കെ.എസ്.ഇ.ബി മലപ്പുറം സ്പെഷൽ പാക്കേജ്; മുഴുവൻ പദ്ധതികളും ടെൻഡറായില്ല
text_fieldsമലപ്പുറം: ജില്ലയുടെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പ്രഖ്യാപിച്ച കെ.എസ്.ഇ.ബിയുടെ മലപ്പുറം സ്പെഷൽ പാക്കേജ് പദ്ധതിയിൽ മുഴുവൻ പദ്ധതികളും ടെൻഡർ പൂർത്തിയായില്ല. നിലമ്പൂർ, മഞ്ചേരി, തിരൂർ കെ.എസ്.ഇ.ബി സർക്കിളുകളിലായി 14 പദ്ധതികളിൽ അഞ്ചെണ്ണം റീ ടെൻഡറിനായി നീട്ടിയിരിക്കുകയാണ്. ഒമ്പത് പദ്ധതികൾ ടെൻഡർ നിർണയ നടപടികളിലുമാണ്. നിലമ്പൂരിൽ ഒന്ന്, മഞ്ചേരി മൂന്ന്, തിരൂർ ഒന്ന് എന്നിങ്ങനെയാണ് റീ ടെൻഡർ നടപടികൾക്കായി നീട്ടിയത്. നിലമ്പൂരിൽ അഞ്ച്, മഞ്ചേരി മൂന്ന്, തിരൂർ ഒന്ന് എന്നിങ്ങനെയാണ് ടെൻഡർ നിർണയം പുരോഗമിക്കുന്ന പദ്ധതികൾ. നിലമ്പൂരിൽ അകമ്പാടം സെക്ഷനിലെ ചാലിയാർ ഫീഡറിന്റെ റീ കണ്ടക്ടറിങ് പ്രവൃത്തിയാണ് ടെൻഡർ നടക്കാതെ വന്നത്. മഞ്ചേരിയിൽ മൂന്ന് പദ്ധതികളിൽ ടെൻഡറിൽ പങ്കെടുക്കാൻ ആളില്ലാതെ വന്നതോടെ തീയതി നീട്ടി. തിരൂരിലെ ഒന്നിൽ ആദ്യ ടെൻഡർ നടക്കാതെ വന്നതോടെ റീ ടെൻഡറിന് കൈമാറി.
ജില്ലയിൽ 410.93 കോടി രൂപയാണ് മലപ്പുറം സ്പെഷൽ പാക്കേജിനായി കെ.എസ്.ഇ.ബി.എൽ അനുമതി നൽകിയത്. 2024 മുതൽ 2027 വരെയുള്ള കാലയളവിൽ ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കാൻ നിശ്ചയിച്ചത്. വേനലിൽ ജില്ല നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം എന്ന നിലക്കാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
വേനലിൽ ജില്ലയിൽ വൈദ്യുതി ഉപയോഗം റെക്കോഡിലെത്തുകയാണ് പതിവ്. ആവശ്യം കൂടുന്നതിനുസരിച്ച് വൈദ്യുതി എത്തിക്കാൻ വകുപ്പ് ഏറെ പ്രയാസം നേരിടുകയാണ്. ഉപയോഗം കൂടുന്നതിനനുസരിച്ച് പലയിടങ്ങളിലും വോൾട്ടേജ് ക്ഷാമവും പതിവാണ്. ഇവ മറികടക്കാനാണ് പാക്കേജ് പ്രഖ്യാപിച്ചത്. വേഗത്തിൽ പദ്ധതി യാഥാർഥ്യമാക്കാനാണ് അധികൃതർ ലക്ഷ്യമിട്ടതെങ്കിലും ടെൻഡർ വൈകുന്നതോടെ പദ്ധതി നീളും. മലപ്പുറം പാക്കേജിൽ 257.52 കോടി തിരൂർ സർക്കിളിനും 113.23 കോടി മഞ്ചേരി സർക്കിളിനും 40.18 കോടി നിലമ്പൂർ സർക്കിളിനുമാണ് അനുവദിച്ചിട്ടുള്ളത്. തിരൂരിൽ 2024-25 വർഷത്തിൽ 103.42 കോടി, 2025-26ൽ 88.97 കോടി, 2026-27ൽ 65.13 കോടിയുമാണ്. മഞ്ചേരിയിൽ 2024-25ൽ 76.52 കോടിയും 2025-26ൽ 36.71 കോടിയുമുണ്ട്. നിലമ്പൂരിൽ 2024-25ൽ 23.74 കോടിയും 2025-26ൽ 16.44 കോടിയുമാണ് വകയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

