മലപ്പുറം ഡിപ്പോയിലും ഷോപ് ഓൺ വീൽസ് വരുന്നു
text_fieldsമലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ‘ഷോപ് ഓൺ വീൽസ്’ പദ്ധതിക്കായി എത്തിച്ച ബസുകൾ
മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിലും ഷോപ് ഓൺ വീൽസ് പദ്ധതി തുടങ്ങുന്നു. ഇതിനായി എടപ്പാൾ കണ്ടനകം റീജനൽ വർക്ക്ഷോപ്പിൽനിന്ന് മൂന്ന് പഴയ ബസുകൾ ഡിപ്പോയിൽ എത്തിച്ചു. കട്ടപ്പുറത്തായ പഴയ ബസുകൾ അറ്റകുറ്റപ്പണി നടത്തി മോടിപിടിപ്പിച്ച് വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഷോപ് ഓൺ വീൽസ്. പെരിന്തൽമണ്ണ ഡിപ്പോയിൽ മാത്രമാണ് ജില്ലയിൽ ഈ രീതിയിൽ വിൽപന കേന്ദ്രങ്ങൾ തുടങ്ങിയിരിക്കുന്നത്. മിൽമയുടെ സ്റ്റാളാണ് പെരിന്തൽമണ്ണയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് വിജയകരമായതുകൊണ്ടാണ് മറ്റ് ഡിപ്പോകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.
20,000 രൂപയാണ് മിനിമം വാടകയായി നിശ്ചയിച്ചിരിക്കുന്നത്. ടെൻഡറിൽ കൂടുതൽ തുക വാടകയിനത്തിൽ ക്വാട്ട് ചെയ്യുന്നവർക്ക് ബസ് ലഭിക്കും. ഇത് അറ്റകുറ്റപ്പണി ചെയ്ത് മോടിപിടിപ്പിക്കുന്ന ജോലികൾ സംരംഭകർ ചെയ്യണം. ഡിപ്പോയിലെ എ.ടി.എം കൗണ്ടറിന് പിറകിലാണ് രണ്ട് ബസുകൾ അനുവദിക്കുക. മൂന്നാമത്തെ ബസ് നേരത്തേ സ്റ്റേഷനറി സ്റ്റാൾ ഉണ്ടായിരുന്ന മുൻഭാഗത്തും അനുവദിക്കും. ബസുകൾ മോടിപിടിപ്പിക്കുന്ന സമയത്തുള്ള വൈദ്യുതി ഡിപ്പോയിൽനിന്ന് ലഭിക്കും. ഇതിനുള്ള തുക നൽകിയാൽ മതിയാകും. ഷോപ് സജ്ജീകരിച്ചതിന് ശേഷം കെ.എസ്.ഇ.ബിയിൽനിന്ന് വൈദ്യുതി കണക്ഷൻ എടുക്കണം. ബസുകൾ ലഭ്യമാകുന്ന മുറക്ക് നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ കൂടി ഷോപ് ഓൺ വീൽസ് പദ്ധതി നടപ്പാക്കുമെന്നും കൂടുതൽ സംരംഭകർ ഇതുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ജില്ല ട്രാൻസ്പോർട്ട് ഓഫിസർ മുഹമ്മദ് അബ്ദുന്നാസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

