ചെമ്പിക്കലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
text_fieldsകുറ്റിപ്പുറം ചെമ്പിക്കലിൽ അപകടത്തിൽപ്പെട്ട കാർ
കുറ്റിപ്പുറം: ചെമ്പിക്കലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയിൽ കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഈ കാർ പൊടുന്നനെ ഇടിച്ചുനിന്നതോടെ പിറകിൽ വന്ന മറ്റൊരു കാറും ഇടിച്ചു.
ഇടി കണ്ട ഉടൻ റോഡരികിൽ ഒതുക്കാൻ ശ്രമിച്ച വാനിന് നേരെ നിയന്ത്രണം വിട്ട ലോറി ഇടിച്ചു നിന്നു. പരിക്കേറ്റ ഒരാളെ പ്രാഥമികചികിത്സ നൽകി വിട്ടയച്ചു. സാരമായി പരിക്കേറ്റ കുറ്റിപ്പുറത്ത് താമസക്കാരനും എടക്കുളം സ്വദേശിയുമായ വെള്ളാടത്ത് പടിഞ്ഞാറേതിൽ അബ്ദുൽറസാഖിനെ (65) ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗത സ്തംഭനമുണ്ടായി. കുറ്റിപ്പുറം പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.