കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രി കെട്ടിട നിർമാണത്തിന് സാങ്കേതികാനുമതി
text_fieldsകുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിക്ക് കെട്ടിടം നിർമിക്കുന്നതിന് സാങ്കേതികാനുമതി ലഭിച്ചു. ആശുപത്രി കെട്ടിട നിർമാണത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 17.85 കോടി രൂപ അനുവദിച്ച് നേരത്തെ ഭരണാനുമതിയായിരുന്നു. ആശുപത്രിയുടെ സമഗ്ര നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആരോഗ്യ വകുപ്പിന് നൽകിയ ശിപാർശ അംഗീകരിച്ചാണ് നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടനുവദിച്ചത്.
എം.എൽ.എയുടെ നിർദേശ പ്രകാരം പൊതുമരാമത്ത് കെട്ടിട വിഭാഗം തയാറാക്കി സമർപ്പിച്ച പ്ലാൻ അനുസരിച്ച് 4419 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടം നിർമിക്കാനാണ് ഫണ്ട് അനുവദിച്ചത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ഡൽഹി കേന്ദ്രീകരിച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഇടപെടലുകൾ നടത്തിയിരുന്നു. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാല് നിലകളിലുള്ള കെട്ടിടം നിർമിക്കുന്നതിന് തയാറാക്കിയ മാസ്റ്റർ പ്ലാൻ അംഗീകരിച്ചാണ് ഫണ്ടനുവദിച്ചത്.
എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് ഫിസിയോ തെറപ്പി കം എക്സറേ യൂനിറ്റിനായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി നടന്ന് കൊണ്ടിരിക്കുന്നുണ്ട്. കെട്ടിട നിർമാണത്തിന്റെ ടെൻഡർ നടപടി വേഗത്തിലാക്കാനും പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.

