എന്നാണ് ആരോപണം.
ആശുപത്രി ഡയറക്ടർ ബോർഡ് ചെയർമാൻ കെ.പി.എ. മജീദ്, അംഗം മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടില്ല. അതേസമയം, കരുവാരകുണ്ടിനുശേഷം തുടങ്ങാനിരുന്ന ചട്ടിപ്പറമ്പിലെ സ്പെഷാലിറ്റി ശാഖ കഴിഞ്ഞദിവസം തുറക്കുകയും ചെയ്തു. തടസ്സങ്ങൾ നീക്കി പദ്ധതി ആരംഭിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പാർട്ടി എന്നും പദ്ധതി നീളാൻ കാരണം സാങ്കേതിക പ്രശ്നങ്ങളാണെന്നുമാണ് പഞ്ചായത്ത് ലീഗ് സെക്രട്ടറി എം.കെ. മുഹമ്മദലി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

