ഇരുട്ടു മാറാൻ കാത്തിരിക്കണം; തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കൽ മന്ദഗതിയിൽ
text_fieldsമലപ്പുറം: നഗരസഭയിൽ തകരാറിലായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ മന്ദഗതിയിൽ. പ്രവൃത്തിയുടെ മെല്ലെ പോക്ക് കാരണം പല വാർഡുകളിലേയും റോഡുകൾ രാത്രികളിൽ ഇരുട്ടിലാണ്. ജൂലൈ അവസാനത്തോടെയാണ് പ്രവൃത്തി തുടങ്ങിയിരുന്നത്. എന്നാൽ പ്രവൃത്തികൾ യഥാസമയം പൂർത്തിയാകാതെ നീണ്ട് പോകുകയാണ്. ഓരോ വണ്ടികളിലായി മലപ്പുറം, മേൽമുറി വില്ലേജുകളിലെ വാർഡുകളിലാണ് മാറ്റിവെക്കൽ പ്രവൃത്തി നടക്കുന്നത്. ഇത് തന്നെ പതുക്കെ എന്നാണ് ആരോപണം.
പാണക്കാട് വില്ലേജിനെ അടുത്തഘട്ടത്തിലാണ് പരിഗണിക്കുക. വിഷയം ആഗസ്റ്റ് 20ന് ചേർന്ന കൗൺസിൽ യോഗത്തിൽ ചർച്ചക്ക് വന്നിരുന്നു. കൗൺസിലർമാരാണ് വിഷയം യോഗത്തിലുന്നയിച്ചത്. പ്രവൃത്തി മെല്ലെപോക്കുന്നതിനെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങളടക്കം പ്രതിഷേധമറിയിച്ചു. യോഗത്തിലേക്ക് ബന്ധപ്പെട്ട കരാറുകാരനെയും ക്ഷണിച്ചിരുന്നു. കരാറുകാരൻ ആവശ്യമായ തൊഴിലാളികളെ നിയോഗിക്കാത്തതാണ് പ്രവൃത്തി പുതുക്കെ പോകാൻ കാരണമെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. കരാറുകാരനെതിരെ രൂക്ഷമായ ഭാഷയിലാണ് അംഗങ്ങൾ പ്രതികരിച്ചത്.
വിഷയത്തിൽ അടിയന്തിര നടപടിയെടുക്കാമെന്ന് കരാറുകാരൻ യോഗത്തെ അറിയിച്ചു. വെള്ളിയാഴ്ച മുതൽ പാണക്കാട് വില്ലേജിലേക്കും അധികമായി വാഹനം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ട്. നിലവിൽ കേടു വന്ന തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കാൻ 30 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്.
വിവിധ വാർഡുകളിലായി 2,800 ഓളം തെരുവ് വിളക്കുകളാണ് വാർഷിക അറ്റകുറ്റപണി കരാർ (എ.എം.സി) നൽകിയിട്ടുള്ളത്. 30 ലക്ഷം രൂപയിൽ മിനി ഹൈമാസ്റ്റ് വിളക്കുകൾക്ക് 15 ലക്ഷവും മറ്റ് വിളക്കുകൾക്ക് 15 ലക്ഷവും വീതമുണ്ട്. നഗരത്തിൽ തെരുവ് വിളക്കുകൾ കണ്ണടച്ചതോടെ രാത്രികാലങ്ങളിൽ വാർഡുകൾ ഇരുട്ടിലാണ്.
മഴക്കാലം കൂടി വന്നതോടെ വാർഡുതലങ്ങളിൽ രാത്രി യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്. ചെറിയ ഇടവഴികളാണ് യാത്ര കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത്. ഇടവഴികൾ ഇരുട്ട് നിറഞ്ഞതോടെ തെരുവ് നായകളുടെ വിഹാര കേന്ദ്രവുമായി മാറിയിട്ടുണ്ട്. പുലർച്ചെ നടക്കാനിറങ്ങുന്നവരും മദ്റസയിലേക്ക് പോകുന്ന വിദ്യാർഥികളും ദുരിതം നേരിടുകയാണ്.
പരാതിക്ക് രജിസ്റ്റർ ബുക്ക് വെക്കണം -അംഗങ്ങൾ
മലപ്പുറം: തെരുവ് വിളക്കുകൾ സംബന്ധിച്ച പരാതി രേഖപ്പെടുത്താൻ രജിസ്റ്റർ ബുക്ക് വെക്കണമെന്ന് അംഗങ്ങൾ. കൗൺസിൽ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സ്ഥാപിച്ച വിളക്കുകൾ കേടുവരുമ്പോൾ യഥാസമയം വാർഡുകൾ, വൈദ്യുതി തൂണുകൾ എന്നിവ തിരിച്ച് ദിവസവും പരാതി രേഖപ്പെടുത്താനാണ് രജിസ്റ്റർ ബുക്ക്.
ഇത് സാധ്യമാക്കിയാൽ കരാറുകാരൻ കൃത്യമായി പരാതികൾ പരിഹരിക്കുന്നുണ്ടോയെന്ന് കണ്ടെത്താമെന്ന് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടി. പരിഹരിച്ചില്ലെങ്കിൽ നിയമപരമായി നേരിടുന്നതിന് തടസ്സം നേരിടില്ലെന്നും അംഗങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

