നഗരസഭക്ക് സ്ഥലമില്ല; സർക്കാറിന് പണവും , പ്രതീക്ഷ മങ്ങി കോട്ടക്കുന്നിലെ കുടുംബങ്ങൾ
text_fieldsമലപ്പുറം: 2019ൽ മൂന്ന് ജീവനുകൾ മണ്ണിലകപ്പെട്ട് പൊലിഞ്ഞ കോട്ടക്കുന്നിലെ പുനരധിവാസ നടപടികൾ ഇനിയും വൈകും. ശനിയാഴ്ച നടന്ന നഗരസഭ കൗൺസിലിലും പുനരധിവാസം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്താൻ കഴിയാതെ വന്നതോടെ ആശങ്കയിലായത് കോട്ടക്കുന്നിലെ കുടുംബങ്ങളാണ്. നിലവിൽ സർക്കാറിൽനിന്നോ നഗരസഭയിൽനിന്നോ ഒരു ഉറപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്.
ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ഈ പാക്കേജ് സ്വീകാര്യമല്ലാത്ത കുടുംബങ്ങളാണ് ഇവിടുത്തെ താമസക്കാരിൽ ഭൂരിപക്ഷവും. പത്ത് ലക്ഷത്തിന് സ്ഥലം വാങ്ങി വീടുവെക്കുകയെന്ന കാര്യം നിലവിൽ അപ്രായോഗികമാണെന്ന് കുടുംബങ്ങൾ സൂചിപ്പിച്ചു. ഭൂമി വിലയും നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും പരിഗണിക്കുമ്പോൾ നഗരത്തിന് പുറത്തുപോലും ഈ തുകയിൽ വീടും സ്ഥലവും ലഭിക്കില്ല. അതിനാൽ കോട്ടക്കുന്ന് പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് സർക്കാറോ നഗരസഭയോ കൊണ്ടുവരണമെന്നാണ് കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.
വിദേശത്തും ജോലി ചെയ്തും മറ്റും പലരും വാങ്ങിയ ആസ്തിക്ക് സർക്കാർ തുച്ഛമായ വിലയിടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് കുടുംബങ്ങളുടെ നിലപാട്. പുനരധിവസിപ്പിക്കുകയാണെങ്കിൽ കോട്ടക്കുന്നിലെ ഭൂമി അതത് കുടുംബങ്ങളുടേതായി നിലനിർത്തി മറ്റൊരിടത്ത് താമസയോഗ്യമായ ഭൂമി കണ്ടെത്തണമെന്ന അഭിപ്രായവും ചിലർക്കുണ്ട്. ഭാവിയിൽ കൃഷി ആവശ്യങ്ങൾക്ക് കുന്നിൻ ചെരിവിലെ ഭൂമി വിനിയോഗിക്കാൻ കഴിയുമെന്നാണ് ഇവരുടെ പക്ഷം.
കോട്ടക്കുന്നിലെ അശാസ്ത്രീയമായ നിർമാണങ്ങളാണ് 2019ലെ ദുരന്തത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ ചിലർ കുന്നിൻമുകളിൽ നിന്നുള്ള വെള്ളം ഒഴുകി പോകാനുള്ള സമഗ്ര പദ്ധതി ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. താൽപര്യപ്പെടുന്ന കുടുംബങ്ങളെ മാത്രം പുനരധിവസിപ്പിച്ച് ബാക്കി കുടുംബങ്ങൾക്കുള്ള സുരക്ഷ ഒരുക്കണമെന്നാണ് റെസിഡൻറ് അസോസിയേഷൻ പറയുന്നത്. ഇതിനായി പ്രദേശത്ത് പ്രത്യേക അദാലത്ത് സംഘടിപ്പിക്കാൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് കോട്ടക്കുന്ന് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി മലയിൽ ഹംസ അറിയിച്ചു.
എല്ലാ കാലത്തും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി താമസിക്കുകയെന്ന നയം അംഗീകരിക്കില്ലെന്നും പ്രശ്നത്തിൽ തീരുമാനമെടുക്കാത്ത പക്ഷം കുടുംബങ്ങൾ ഒരുമിച്ച് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, കോട്ടക്കുന്നിലെ കുടുംബങ്ങളുടെ കാര്യത്തിൽ സർക്കാർ ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് ഉബൈദുല്ല എം.എൽ.എ പറഞ്ഞു. മഴ ശക്തി പ്രാപിക്കുമ്പോൾ തുടരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി താമസിക്കേണ്ടി വരുന്ന കുടുംബങ്ങളുടെ പ്രയാസമടക്കം കണക്കിലെടുത്ത് ഈ മാസം എട്ടിന് വീണ്ടും റവന്യൂ, ടൂറിസം മന്ത്രിമാർക്ക് കത്ത് നൽകിയതായും എന്നാൽ, ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

