കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ: രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന്
text_fieldsനവീകരിച്ച കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ
കുറ്റിപ്പുറം: അമൃത് ഭാരത് പദ്ധതി പ്രകാരം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടന്ന നവീകരണ പ്രവൃത്തികളുടെ രണ്ടാംഘട്ട ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് 12ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഓൺലൈൻ മുഖേന നിർവഹിക്കും.
എം.പിമാരായ അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, പി.പി. സുനീർ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവർ സംബന്ധിക്കും.
പുതുമോടിയിൽ സ്റ്റേഷൻ
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടന്നിരുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയായി. നവീകരണത്തിന്റെ ഭാഗമായി പുതിയ വെയിറ്റിങ് ഏരിയ, എയർകണ്ടീഷൻ വെയ്റ്റിങ് ഹാൾ, നവീകരിച്ച ശുചിമുറികൾ, നൂറിൽപരം കോൺക്രീറ്റ് ഇരിപ്പിടങ്ങൾ, വെയ്റ്റിങ് ഷെൽട്ടറുകൾ, ചാർജിങ് പോയന്റുകൾ, തറയോടുകളുമായുള്ള പ്ലാറ്റ്ഫോം, ഇരു പ്ലാറ്റ്ഫോമുകളിലുമായി നവീകരിച്ച പാർക്കിങ് ഗ്രൗണ്ട്, ലിഫ്റ്റ് സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വികസന പ്രവർത്തനങ്ങളാണ് പൂർത്തിയായത്. കൂടാതെ സിസിടിവി സംവിധാനവും, കോച്ച് ഇൻഡിക്കേഷൻ ബോർഡുകളും സൂചന ബോർഡുകളും സൈൻ ബോർഡുകളും സജ്ജീകരിച്ചിട്ടുണ്ട്.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 2023 പകുതിയോടെ ആരംഭിച്ച ആദ്യഘട്ട സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ 2024 മാർച്ചിൽ പൂർത്തീകരിച്ചു. തുടർന്ന് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജനുവരിയോടെ രണ്ടാം പ്ലാറ്റ്ഫോം എൻട്രി പാർക്കിങ് ഗ്രൗണ്ട് നിർമാണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി.
രണ്ടാം പ്ലാറ്റ്ഫോം എൻട്രി പാർക്കിങ്
റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിനു സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ പൂർത്തീകരിച്ചു. ആയിരം ചതുരശ്ര അടിയിൽ പൂട്ടുകട്ട വിരിച്ചുള്ള പാർക്കിങ് ഗ്രൗണ്ടിന്റെ നിർമാണമാണ് പൂർത്തിയായത്. പുതിയ പാർക്കിങ് ഗ്രൗണ്ട് നിലവിൽ വന്നതോടെ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള യാത്രക്കാർക്ക് നേരിട്ട് വാഹനത്തിൽ രണ്ടാം പ്ലാറ്റ്ഫോമിൽ എത്താൻ സൗകര്യമാകും. ഇതുവരെ ഒന്നാം പ്ലാറ്റ്ഫോമിനു സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തി മേൽപാലം വഴി എത്തേണ്ടിയിരുന്നു. ഇനി രണ്ടാം പ്ലാറ്റ്ഫോമിലെത്താൻ ആറുവരിപ്പാത വഴി അത്താണി ബസാറിൽനിന്ന് തിരിഞ്ഞ് പഴയ റോഡിലൂടെ വടക്കേ അങ്ങാടിയിലെത്തി പാർക്കിങ് ഗ്രൗണ്ടിൽ പ്രവേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
