പണം വാരി കെ.എസ്.ആർ.ടി.സി; തിങ്കളാഴ്ച കലക്ഷനിൽ മലപ്പുറം ജില്ലയിലും ലാഭം
text_fieldsമലപ്പുറം: ഓണാവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ജില്ലയിലും റെക്കോഡ് വരുമാനം. മലപ്പുറം ജില്ല ഉൾപ്പെടുന്ന കോഴിക്കോട് സോണൽ പരിധിയിൽ 2,36,91,837 രൂപയാണ് കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ചതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. 107.16 ശതമാനം കലക്ഷനാണ് ഒറ്റദിവസം കൊണ്ട് നേടിയത്. ജില്ലയിലെ ഡിപ്പോകളുടെ കണക്കെടുത്താൽ നിലമ്പൂർ -138.49 ശതമാനം, മലപ്പുറം -121.46, പെരിന്തൽമണ്ണ -124.31 എന്നിവ ലക്ഷ്യത്തിന് മുകളിലും മികച്ച കലക്ഷൻ നേടി.
100 ശതമാനത്തിൽ എത്തിയില്ലെങ്കിലും പൊന്നാനി ഡിപ്പോ 96.96 നേടി മികച്ചുനിന്നു. 9,04,953 രൂപയാണ് പെരിന്തൽമണ്ണ ഡിപ്പോക്ക് തിങ്കളാഴ്ച മാത്രമായി ലഭിച്ചത്. 72,800 രൂപയായിരുന്നു ടാർഗറ്റ്. പൊന്നാനി ഡിപ്പോക്ക് 7,32,980 രൂപ ലഭിച്ചു. 75,600 രൂപയായിരുന്നു ടാർഗറ്റ്. 8,37,000 രൂപ ടാർഗറ്റ് ഉണ്ടായിരുന്ന മലപ്പുറം ഡിപ്പോക്കാണ് മികച്ച വരുമാനം നേടാനായത്. 10,16,648 രൂപയാണ് ഇവിടെനിന്ന് ലഭിച്ചത്. 9,00,177 രൂപയാണ് നിലമ്പൂർ ഡിപ്പോ നേടിയത്. 6,50,000 രൂപയായിരുന്നു ടാർഗറ്റ്. തിങ്കളാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ മലപ്പുറമാണ്. 119.65 ശതമാനം നേട്ടമാണ് കൈവരിച്ചത്.
സംസ്ഥാനത്തെ എല്ലാ ഡിപ്പോകളും മികച്ച കലക്ഷൻ നേടിയിട്ടുണ്ടെന്നും എന്നാൽ, ടാർജറ്റ് നിശ്ചയിച്ചതിലെ അപകതകൾകൊണ്ട് മാത്രമാണ് ചിലർക്ക് 100 ശതമാനം എത്താൻ കഴിയാതിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനമൊട്ടാകെ തിങ്കളാഴ്ച 8.79 കോടി രൂപയാണ് കലക്ഷൻ ലഭിച്ചത്. ഇതിനുമുമ്പ് 2023 ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന റെക്കോഡ് വരുമാനമാണ് ഭേദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

