മുനിസിപ്പൽ ബസ് സ്റ്റാൻഡിനോട് മുഖംതിരിച്ച് കെ.എസ്.ആർ.ടി.സി
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽനിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മുനിസിപ്പൽ ബസ് സ്റ്റാൻഡിനോട് മുഖംതിരിക്കുന്നു. മൂന്ന് ബസ് സ്റ്റാൻഡ് നിർമിച്ചിട്ടും ഒന്നിൽ മാത്രം ബസുകൾ പ്രവേശിക്കുന്ന രീതിയിലാണ് പെരിന്തൽമണ്ണയിൽ ഗതാഗത ക്രമീകരണം.
ഏക ഓർഡിനറി റൂട്ടായ പട്ടിക്കാട് - വെട്ടത്തൂർ - അലനല്ലൂർ വഴിയുള്ള തിരുവിഴാംകുന്ന് ബസുകൾ മൂസക്കുട്ടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കയറുന്നില്ല. ബസുകൾ കയറാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നാല് ബസുകളിലായി 32 സർവിസുകൾ ആണ് ഇതുവഴി. ഒരു ഭാഗത്തേക്കുള്ള 16 ട്രിപ്പുകളിൽ ഒരു ബസിന് സമയക്കുറവുള്ളതൊഴിച്ച് ബാക്കിയെല്ലാം സ്റ്റാൻഡിൽ കയറാൻ സമയം ഉള്ളവയാണ്.
വളാഞ്ചേരി, മഞ്ചേരി, മലപ്പുറം, കോട്ടക്കൽ ഭാഗങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി വഴി പെരിന്തൽമണ്ണയിൽ എത്തുന്ന യാത്രക്കാരും ഇവിടങ്ങളിലേക്ക് പോകേണ്ടവരും ബസുകൾ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കയറാത്തതിൽ പ്രയാസം അനുഭവിക്കുന്നു. നിലവിൽ മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ ഇറങ്ങുന്ന യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസ് കിട്ടാൻ ദേശീയപാതയിൽ ബസ് സ്റ്റോപ്പിലേക്കോ ഡിപ്പോയിലേക്കോ നടക്കണം.
ബൈപാസ് ജങ്ഷനിലേക്കോ പഴയ മുനിസിപ്പൽ ഓഫിസ് പരിസരത്തേക്കോ എത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഓർഡിനറി സർവിസ് പോലും മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കയറാത്തത് കെ.എസ്.ആർ.ടി.സി ചെയ്യുന്ന നീതികേടാണെന്ന് യാത്രക്കാർ പറയുന്നു.
കരുവാരകുണ്ട്, വളാഞ്ചേരി, നിലമ്പൂർ മേൽകുളങ്ങര ഭാഗങ്ങളിലേക്കും ഓർഡിനറി സർവിസുകൾ ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും ഇപ്പോൾ ഓടുന്നില്ല. യാത്രക്കാർക്കും സർവിസുകൾക്കും അധികനഷ്ടമില്ലാതെ ഇക്കാര്യം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിഴാംകുന്ന് റൂട്ടിലെ യാത്രക്കാർ കെ.എസ്.ആർ.ടി.സി മലപ്പുറം ഡി.ടി.ഒക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

