കൃഷ്ണദാസിനെ കണ്ടെത്തി; രണ്ട് പതിറ്റാണ്ടിെൻറ കാത്തിരിപ്പിനറുതി
text_fieldsകൃഷ്ണദാസ്
കുറ്റിപ്പുറം: 20 വർഷം മുമ്പ് നാടുവിട്ടയാളെ കുറ്റിപ്പുറം പൊലീസ് കണ്ടെത്തി. തവനൂർ കാടഞ്ചേരി സ്വദേശി പരേതനായ പോട്ടയിൽ ശങ്കരെൻറ മകൻ കൃഷ്ണദാസിനെയാണ് (51) കോട്ടയത്ത് കണ്ടെത്തിയത്. 2001 ഫെബ്രുവരി ഒന്നിനാണ് കുടുംബ പ്രശ്നങ്ങൾ കാരണം വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം നാടുവിട്ടത്. ഈ സമയം പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ സൂപ്പർവൈസറായിരുന്നു.
നാടുവിട്ട ശേഷം ആദ്യം തമിഴ്നാട് കരൂരിലെ തുണിമില്ലിൽ ജോലി ചെയ്തു. 2009ൽ കേരളത്തിൽ തിരിച്ചെത്തി പലയിടത്തും ഡ്രൈവറായും മറ്റും ജോലിചെയ്തു. ഇപ്പോൾ കോട്ടയം രാമപുരത്ത് മറ്റൊരു വിവാഹം കഴിച്ച് കഴിയുന്നതിനിടെയാണ് പൊലീസ് കണ്ടെത്തിയത്. കണ്ടെത്താതിരിക്കാൻ നിരന്തരം മൊബൈൽ നമ്പറും ജോലിയും താമസ സ്ഥലവും മാറ്റിയിരുന്നു.
ആദ്യത്തിൽ ഭാര്യയെ വിളിക്കുകയും ഉടൻ തിരിച്ചുവരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ നമ്പറിൽ കിട്ടാതായി. ഒരു വിവരവും ഇല്ലാതായപ്പോൾ പൊലീസിൽ പരാതി നൽകി. ഭാര്യ വളാഞ്ചേരിയിലെ കടയിൽ ജോലിക്ക് നിന്നാണ് ഏക മകളെ നോക്കിയത്. മകൾക്ക് ഇപ്പോൾ 20 വയസ്സുണ്ട്. എസ്.സി.പി.ഒ പത്മിനി, സി.പി.ഒ അജീബ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

