അവധിക്കാല ആഘോഷം കളറാക്കാൻ കെ.എസ്.ആർ.ടി.സി
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: അവധിക്കാലം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം അടിച്ചുപൊളിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ, കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്രയൊരുക്കി വ്യത്യസ്ത വിനോദസഞ്ചാര പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി മലപ്പുറം ബജറ്റ് ടൂറിസം സെൽ നിങ്ങളെ കാത്തിരിക്കുന്നു. കുറഞ്ഞ തുകയിൽ താമസവും ഭക്ഷണവുമടക്കമാണ് പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ, ചില യാത്രകളിൽ ഭക്ഷണവും പ്രവേശന ചാർജുകളും യാത്രക്കാർ വഹിക്കേണ്ടിവരും.
വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കായി 25 യാത്രകളാണ് ഏപ്രിൽ മാസത്തിൽ മലപ്പുറത്തുനിന്ന് പുറപ്പെടുന്നത്. ഏപ്രിൽ നാല്, 11, 14 തീയതികളിൽ രാവിലെ നാലിന് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി തിരിച്ചുവരുന്ന രീതിയിലാണ് രണ്ടു ദിവസത്തെ മൂന്നാർ യാത്ര. 1,680 രൂപയാണ് ചാർജ്. ഒരു നേരത്തെ ഭക്ഷണവും താമസവും ഉൾപ്പെടുന്നതാണ് പാക്കേജ്.
രണ്ടു ദിവസത്തെ ഗവി, കുമളി യാത്ര ഏപ്രിൽ 24ന് രാത്രി എട്ടിന് പുറപ്പെടും. കമ്പം, രാമക്കൽമേട്, തേക്കടി എന്നിവിടങ്ങളും സന്ദർശിച്ച് രണ്ടാം ദിവസം രാത്രി തിരിച്ചെത്തും. രൂപ 5,400. ഏപ്രിൽ അഞ്ച്, 19, 26 തീയതികളിലാണ് ഒരു ദിവസത്തെ ഊട്ടി യാത്ര. രാവിലെ അഞ്ചിന് മലപ്പുറത്തുനിന്ന് പുറപ്പെടും- 750 രൂപ. ഏപ്രിൽ 5, 12 തീയതികളിൽ പുറപ്പെടുന്ന ഒരു ദിവസത്തെ മലക്കപ്പാറ യാത്രയിൽ അതിരപ്പിള്ളി, വാഴച്ചാൽ സന്ദർശനവും ഉൾപ്പെടും- 920 രൂപ. ഗുണ കേവ് ഉൾപ്പെടെയുള്ള കൊടൈക്കനാൽ യാത്ര 11, 26 തീയതികളിൽ രാത്രി എട്ടിന് പുറപ്പെടും -2280 രൂപ. 15, 22, 30 തീയതികളിലാണ് ഇല്ലിക്കൽകല്ല്-മലങ്കര ഡാം യാത്ര. രാവിലെ നാലിന് പുറപ്പെടുന്ന യാത്രയിൽ ഇലവീഴാപൂഞ്ചിറയും ഉൾപ്പെടും -900 രൂപ.
ഏപ്രിൽ എട്ടിന് കക്കാടംപൊയിൽ, 11ന് പുത്തൂർ സുവോളജിക്കൽ പാർക്ക്, 12ന് മട്ടാഞ്ചേരി, 14ന് ആലപ്പുഴ ഹൗസ് ബോട്ട്, 15ന് വയനാട്, 18ന് നെല്ലിയാമ്പതി, 23ന് സൈലന്റ്വാലി, 26ന് കൊച്ചി-കടമക്കുടി എന്നിവയാണ് ഏപ്രിൽ മാസത്തെ മറ്റു യാത്രകൾ. മൂന്നു ദിവസത്തെ ഗോവൻ യാത്ര മേയ് 16ന് പുറപ്പെടും. അഗോഡ ബീച്ച്, വാഗത്തൂർ ബീച്ച്, ഓൾഡ് ഗോവ ചർച്ച്, പഞ്ചിം സിറ്റി തുടങ്ങിയവ സന്ദർശിച്ച് 19ന് മടങ്ങും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9400128856, 9188938531.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

