കോട്ടപ്പടി താലൂക്ക് ആശുപത്രി; ഡയാലിസിസ് കേന്ദ്രത്തിന് കാത്തിരിപ്പ് നീളുന്നു
text_fieldsമലപ്പുറം: താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. ഡയാലിസിസ് കേന്ദ്രത്തിന് ആവശ്യമായ കെട്ടിടം നിർമിക്കാൻ സ്ഥല പരിമിതിയുണ്ടെന്നും നിലവിലെ ഒ.പി ബ്ലോക്കിന് മുകളിൽ നാലാം നിലയിൽ ആവശ്യമായ ഭൗതിക സൗകര്യങ്ങളോടെ പുതിയ ഫ്ലോർ നിർമിച്ച് ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ ആവശ്യമായ എസ്റ്റിമേറ്റ് എൽ.എസ്.ജി.ഡി എൻജിനീയർ മുഖേന തയാറാക്കി നൽകാൻ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നേരത്തെ നിർദേശിച്ചിരുന്നു.
ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം), മലപ്പുറം ആശുപത്രി സൂപ്രണ്ട് എന്നിവരോടാണ് എസ്റ്റിമേറ്റ് ആവശ്യപെട്ടതെന്നും ഇത് ലഭിക്കുന്ന മുറക്ക് ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാൻ നടപടി സ്വീകരിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. എന്നാൽ തുടർനപടികൾ മുന്നോട്ടുപോയില്ലെന്നാണ് വ്യക്തമാകുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചോദ്യത്തിന് നിലവില്‍ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിന് സ്ഥല സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം ഏറ്റെടുത്ത് പുതിയ കെട്ടിടം നിർമിക്കേണ്ടതുണ്ടെന്നാണ് മറുപടി. സ്ഥലം ലഭ്യമായാല്‍ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കാൻ ത്വരിത നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സർക്കാർ മറുപടിയിലുണ്ട്. എന്നാൽ അനന്തമായി നടപടികൾ ഇഴയുന്നതിൽ വിമർശനം ഉയർന്നിട്ടുണ്ട്.
മലപ്പുറം മുനിസിപ്പാലിറ്റിയിലും കോഡൂർ പഞ്ചായത്ത് ഉൾപ്പെടെ പരിസര പ്രദേശങ്ങളിലുമായി നിരവധി രോഗികളാണ് ജീവൻ നിലനിർത്താൻ പാതിരാത്രികളിലുൾപ്പെടെ ദൂരെ ഉള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഡയാലിസിസിനായി കാത്തുനിൽക്കുന്നത്.
സർക്കാർ മേഖലയിൽ ജില്ലയിൽ 10 ആശുപത്രികളിലാണ് ഡയാലിസിസ് യൂനിറ്റ് പ്രവർത്തിക്കുന്നത്. ജില്ല ആസ്ഥാനത്തിനടുത്ത് സർക്കാർ മേഖലയിൽ 25 കിലോമീറ്റർ അകലെ പെരിന്തൽമണ്ണയിലും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടോട്ടിയിലുമാണ് നിലവിൽ ഡയാലിസിസ് കേന്ദ്രങ്ങൾ ഉളളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

