ഒാരോ ഫലവും നെഗറ്റീവാകണമേ...; ആത്മാർഥത തപസ്യയാക്കി ലാബ് ടെക്നീഷ്യന്മാർ
text_fieldsമഞ്ചേരി: ജില്ലയിൽ കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം വർധിക്കുമ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് മെഡിക്കൽ കോളജിലെ പി.സി.ആർ ലാബിലെ ടെക്നീഷ്യന്മാർ. ഓരോ പരിശോധനാഫലവും നെഗറ്റീവാകണമെന്ന പ്രാർഥനയോടെയാണ് ഇവർ ജോലി ചെയ്യുന്നത്. കോവിഡിനെ തുരത്താൻ ഡോക്ടർമാർക്കും നഴ്സുമാർക്കും ഒപ്പം മുൻനിരയിൽ നിശ്ശബ്ദ സേവനം നടത്തുകയാണിവർ.
രണ്ടു ഷിഫ്റ്റുകളിലായി ദിവസവും 400നും 500 ഇടയിൽ സാമ്പിളുകളാണ് പരിശോധനക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്നത്. പി.പി.ഇ കിറ്റ് ധരിച്ച് വളരെ ശ്രദ്ധയോടെയാണ് ഫലം ലാബിൽ പരിശോധിക്കുന്നത്. പി.പി.ഇ ഇട്ടുകഴിഞ്ഞാൽ നന്നായി ശ്വസിക്കാൻവരെ പറ്റില്ല. ഇതിനിടയിൽ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ സാധിക്കില്ല.
സുരക്ഷാ വസ്ത്രം ധരിച്ച് പരമാവധി അഞ്ചു മണിക്കൂർ വരെ ജോലിചെയ്യാൻ പറ്റൂ എങ്കിലും ആറു മുതൽ ഏഴു മണിക്കൂർ വരെ ദിവസവും ജോലി ചെയ്യേണ്ടിവരുന്നുണ്ട്. മൂന്ന് പി.സി.ആർ മെഷീനുകളും രണ്ട് ട്രൂനാറ്റ് മെഷീനുകളുമാണ് ലാബിലുള്ളത്. മൃതദേഹങ്ങളും അത്യാഹിത സാമ്പിളുകളും ട്രൂനാറ്റ് മെഷീൻ വഴിയാണ് പരിശോധിക്കുന്നത്. രണ്ടു മണിക്കൂറിനകം ഫലമറിയാം എന്നതാണ് ഇതിെൻറ പ്രത്യേകത.
മൈക്രോബയോളജി വിഭാഗം മേധാവി ഡോ. അനിതയുടെയും സയൻറിഫിക് അസി. കെ.പി. നിയാസിെൻറയും നേതൃത്വത്തിൽ 12 ലാബ് ടെക്നീഷ്യന്മാരും നാലു ജൂനിയർ ലാബ് അസിസ്റ്റൻറുമാരും ജോലിചെയ്യുന്നുണ്ട്. സാമ്പിളുകളുടെ എണ്ണം കൂടിയതോടെ എട്ടു പേരെ കൂടി പുതുതായി നിയമിച്ചിട്ടുണ്ട്. ഇവർ കൂടി എത്തിയാൽ ലാബ് 24 മണിക്കൂറും പ്രവർത്തിക്കും. ഇതോടെ ഫലം വൈകുന്നതിലുള്ള കാലതാമസവും ഒഴിവാക്കാനാകും.
ഹെൽത്ത് സർവിസ് ലാബ് ടെക്നീഷ്യന്മാരായ അബ്ദുസ്സലാം പാലപ്പറ്റ, ശരത്ത്, അതുൽ, എൻ.എച്ച്.എം ടെക്നീഷ്യന്മാരായ സുമേഷ്, ഫസീഹ്, ഹാജറാബി, ഫിയാസ് ഖാൻ, സലാം വേങ്ങര, ഷുഹൈബ്, അൻവർ, ദിപിൻ, അഷ്കർ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
