ഇന്ദിരയെ മറന്ന്, പട്ടേലിനെ അനുസ്മരിച്ച് കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ
text_fieldsമലപ്പുറം: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചരമദിനത്തിൽ പുനരർപ്പണ പ്രതിജ്ഞ സംഘടിപ്പിക്കാതെ കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ അധികൃതർ. ഇതേദിവസംതന്നെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ് ഭായി പട്ടേലിെൻറ ജന്മദിനം ഐക്യദിനമായി ആചരിക്കുകയും ചെയ്തു.
ചീഫ് ഓഫിസ്, ഡിപ്പോ, സബ് ഡിപ്പോ, വർക് ഷോപ് എന്നിവിടങ്ങളിലെല്ലാം ശനിയാഴ്ച രാവിലെ രണ്ട് പരിപാടികളും നടത്തണമെന്ന് ഭരണവിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറുടെ ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, മലപ്പുറം ഡിപ്പോയിൽ പട്ടേൽ ജന്മദിനാചരണം മാത്രമാണ് സംഘടിപ്പിച്ചത്.
ഇന്ദിര ഗാന്ധി രക്തസാക്ഷിയായതും സർദാർ പട്ടേൽ ജനിച്ചതും ഒക്ടോബർ 31നാണ്. ഇന്ദിരയെ അനുസ്മരിക്കുന്നതിന് പുനരർപ്പണദിനത്തിൽ രാവിലെ 10.15 മുതൽ രണ്ട് മിനിറ്റ് നേരം വാഹനനീക്കം ഉൾപ്പെടെ എല്ലാം നിർത്തിവെച്ച് മൗനാചരണം, തുടർന്ന് പ്രതിജ്ഞ, ദേശീയഗാനം എന്നിവ നടത്താനായിരുന്നു നിർദേശം.
10.30ന് പട്ടേൽ സ്മരണയിൽ ദേശീയ ഐക്യദിന പ്രതിജ്ഞ ചൊല്ലണമെന്ന ഉത്തരവുമുണ്ടായിരുന്നു. എന്നാൽ, പുനരർപ്പണ പ്രതിജ്ഞയുടെ ഉത്തരവ് മലപ്പുറം ഡിപ്പോയിൽ വന്നിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഉദ്യോഗസ്ഥവീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി എം.ഡിക്ക് പരാതി നൽകുമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മനോജ് ലാക്കയിലും ജില്ല പ്രസിഡൻറ് നസീർ പറഞ്ഞു.
യൂനിറ്റ് കമ്മിറ്റിയുടെ പ്രതിഷേധത്തിൽ എം.ആർ. ശെൽവരാജ്, വി.പി. കുഞ്ഞു, പി.ടി. ഷറഫുദ്ദീൻ, എ. മനോജ്, സി.പി. റഷീദ് എന്നിവർ സംസാരിച്ചു.