കെ.എസ്.ആർ.ടി.സി മലപ്പുറം ടെർമിനൽ: വികസനപ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsമലപ്പുറം: രണ്ട് കോടി രൂപ ചെലവിൽ നടത്തുന്ന കെ.എസ്.ആർ.ടി.സി മലപ്പുറം ടെർമിനലിന്റെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വ്യാഴാഴ്ച തുടങ്ങും. പി. ഉബൈദുല്ല എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിക്കുന്നത്. ആറ് മാസത്തിനകം പണി പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. കൺസൾട്ടിങ് ഏജൻസിയായ കെ-റെയിലാണ് പ്രവൃത്തി നടത്തുന്നത്. യാർഡും ബാക്കിയുള്ള കെട്ടിട നിർമാണപ്രവൃത്തികളും രണ്ടാംഘട്ടത്തിൽ പൂർത്തീകരിക്കും. ബസ് സ്റ്റാൻഡ് ഉൾപ്പെടെ കട്ടവിരിക്കും.
പ്രവൃത്തി നടക്കുന്ന വേളയിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ പാർക്കിങ് കോട്ടപ്പടിയിലെ നഗരസഭ ബസ് സ്റ്റാൻഡിലേക്ക് മാറ്റും. അതേസമയം, ബസ് സർവിസുകൾ കുന്നുമ്മലിലെ സ്റ്റാൻഡിൽതന്നെ തുടരും.
മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണപ്രവൃത്തികള് 2016 ജനുവരിയിൽ ആരംഭിച്ചെങ്കിലും ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാലുനില കെട്ടിടത്തിന്റെയും ബസ് ബേയുടെയും പ്രവൃത്തികൾ മാത്രമാണ് പൂർത്തീകരിച്ചിരുന്നത്. നാലുനില കെട്ടിടത്തിന്റെ തുടർ പ്രവൃത്തികൾക്ക് സർക്കാറോ കെ.എസ്.ആർ.ടി.സിയോ ഫണ്ട് അനുവദിക്കാത്തത് കാരണം പദ്ധതി പാതിവഴിയിൽ മുടങ്ങി. ഇതിനിടെ, 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ട് ഉപയോഗിച്ചുള്ള സിവിൽ-ഇലക്ട്രിക്കൽ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. പദ്ധതി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത് മലപ്പുറത്തിന്റെ മുഖച്ഛായയെ വികൃതമാക്കിയിരുന്നു. ബസ് സ്റ്റാൻഡിൽ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതെ യാത്രക്കാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും ദുരിതമനുഭവിക്കുകയാണ്.
മേലാറ്റൂർ-പുലാമന്തോൾ റോഡ്: മൂന്നുവർഷം കൊണ്ട് തീർത്തത് 52 ശതമാനം; നാലുമാസം കൂടി നീട്ടി
പെരിന്തൽമണ്ണ: കരാർ കാലാവധി കഴിഞ്ഞിട്ടും പാതിവഴിയിൽ കിടക്കുന്ന സംസ്ഥാനപതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കി.മീ ഭാഗം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് സമയം നീട്ടി നൽകിയത് വിശദീകരണമൊന്നും തേടാതെയെന്ന് പരാതി. കമ്പനി ആവശ്യപ്പെടുകയും ആഗസ്റ്റ് 21ന് സർക്കാർ നീട്ടി നൽകുകയുമായിരുന്നു. പണി പൂർത്തിയാക്കിയില്ലെങ്കിൽ ചെയ്യേണ്ട നടപടികളിലേക്കൊന്നും കടന്നില്ല. പൂർത്തിയാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പ്രവർത്തി 2022 മാർച്ചിലണ് പൂർത്തിയാവേണ്ടത്. എന്നാൽ ഇപ്പോഴും 52 ശതമാനത്തിൽ കിടക്കുന്നതിന് പുറമെ 2023 ഡിസംബർ 31വരെ കരാർ കാലാവധി മരാമത്ത് വകുപ്പ് നീട്ടി നൽകുകയും ചെയ്തു. മൂന്നോ നാലോ തവണ ഇത്തരത്തിൽ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. 140 കോടി എസ്റ്റിമേറ്റിട്ട പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കി കരാർ കമ്പനിക്ക് പണം നൽകുന്നതിനേക്കാൾ ആശ്വാസം പ്രവൃത്തി നീണ്ടു പോവുന്നതാണെന്ന് ബോധ്യമുള്ളത് പോലെയാണ് മരാമത്ത് വകുപ്പിന്റെ തീരുമാനം.
നിയമസഭയിൽ രണ്ടുതവണ സബ് മിഷൻ ഉന്നയിച്ച ഘട്ടങ്ങളിലെല്ലാം പ്രവൃത്തി പൂർത്തിയാക്കേണ്ട കാലാവധി മന്ത്രിയും മരാമത്ത് വകുപ്പും പ്രഖ്യപിച്ച് കരാർ കമ്പനിയെ അറിയിച്ചതുമാണ്. ഇതെല്ലാമിരിക്കെ ഒരാഴ്ച മുമ്പ് തിരുവനന്തപുരത്ത് നടത്ത യോഗത്തിൽ കമ്പനിയുടെ അപേക്ഷ മറിച്ചൊരു ചോദ്യമില്ലാതെ അംഗീകരിച്ച് ഡിസംബർ 31 വരെയാക്കി. 140 കോടി എസ്റ്റിമേറ്റിട്ട പ്രവൃത്തിയുടെ 48 ശതമാനം സെപ്റ്റംബർ മുതൽ നാലുമാസംകൊണ്ട് തീർക്കണമെന്നാണ് കാലാവധി നീട്ടിയപ്പോഴുള്ള ധാരണ. ഇത്തരത്തിൽ പലവട്ടം മുന്നറിയിപ്പ് നൽകിയതാണ്. മൂന്നു വർഷമായിട്ടും 52 ശതമാനം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. ഇനി പണി നടക്കണമെങ്കിൽ എടുത്ത പണിക്ക് പണം കിട്ടണമെന്ന് പറഞ്ഞാണ് പലപ്പോഴും പണി വൈകിച്ചത്. സമരമല്ലാതെ ഇനി വഴിയില്ലെന്നാണ് നജീബ് കാന്തപുരം എം.എൽ.എ ഇപ്പോൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

