കെ.എസ്.ആർ.ടി.സി കൊറിയർ സർവിസ്: അടുത്തയാഴ്ച മുതൽ മഞ്ചേരിയിലും
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ അഞ്ചാമത്തെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് കേന്ദ്രം മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ ആടുത്ത ആഴ്ച പ്രവർത്തനമാരംഭിക്കും. ഓഫിസിലേക്കുള്ള കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാമഗ്രികളെത്തി. പെയിന്റിങ് ജോലികൾ പൂർത്തിയായി.
ജീവനക്കാരുടെ പരിശീലനം നടന്നുവരുന്നു. ഈ മാസം എട്ടിന് ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി കൊറിയർ സർവിസ് ആരംഭിച്ചത്.
ജില്ലയിൽ നിലമ്പൂർ, മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിലവിൽ കൊറിയർ സർവിസുണ്ട്. സാധാരണ സ്വകാര്യ കൊറിയർ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിനേക്കാൾ 30 ശതമാനം വരെ കുറവിലാണ് കെ.എസ്.ആർ.ടി.സി പാഴ്സൽ എത്തിക്കുക.
രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കൊറിയർ കൗണ്ടർ പ്രവർത്തിക്കും. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാഴ്സൽ കൈമാറാം. പാഴ്സൽ ട്രാക്കിങ് സംവിധാനവുമുണ്ട്. ബസുകളിലാണ് ഉരുപ്പടി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. നിലവിൽ, കൊറിയർ കേന്ദ്രത്തിൽ നിന്നുമാത്രമേ ഡെലിവറിയുള്ളൂ. രണ്ടാംഘട്ടത്തിൽ ഡോർ ടു ഡോർ സേവനം ആരംഭിക്കാൻ പദ്ധതിയുണ്ട്.

