കോട്ടപ്പടി ബുക്ക് ഡിപ്പോ കെട്ടിടവും അധ്യാപക ക്വാർട്ടേഴ്സുകളും പൊളിച്ചേക്കും
text_fieldsകോട്ടപ്പടിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക ക്വാർട്ടേഴ്സുകൾ
മലപ്പുറം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ തകർന്ന് വീഴാറായ കോട്ടപ്പടി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനടുത്തെ പഴയ ബുക്ക് ഡിപ്പോയും അധ്യാപക ക്വാർട്ടേഴ്സുകളും പൊളിച്ചുമാറ്റിയേക്കും. ഇവിടെ കൂടുതൽ സൗകര്യങ്ങളോടെ പുതിയ ബുക്ക് ഡിപ്പോയും കോൺഫറൻസ് ഹാളുമോ അല്ലെങ്കിൽ ബഡ്സ് സ്കൂളോ നിർമിക്കാമെന്ന് കാണിച്ച് ജില്ല വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം സമർപ്പിച്ചു.
ബുക്ക് ഡിപ്പോ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായെങ്കിലും നടപടിയെടുക്കണമെങ്കിൽ കെട്ടിടത്തിനകത്ത് എന്തെല്ലാമുണ്ട് എന്നതിന്റെ മഹസർ ആദ്യം തയാറാക്കണം. ഇഴജന്തുക്കളുടെ ശല്യം ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ സുരക്ഷക്ക് കെട്ടിടം ഭീഷണിയാണെന്നു കാണിച്ച് ബോയ്സ് സ്കൂൾ അധികൃതർ ജില്ല വിദ്യാഭ്യാസ വകുപ്പിന് നേരത്തെ പരാതി നൽകിയിരുന്നു. വിഷയം ജില്ല കലക്ടറുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം നിലയിൽനിന്ന് പാമ്പിനെ പിടികൂടിയിരുന്നു. തുടർന്ന് രണ്ട് മാസങ്ങൾക്ക് മുമ്പ് ബുക്ക് ഡിപ്പോ കെട്ടിടത്തിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ടിലധികം പാമ്പുകളെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ തുടർനടപടി എടുക്കണമെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണം. വർഷങ്ങളായി ഉപയോഗ ശൂന്യമാണ് ജില്ല ആസ്ഥാനത്തെ ബുക്ക് ഡിപ്പോയും അധ്യാപകർക്കായി വിദ്യാഭ്യാസ വകുപ്പ് നിർമിച്ച ആറ് ക്വാർട്ടേഴ്സുകളും.
പാമ്പും പഴുതാരയും തെരുവുനായ്ക്കളുമാണ് ഇപ്പോൾ ഈ കെട്ടിടങ്ങളിലെ താമസക്കാർ. നേരത്തെ രണ്ട് ക്വാർട്ടേഴ്സുകളിൽ അധ്യാപക കുടുംബം താമസിച്ചിരുന്നു. ഒരു കുടുംബം 2018ൽ ഒഴിഞ്ഞുപോയി. മറ്റൊരു കുടുംബം 2019ലെ പ്രളയത്തിൽ പ്രദേശത്തു വെള്ളം കയറിയതിനെത്തുടർന്നാണു ഒഴിഞ്ഞത്. മറ്റു ക്വാർട്ടേഴ്സുകളിൽ വർഷങ്ങളായി താമസമില്ല. ശക്ത്തമായ ഒരു കാറ്റു വീശിയാൽ തകർന്നു വീഴുന്ന അവസ്ഥയിലാണ് കോട്ടപ്പടിയിലെ ശിക്ഷക് സദന് സമീപത്തെ ക്വാർട്ടേഴ്സുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.