കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണം: കരടുരേഖയായി
text_fieldsകുറ്റിപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാനുള്ള കരട് രൂപരേഖ പഞ്ചായത്ത് ഭരണസമിതി മുമ്പാകെ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർമാണ കമ്പനിയായ ഊരാളുങ്കൽ പ്രതിനിധികൾ കരട് രൂപരേഖ അവതരിപ്പിച്ചത്. നവീകരണ ഭാഗമായി സ്റ്റാൻഡിന് സമീപത്തെ പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കും.
ഇതിന് മുകളിലായിരിക്കും പുതിയ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുക. ഇതിന് പുറമെ ടൗണിലെ പ്രധാന റോഡിന്റെ നവീകരണവും പ്രവേശന കവാടം അടക്കമുള്ളവയുടെ നിർമാണവും പദ്ധതിയിലുണ്ട്. നിലവിലെ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് ഒഴിവാക്കി സഹകരണ ബാങ്കിന് മുന്നിലൂടെ പുതിയ റോഡ് നിർമിക്കും. കുറ്റിപ്പുറം ടൗണിന്റെ മുഖം അടിമുടി മാറുന്ന രൂപരേഖയാണ് തയാറാക്കിയിരിക്കുന്നത്. താലൂക്ക് ഓഫിസിലെ സർവേ റിപ്പോർട്ടുകൂടി ലഭിച്ചാൽ കരട് രൂപരേഖക്ക് അന്തിമ അനുമതി നൽകും. ഇതിനുശേഷം നാല് മാസത്തിനകം ഡി.പി.ആർ തയാറാക്കും. ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് ഡി.പി.ആർ തയാറാക്കുന്നത്.
നവീകരണത്തിനായി 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പയും എം.പി, എം.എൽ.എ ഫണ്ടുകളും കച്ചവടമുറികൾ ആവശ്യമുള്ളവരിൽനിന്ന് തുക മുൻകൂറായി വാങ്ങിയുമൊക്കെ ഈ തുക സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി. ഈ രീതിയിൽ തുക കണ്ടെത്താൻ സാങ്കേതികതടസ്സങ്ങൾ ഉണ്ടെങ്കിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമാണം നടത്താനും ഭരണസമിതി ആലോചിക്കുന്നുണ്ട്.