സുരക്ഷിത സ്ഥലത്ത് ഭൂമിയും വീടും; തുടിമുട്ടിക്കാർ അനിശ്ചിതകാല നിരാഹാര സമരത്തിൽ
text_fieldsനിലമ്പൂർ ഐ.ടി.ഡി.പി ഓഫിസിന് മുന്നിൽ തുടിമുട്ടി കോളനിവാസികൾ നിരാഹാര സമരത്തിൽ
നിലമ്പൂർ: അപകടമേഖലയെന്ന് ജിയോളജി വിഭാഗം കണ്ടെത്തിയ സ്ഥലത്ത് നിന്നും തങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോത്തുകൽ തുടിമുട്ടി പട്ടികവർഗ കുടുംബങ്ങൾ നിലമ്പൂർ ഐ.ടി.ഡി.പി ഓഫിസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കോളനിയിലെ 18 കുടുംബങ്ങളാണ് ഓഫിസിലെത്തിയത്. കോളനിയിലെ മോഹൻദാസ്, രവീന്ദ്രൻ, ലീലാമണി എന്നിവരാണ് ആദ്യഘട്ടത്തിൽ നിരാഹാരമിരിക്കുന്നത്.
നിരാഹാര സമരത്തിൽനിന്ന് പിൻമാറണമെന്നും കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്നും ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ ശ്രീരേഖയുടെയും നിലമ്പൂർ എസ്.ഐ തോമസ് കുട്ടി ജോസഫിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നിർദേശം വെച്ചെങ്കിലും സമരക്കാർ തള്ളി. സബ് കലക്ടർ ഉൾപ്പെടെ സ്ഥലത്ത് എത്തി നൽകിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് നിർബന്ധിതരായതെന്നും കലക്ടർ നേരിട്ടെത്തി തങ്ങളുടെ പ്രശ്നം പരിഹരിക്കും വരെ സമരം തുടരുമെന്നും കോളനിക്കാർ പറഞ്ഞു.
2019 ൽ നാടിനെ നടുക്കിയ കവളപ്പാറ ഉരുൾപൊട്ടലിന് ശേഷം തുടിമുട്ടി കോളനിയുടെ മേൽഭാഗത്ത് വിള്ളൽ വീണിരുന്നു. ഇവിടെ അപകട സാധ്യത നിലനിൽക്കുന്നതിനാൽ കോളനിലെ കുടുംബങ്ങളെ മഴക്കാലത്ത് മാറ്റി പാർപ്പിക്കണമെന്ന് ജിയോജി വിഭാഗം സ്ഥലം പരിശോധന നടത്തി റിപ്പോർട്ടും നൽകി.
എന്നാൽ, പൂർണമായ പുനരധിവാസം ആവശ്യമില്ലെന്ന് ജിയോളജിയുടെ റിപ്പോർട്ടിലുണ്ട്. ഇതിന്റെ പിൻബലത്തിൽ പട്ടികവർഗ വകുപ്പ് കോളനിക്കാരുടെ പ്രശ്നത്തിൽ കാലതാമസം വരുത്തുകയാണെന്ന് ആക്ഷേപമുണ്ട്. ഭൂരഹിതരായ ആദിവാസികൾക്ക് കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം ഭൂമി നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ഈ ഉറപ്പ് വർഷങ്ങൾ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും സമരക്കാർ പറയുന്നു.
ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് പതിച്ച് നൽകാൻ വനം വകുപ്പിൽ നിന്നും റവന്യൂ വകുപ്പിന് കൈമാറി കിട്ടിയ നെല്ലിപൊയിൽ, തൃക്കൈക്കുത്ത്, അത്തിക്കൽ എന്നിവിടങ്ങളിൽ അനുവദിച്ച സ്ഥലത്തിൽ നിന്നും തങ്ങൾക്കും ഭൂമി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.
മഴക്കാലം വരുമ്പോൾ ക്യാമ്പിലേക്ക് മാറ്റുക എന്ന പരിപാടിയാണ് 2019 മുതൽ അധികൃതർ തുടരുന്നത്.
ക്യാമ്പിലേക്ക് മാറ്റുന്നതിനോട് ഇനി സഹകരിക്കില്ല. കോളനിയിലെ അമ്പതോളം കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം, ഈ കുടുംബങ്ങൾക്ക് ഭൂമി അടിയന്തരമായി നൽകണം, ശാശ്വത പരിഹാരം ഉണ്ടാക്കും വരെ നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്നും സമരക്കാർ പറഞ്ഞു. മിച്ചഭൂമി വിതരണ ലിസ്റ്റിലെ പോരായ്മ പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
തുടിമുട്ടി കോളനിക്കാർക്ക് നിലവിൽ ഭൂമിയുള്ളതിനാൽ പുതിയ ഭൂമി അനുവദിക്കുന്ന കാര്യത്തിൽ നിയമ തടസ്സമുണ്ടെന്നാണ് ഐ.ടി.ഡി.പി അധികൃതരുടെ വിശദീകരണം. ലിസ്റ്റിൽ അപാകതയുണ്ടെങ്കിൽ താലൂക്ക്, വില്ലേജ്, പഞ്ചായത്ത്, ഐ.ടി.ഡി.പി എന്നിവിടങ്ങളിൽ 20 വരെ അപേക്ഷ നൽകാമെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

