കുറ്റിപ്പുറം ബസപകടം; അമിത വേഗതക്ക് കൂടുതൽ തെളിവുകൾ
text_fieldsഅപകടത്തിൽ തകർന്ന ബസ് പരിശോധിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ
കുറ്റിപ്പുറം: കുറ്റിപ്പുറം ബസപകടത്തിന്റെ പ്രധാന കാരണം അമിത വേഗതയാണെന്നതിന് കൂടുതൽ സൂചനകൾ പുറത്ത്. വേഗം കൂടുതലായതിനാല്‍ വട്ടം തിരിഞ്ഞ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. ഇതോടെ ഷാസിയും ബോഡിയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
പെട്ടെന്ന് സ്റ്റിയറിങ് വെട്ടിച്ചതും ബ്രേക്കിങ്ങുമാണ് നിയന്ത്രണം നഷ്ടമായി അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. എ.ബി.എസ് ബ്രേക്കിങ് സംവിധാനമുള്ള 2016 മോഡല്‍ ബസാണ് അപകടത്തില്‍ പെട്ടത്.
അപകടം നടന്ന സ്ഥലത്തെ റോഡില്‍ ഒരു വശത്തെ മാത്രം ടയര്‍ മാര്‍ക്കാണ് കാണുന്നത്. ഇത് എ.ബി.എസ് പ്രവര്ത്തിച്ചിരുന്നില്ലെന്നതിന്റെ സൂചന നല്കുന്നു. ഇടതുവശത്തെ ടയറുകളാണ് കൂടുതല്‍ ബ്രേക്ക് ചെയ്തതെന്നാണ് ടയര്സ്കിഡ് മാര്‍ക്കിങ് കാണിക്കുന്നത്. സ്വാഭാവികമായും വലത്തെ ഭാഗത്തെ ടയറുകള്‍ കൂടുതല്‍ കറങ്ങുന്നത് വാഹനം കൂടുതല്‍ തെന്നാൻ കാരണമായിട്ടുണ്ടാകാം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരും ബസ് അമിത വേഗത്തിലായിരുന്നെന്ന് പറഞ്ഞിരുന്നു.
ബസ് ഡ്രൈവർ ആലങ്കോട് സ്വദേശി ഷബീര്‍ (40) പരിക്കേറ്റ് തൃശൂര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം ഓടിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിന്റെ വേഗം റെക്കോഡ് ചെയ്യുന്ന ജി.പി.എസ് സംവിധാനം പ്രവര്ത്തനക്ഷമമല്ലെന്നത് അപകട സമയത്തെ വേഗം നിര്‍ണയിക്കുന്നതിന് തടസമാണ്. വെട്ടിച്ചിറ മുതല്‍ അപകടം നടന്ന സ്ഥലം വരെ ബസ് ഓടിയെത്താനുള്ള സമയം സംബന്ധിച്ച പരിശോധന അധികൃതര്‍ നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

