മണ്ണ് മാഫിയയുടെ കൈയേറ്റം; പറവൂര്‍ കീരിക്കുന്ന് എസ്.സി കോളനി റോഡ് ഇല്ലാതായി
text_fieldsചെറുകാവ്: പുളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും ചെറുകാവ് ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തിയിലെ ഗ്രാമീണ റോഡ് മണ്ണ് മാഫിയ കൈയറിയതോടെ ഇല്ലാതായി. പറവൂരില്‍ നിന്ന് കീരിക്കുന്ന് എസ്.സി കോളനി വഴി പുളിക്കലിലെ വലടിക്കലില് എത്തുന്ന ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പൊതു റോഡാണ് ഇല്ലാതായത്. റോഡിനോട് ചേര്‍ന്ന് സ്വകാര്യ സ്ഥലത്ത് നടക്കുന്ന മണ്ണ് ഖനനത്തിന്റെ മറവിലാണ് കൈയേറ്റം. പ്രദേശവാസികള്‍ 1964 മുതല്‍ ഉപയോഗിക്കുന്ന റോഡ് ഇടിച്ചുതാഴ്ത്തിയ നിലയിലാണ്. ഇതോടെ അടുത്തുള്ള സ്വകാര്യ സ്ഥലങ്ങളിലേക്ക് എത്തിപ്പെടാനാകുന്നില്ല. കോളനിവാസികളടക്കമുള്ളവര് വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന പാതയിലെ കൈയേറ്റം തടയാന്‍ നടപടികളുണ്ടായിട്ടില്ല. ഇടിച്ചുതാഴ്ത്തിയ പാത മണ്ണിട്ടുയര്‍ത്തി പൂര്‍വസ്ഥിതിയിലാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തുണ്ട്.
പൊതുമുതല്‍ വീണ്ടെടുത്ത് പാത ഗതാഗതയോഗ്യമാക്കണമെന്നും കൈയേറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചെറുകാവ് ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ്, ജില്ല ജിയോളജി ഓഫിസ് എന്നിവിടങ്ങളിലും പരാതി നല്‍കിയിട്ടും കാര്യക്ഷമമായ നടപടി ഉണ്ടായിട്ടില്ല. തുടര്‍ന്ന് കൊണ്ടോട്ടിയില്‍ നടന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

