കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് വേണം
text_fieldsമലപ്പുറം: കോട്ടപ്പുഴ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നിലവിലെ നഷ്ടപരിഹാരത്തിന് പുറമെ പ്രത്യേക ധനസഹായവും ദുരിതാശ്വാസ പാക്കേജും അനുവദിക്കണമെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം. ദുരന്തത്തിൽ ആറു മനുഷ്യജീവനുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ കുടുംബങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധി പരിഗണിച്ച് അടിയന്തര സഹായം ഉറപ്പാക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. ആറു ജീവനുകൾ കവർന്ന നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്ന് തീരാനഷ്ടത്തിന്റെ വേദനയിലാണ്. മരിച്ചവരിൽ പലരും കുടുംബങ്ങളുടെ പ്രധാന വരുമാന ആശ്രയമായിരുന്നതിനാൽ അവരുടെ അകാലവിയോഗം കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബങ്ങളുടെ അടിയന്തര ജീവിതച്ചെലവുകൾ, ഭാവിയിലെ ഉപജീവനപ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് പ്രത്യേക സഹായ പദ്ധതി ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു. മൂത്തേടം ഡിവിഷൻ ജില്ല പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ അവതരിപ്പിച്ച പ്രമേയം വഴിക്കടവ് ഡിവിഷൻ അംഗം എൻ.എ. കരീം പിന്താങ്ങി. മരിച്ചവർക്കായി മൗനപ്രാർഥന നടത്തിയാണ് യോഗം തുടങ്ങിയത്. ദുരന്തബാധിത ഇടങ്ങളിൽ അടിയന്തര ഇടപെടൽ നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും സംസ്ഥാന സർക്കാറിനും യോഗം നന്ദി അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി, സ്ഥിരസമിതി അധ്യക്ഷരായ ഷാഹിന നിയാസി, പി.കെ. അസ്ലു, ആലിപ്പറ്റ ജമീല, കെ.ടി. അജ്മൽ, അംഗങ്ങളായ വെട്ടം ആലിക്കോയ, എൻ.എ. കരീം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

