കൂളാക്കാൻ കോട്ടക്കുന്ന്
text_fieldsകോട്ടക്കുന്നിൽ വിശ്രമിക്കാനെത്തിയയാൾ
മലപ്പുറം: സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ ഊഷ്മളസ്മരണകളുറങ്ങുന്ന കോട്ടക്കുന്നാണ് ഈ പെരുംചൂടുകാലത്ത് ജനങ്ങൾക്ക് ആശ്വാസത്തുരുത്താകുന്നത്. ഇവിടെ ചോല വിരിച്ചു നിൽക്കുന്ന മരങ്ങൾ സന്ദർശകർക്കേകുന്ന തണുപ്പ് വിലമതിക്കാനാവാത്തതാണ്. സന്ദർശകർക്ക് മടങ്ങിപ്പോകാൻ തോന്നാത്തത്ര സുഖകരമാണ് ഇവിടുത്തെ അന്തരീക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ 36 ഡിഗ്രി സെൽഷ്യസാണ് മലപ്പുറത്തെ ചൂട്. ഇതു താങ്ങാനാവാതെ എരിപിരിയിലാണ് നാട്. 33 ഏക്കറിലധികം വരുന്ന കോട്ടക്കുന്നിൽ വ്യത്യസ്തയിനം തണൽ മരങ്ങളാണ് സന്ദർശകർക്ക് ആശ്വാസമേകുന്നത്. വാക, മന്ദാരം, ബദാം, എരണി, ഉങ്ങ്, നീർമരുത്, അശോക വൃക്ഷം എന്നിവയാണ് ഇവയിൽ കൂടുതലും. തണുപ്പുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന വാൽനട്ടും കൂട്ടത്തിലുണ്ട്. വർഷം തോറും രണ്ടായിരം മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്. വൃക്ഷങ്ങൾക്ക് പുറമെ മനോഹാരിത നിലനിർത്തുന്ന പൂച്ചെടികളും പൂമരങ്ങളുമുണ്ട്. എണ്ണിയാലൊടുങ്ങാത്തയത്ര മരങ്ങളുളള ഇവിടെ ജലസേചനത്തിന് കിണർ ഇല്ല. റീസൈക്കിളിങ് കഴിഞ്ഞ് വരുന്ന വെള്ളമാണ് ഇവ പരിപാലിക്കാൻ ഉപയോഗിക്കുന്നത്.
കോട്ടക്കുന്നിൽ സായാഹ്നം ചിലവഴിക്കാൻ വരുന്നവരുടെ എണ്ണം കൂടുകയാണ്. മുൻവർഷങ്ങൾ അപേക്ഷിച്ച് സന്ദർശകർ കൂടി. ശനി, ഞായർ ദിവസങ്ങളിലാണ് സന്ദർശകരേറെ. വിശേഷ ദിവസങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും വലിയ തിരക്കാണ്. രാവിലെ എട്ട് മുതൽ രാത്രി 10 വരെ തുറന്നു പ്രവർത്തിക്കുന്നു. വൈകീട്ട് നാല് മുതലാണ് സന്ദർശകരുടെ തിരക്കേറുക. ചൂടിന്റെ കാഠിന്യമേറുന്നതിനനുസരിച്ച് സഞ്ചാരികളുടെ ഒഴുക്കും കൂടുന്നു.
ലളിതകല ആർട്ട് ഗാലറി, കുട്ടികൾക്കായുള്ള എന്റർടെയ്ൻമെന്റ് സോണുകൾ, സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അഡ്വെഞ്ച്വർ സോൺ തുടങ്ങിയവ ആകർഷണങ്ങളാണ്. ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഏഴിനും എട്ടിനും ഒമ്പതിനും ലേസർ ഷോ ഉണ്ട്. ഒരാൾക്ക് 25 രൂപയാണ് ടിക്കറ്റ് നിരക്ക്. അതിവിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്. നിലവിൽ പ്രവേശന നിരക്ക് 20 രൂപയാക്കി.
18 വർഷങ്ങൾക്കപ്പുറം മൊട്ടക്കുന്നായിരുന്ന കോട്ടക്കുന്നിനെ പച്ചക്കുന്നാക്കുന്നതിൽ മലപ്പുറം ഡി.ടി.പി.സി മുഖ്യ പങ്കുവഹിച്ചതായി കോട്ടക്കുന്ന് പാർക്ക് മാനേജർ അൻവർ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

